എണ്ണവില 132 ഡോളറായി കുറഞ്ഞു

ആഗോള എണ്ണ വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ നേരിയ കുറവുണ്ടായി - വില 132 ഡോളറായി താണു. അമേരിക്കയിലെ എണ്ണയുടെ കരുതല്‍ ശേഖരത്തിലെ ഡീസലിന്‍റെ അളവില്‍ വര്‍ദ്ധന രേഖപ്പെടുത്തിയതോടെയാണ് വില വീണ്ടും താഴേക്ക് പോയത്.

എണ്ണ ശേഖരം മെച്ചപ്പെടുത്താന്‍ അമേരിക്ക വന്‍ തോതില്‍ ക്രൂഡോയില്‍ വാങ്ങിക്കൂട്ടുമെന്നായിരുന്നു അഭ്യൂഹങ്ങള്‍ നിലനിന്നത്. എന്നാല്‍ അമേരിക്ക വിപണിയിലേക്ക് അതിവേഗം ഈ ആവശ്യവുമായി വരില്ല എന്നറിഞ്ഞതോടെ വിലയിലും ഇടിവുണ്ടായി. ഇതോടെ എണ്ണ വില വീപ്പയ്ക്ക് 132 ഡോളറായി കുറഞ്ഞു.

കഴിഞ്ഞ നാലു ദിവസങ്ങളിലായി 4 ഡോളറിന്‍റെ കുറവാണുണ്ടായത്. ബുധനാഴ്ച വിപണി അവസാനിച്ച സമയത്ത് അമേരിക്കന്‍ വിപണിയില്‍ ക്രൂഡ് വില വീപ്പയ്ക്ക് 1.71 ഡോളര്‍ നിരക്കില്‍ കുറഞ്ഞ് 132.30 എന്ന നിലയിലേക്കാണ് താണത്. കഴിഞ്ഞ തിങ്കളാഴ്ച ക്രൂഡോയില്‍ വില എക്കാലത്തെയും ഉയര്‍ന്ന വിലയായ 140 ഡോളറിലെത്തിയിരുന്നു.

ഇതിനൊപ്പം ലണ്ടന്‍ വിപണിയിലും വില ഇടിഞ്ഞു - 1.13 ഡോളര്‍ കുറഞ്ഞ് 132.59 ഡോളറായി താണു.

എങ്കിലും അമേരിക്കയിലെ ക്രൂഡോയിലിന്‍റെ കരുതല്‍ ശേഖരത്തില്‍ തുടര്‍ച്ചയായ അഞ്ചാം ആഴ്ചയും ഇടിവാണ് നേരിട്ടിരിക്കുന്നത്. അമേരിക്കയിലെ റിഫൈനറികളുടെ ആവശ്യം ഉയര്‍ന്നതാണ് കരുതല്‍ ശേഖരത്തില്‍ കുറവുണ്ടാകാന്‍ കാരണം.

ജൂലൈ മുതല്‍ എണ്ണ ഉല്‍പ്പാദനം പ്രതിദിനം 2 ലക്ഷം വീപ്പ വീതം വര്‍ദ്ധിപ്പിക്കാമെന്ന് സൌദി അറേബ്യ വെളിപ്പെടുത്തിയതും എണ്ണ വില കുറയാനിടയാക്കിയിട്ടുണ്ട്.

ഇതിനെതിരെ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെകിലെ ഇറാന്‍ പ്രതിനിധി വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ മറ്റ് ഒപെക് രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇറാന്‍ പ്രതിനിധിയെ പിന്‍‌തുണച്ചേക്കുമെന്നും സൂചനയുണ്ട്.

വെബ്ദുനിയ വായിക്കുക