രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഐഡിയ സെല്ലുലാര്‍ കമ്പനിയുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ ലാഭത്തില്‍ ഇടിവ്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഐഡിയ അറ്റാദയത്തില്‍ പതിനെട്ട് ശതമാനത്തിന്റെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇക്കാലയളവില്‍ കമ്പനിയുടെ അറ്റാദായ വരുമാനം 180 കോടി രൂപയാണ്. ഇതിന് മുന്‍ വര്‍ഷം ഇക്കാലയളവില്‍ കമ്പനിയുടെ അറ്റാദായം 220 കോടി രൂപയായിരുന്നു.
അതേസമയം, സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ കമ്പനിയുടെ മൊത്തവരുമാനം വര്‍ധിച്ചു. മൊത്തവരുമാനം 21 ശതമാനം വര്‍ധിച്ച് 3,659 കോടിയിലെത്തിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരായ ഐഡിയ ത്രീജി സേവനം കൂടി തുടങ്ങുന്നതോടെ മികച്ച നേട്ടം കൈവരിക്കുമെന്നാണ് കരുതുന്നത്. പതിനൊന്ന് കേന്ദ്രങ്ങളിലാണ്‍ ഐഡിയ ത്രീജി സേവനം തുടങ്ങുന്നത്. ഈ വര്‍ഷം അവസാനത്തോട് കൂടി ത്രീജി സേവനം ലഭ്യമാക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു.
ഐഡിയ ഉപയോക്താക്കളുടെ ശരാശരി വരുമാനം ഇടിഞ്ഞു 167 രൂപയിലെത്തി. മുന്‍ പാദത്തില്‍ ഇത് 182 രൂപയായിരുന്നു. ഇനിയുള്ള പാദങ്ങളില്‍ മികച്ച നേട്ടം കൈവരിക്കാനാകുമെന്നാണ് കരുതുന്നതെന്ന് ഐഡിയ എം ഡി സജ്ഞീവ് അഗ പറഞ്ഞു. പുതിയ ടെലികോം കമ്പനികള്‍ സജീവമായതോടെയാണ് വരുമാനത്തില്‍ ഇടിവുണ്ടായത്. കാള്‍ നിരക്കുകള്‍ കുറച്ചതും ലാഭം കുറയ്ക്കാന്‍ കാരണമായി.