എടിഎമ്മുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് പ്രത്യേക നിരക്ക് ഈടാക്കാനുള്ള ബാങ്കുകളുടെ നീക്കം അന്യായമാണെന്ന് റിസര്‍വ് ബാങ്ക്
വെള്ളി, 10 ജനുവരി 2014 (09:57 IST)
PRO
PRO
സ്വന്തം എടിഎമ്മുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് ഉപഭോക്താക്കളില്‍നിന്ന് പ്രത്യേക നിരക്ക് ഈടാക്കാനുള്ള ബാങ്കുകളുടെ നീക്കം അസംബന്ധവും അന്യായവുമാണെന്ന് റിസര്‍വ് ബാങ്ക്. പണം പിന്‍വലിക്കാന്‍ നിരക്ക് ഏര്‍പ്പെടുത്താനുള്ള ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ നീക്കത്തോട് യോജിക്കാനാവില്ല; അതും ബാങ്കുകളുടെ സ്വന്തം എടിഎമ്മുകളില്‍നിന്ന്. ലോകത്ത് ഒരിടത്തും ഇങ്ങനെയൊരു സമ്പ്രദായം നിലവിലുണ്ടാവില്ലെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ കെ സി ചക്രവര്‍ത്തി പറഞ്ഞു.
ഇടപാടുകാരന്‍ പണം പിന്‍വലിക്കുന്നത് അത്രയ്ക്ക് ചെലവുള്ള കാര്യമാണെങ്കില്‍ നിങ്ങള്‍ ബാങ്ക് ശാഖയില്‍ ഇടപാടിനായി ചെല്ലുന്നതിനും അവര്‍ പ്രത്യേകനിരക്ക് ഏര്‍പ്പെടുത്താനിടയുണ്ട്. കൂടുതല്‍ ബാങ്കുകള്‍ നിലവില്‍ വരികയും ഈരംഗത്ത് മത്സരം ശക്തമാവുകയും ചെയ്താലേ ഇത്തരം ഏകപക്ഷീയമായ നീക്കം അവസാനിപ്പിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മുകളില്‍ ഇടപാടിന് പരിധിയില്ല. ഇത് മാസത്തില്‍ അഞ്ചാക്കി പരിമിതപ്പെടുത്താനും അതില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുമാണ് ബാങ്കുകള്‍ ആലോചിക്കുന്നത്. എടിഎമ്മുകള്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ചെലവ് കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഈ നീക്കം. സുരക്ഷ ഏര്‍പ്പെടുത്താന്‍ മാത്രം ബാങ്കുകള്‍ക്ക് പ്രതിമാസം മൊത്തം 4,000 കോടി രൂപയുടെ അധികച്ചെലവ് വരുമെന്നാണ് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ പറയുന്നത്.
എന്നാല്‍, ഇതുസംബന്ധിച്ച് ബാങ്കുകളില്‍നിന്ന് റിസര്‍വ് ബാങ്കിന് ഇതുവരെ അപേക്ഷയൊന്നും ലഭിച്ചിട്ടില്ല. ഔപചാരികമായി ആവശ്യപ്പെട്ടാല്‍ ഇക്കാര്യം പരിശോധിക്കാന്‍ ആര്‍ബിഐ പ്രത്യേക സമിതിയെ നിയോഗിച്ചേക്കും.