എല്‍പിജി സബ്സിഡി കിട്ടണമെങ്കില്‍ ആധാര്‍ നിര്‍ബന്ധം

വ്യാഴം, 16 മെയ് 2013 (17:06 IST)
PTI
PTI
കേരളത്തിലെ വയനാടും പത്തനംതിട്ടയുമടക്കം രാജ്യത്തെ 20 ജില്ലകളില്‍ ജൂണ്‍ ഒന്നു മുതല്‍ എല്‍പിജി സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുന്ന പദ്ധതി നടപ്പാക്കുകയാണ്. ആധാര്‍ നമ്പര്‍ എടുത്ത് ബാങ്കുകള്‍ക്കും പാചകവാതക ഏജന്‍സികള്‍ക്കും കൈമാറാത്തവര്‍ക്ക് ഇനി ഗ്യാസ് സബ്സിഡി കിട്ടില്ല. പെട്രോളിയം മന്ത്രി എം വീരപ്പമൊയ് ലിയാണ് ആധാര്‍ നിര്‍ബന്ധമാണെന്ന് വ്യക്തമാക്കിയത്.

കൂടുതല്‍ ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുകയാണ്, അതിനാല്‍ ആധാര്‍ നമ്പര്‍ എടുക്കാത്തവര്‍ അടിയന്തരമായി അതിന് പേര് രജിസ്റ്റര്‍ ചെയ്യണം. സബ്സിഡി കിട്ടാന്‍ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുടങ്ങുകയും
എല്‍ പി ജി കണ്‍സ്യൂമര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന് ഗ്യാസ് ഏജന്‍സിക്കു ആധാര്‍ നമ്പര്‍ കൈമാറുകയും വേണം.

അവരവരുടെ ആധാര്‍ നമ്പര്‍, കണ്‍സ്യൂമര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ പരസ്പരം ഇന്‍റര്‍നെറ്റില്‍ ബന്ധിപ്പിച്ചോ എന്ന് അറിയാന്‍ അതത് ഗ്യാസ് കമ്പനികളുടെ വെബ്സൈറ്റില്‍ നിന്നു സാധിക്കും.

ജൂണ്‍ ഒന്നിന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്ത ഉപയോക്താകള്‍ക്ക് മൂന്നുമാസത്തെ സാവകാശം കൂടി അനുവദിക്കും. 915 രൂപ വിലയുള്ള പാചകവാതം സബ്സിഡി കഴിച്ചുള്ള 440 രൂപക്കാണ് ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് കിട്ടുന്നത്.

സിലിണ്ടര്‍ ബുക് ചെയ്യുമ്പോള്‍ വിപണിയിലെ വില തന്നെ ഏജന്‍സിക്ക് നല്‍കണം. ആധാര്‍ നമ്പര്‍ ഗ്യാസ് ഏജന്‍സിയിലും ബാങ്കിലും നല്‍കിക്കഴിഞ്ഞവര്‍ക്ക് ബുക് ചെയ്യുമ്പോള്‍ ഒറ്റത്തവണ സബ്സിഡി അഡ്വാന്‍സ് ബാങ്ക് അക്കൗണ്ടിലൂടെ നല്‍കും. ഗ്യാസ് ഉപയോക്താവിന് നല്‍കിക്കഴിയുമ്പോള്‍ സബ്സിഡി തുക വീണ്ടും അക്കൗണ്ടിലേക്ക് എത്തും.വര്‍ഷത്തില്‍ ഒമ്പതു സിലിണ്ടറാണ് സബ്സിഡി നിരക്കില്‍ നല്‍കുക. അതുകഴിഞ്ഞും സിലിണ്ടര്‍ ബുക് ചെയ്യുന്നതിന് തടസ്സമില്ല.

താമസിയാതെ മറ്റു സബ്സിഡി വിതരണങ്ങളും പാചകവാതക സിലിണ്ടറിന്‍െറ കാര്യം പോലെ തന്നെയാകും. ആധാര്‍ നിര്‍ബന്ധമല്ലെന്നു സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ആനുകൂല്യങ്ങള്‍ അക്കൗണ്ടിലേക്ക് കിട്ടണമെങ്കില്‍ ആധാര്‍ നമ്പരുണ്ടായെ പറ്റൂ.

വെബ്ദുനിയ വായിക്കുക