ഇന്ത്യയ്ക്ക് ഉള്ളിയില്ല, മലേഷ്യ വിഷമിക്കുന്നു

ഞായര്‍, 9 ജനുവരി 2011 (10:12 IST)
PRO
ഇന്ത്യയില്‍ ഉള്ളി ക്ഷാമം വന്നത് മലേഷ്യക്കാര്‍ക്കും വിഷമമുണ്ടാക്കുന്നു. ക്ഷാമം മൂലം മലേഷ്യയിലേക്കുള്ള ഇന്ത്യന്‍ ചുവന്നുള്ളിയുടെ വരവ് നിലച്ചതാണ് പ്രശ്നമായത്.

മലേഷ്യയില്‍ ചുവന്നുള്ളി പ്രധാനമായും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിന്നാണ്. ഇന്ത്യന്‍ ഉള്ളിയുടെ സ്പൈസി രുചി മലേഷ്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടതുമാണ്. എന്നാല്‍, വെള്ളപ്പൊക്കം മൂലം ഇന്ത്യയില്‍ ഉള്ളിക്ക് ക്ഷാമം നേരിടുന്നത് മലേഷ്യയിലേക്കുള്ള ഉള്ളി വരവിനെ ബാധിച്ചിരിക്കുകയാണ്.

വെള്ളപ്പൊക്കത്തിനു ശേഷം മലേഷ്യയില്‍ ഇറക്കുമതി ചെയ്ത ഇന്ത്യന്‍ ഉള്ളിയില്‍ ഭൂരിഭാഗവും ഉപയോഗ ശൂന്യമായി പോയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഡിസംബര്‍ മുതല്‍ ചില മലേഷ്യന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്ളി ഇറക്കുമതി പുനരാരംഭിച്ചുവെങ്കിലും ഇപ്പോള്‍ വില ഇരട്ടിയാണ്.

ഇന്ത്യയില്‍ നിന്നുള്ള ചുവന്നുള്ളി എന്ന പോലെ ചൈനയില്‍ നിന്നുള്ള വെളുത്തുള്ളിയും മലേഷ്യക്കാര്‍ക്ക് പ്രധാനമാണ്. എന്നാല്‍, ചൈനയിലും കൃഷിനാശം ഉണ്ടായതിനാല്‍ വെളുത്തുള്ളിയുടെ ദൌര്‍ലഭ്യവും മലേഷ്യയെ വലയ്ക്കുന്നു.

വെബ്ദുനിയ വായിക്കുക