ഇലക്‍ട്രോണിക്സ് വിപണി സജീവമാകുന്നു

ചൊവ്വ, 7 ജൂലൈ 2009 (15:29 IST)
ഓണക്കാലം അടുത്തതോടെ സംസ്ഥാനത്തെ ഇലക്‍ട്രോണിക്സ് വിപണി സജീവമാകുകയാണ്. തിങ്കളാഴ്ചത്തെ ബജറ്റില്‍ ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ക്ക് സഹായകമായ നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതോടെ ലാഭകരമായ ഒരു സീസണ്‍ ഇത്തവണ ഉണ്ടാകുമെന്നാണ് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഉല്‍‌പാദകരുടെയും വ്യാപാരികളുടെയും പ്രതീക്ഷ.

ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നത് ടെലിവിഷന്‍ സെറ്റുകളാണ്. വമ്പന്‍ ഓഫറുകളും ഓണക്കാലങ്ങളില്‍ ടെലിവിഷന്‍ കമ്പനികള്‍ പ്രഖ്യാപിക്കും. ഈ ഓഫര്‍ മുതലാക്കാനായി ജനങ്ങള്‍ വിപണിയില്‍ തിരക്കുകൂട്ടുന്നത് പതിവ് കാഴ്ചയാണ്.

ബജറ്റില്‍ എല്‍സിഡി ടെലിവിഷനുകളുടെ കസ്റ്റംസ്‌ തീരുവ വെട്ടിക്കുറച്ച നടപടി ഇത്തവണ ടെലിവിഷന്‍ വിപണിയില്‍ വന്‍ ചലനമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

ടി വി വിപണിയില്‍ എല്‍ സി ഡിക്കാണ് ഇപ്പോള്‍ ഡിമാന്‍ഡ്. കസ്റ്റംസ് തീരുവ കുറച്ചതോടെ കാര്യമായ വിലക്കുറവ് ടെലിവിഷനുകള്‍ക്ക് ഉണ്ടാകും. ഓണക്കാലത്ത് നൂറുകണക്കിന് കോടികളുടെ വ്യാപാരം നടക്കുന്ന ഇലക്ട്രോണിക്സ് വിപണിയ്ക്ക് ഇത്തവണത്തെ ബജറ്റ് നേട്ടമാകുമെന്നാണ് പ്രതീക്ഷ.

വെബ്ദുനിയ വായിക്കുക