സെന്‍സെക്സ് 19950 കടന്നു

തിങ്കള്‍, 29 ഒക്‌ടോബര്‍ 2007 (14:59 IST)
ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ എല്ലാം തന്നെ തിങ്കളാഴ്ച രാവിലെ മുതല്‍ തന്നെ തകര്‍പ്പന്‍ പ്രകടനം നടത്തി മുന്നേറുകയാണ്. സെന്‍സെക്സ് 19,950 എന്ന നില കടന്ന് 20,000 ലേക്ക് അടുക്കുകയാണ്.

തിങ്കളാഴ്ച രാവിലെ വിപണി ആരംഭിച്ച സമയത്ത് സെന്‍സെക്സ് 616 പോയിന്‍റാണ് മുന്നേറിയത്. ഏറേക്കഴിഞ്ഞ് സെന്‍സെക്സ് 3.8 ശതമാനം അഥവാ 730 പോയിന്‍റ് മുന്നേറി 19,984 എന്ന നില വരെ ഉയര്‍ന്നു.

ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 206 പോയിന്‍റ് വര്‍ദ്ധിച്ച് 5,908 എന്ന നിലയിലേക്കുയര്‍ന്നു. ഈ രണ്ട് സൂചികകളും എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ് തിങ്കളാഴ്ച എത്തിയത്.


ഇതേ രീതിയില്‍ സൂചികകള്‍ മുന്നോട്ട് കുതിച്ചാല്‍ സെന്‍സെക്സ് 20,500 വരെ പോകുമെന്ന കണക്കുകൂട്ടലിലാണ് ഈ രംഗത്തെ ചില വിദഗ്ദ്ധര്‍.

എല്‍ ആന്‍റ് ടിയാണ് തിങ്കളാഴ്ച മികച്ച നേട്ടം കൈവരിച്ചത്. കമ്പനിയുടെ ഓഹരി വില 9.9 ശതമാനം കണ്ട് ഉയര്‍ന്നു (383 രൂപാ).

ഭെല്‍, ഒ.എന്‍.ജി.സി., എച്ച്.ഡി.എഫ്.സി. ബാങ്ക്, ടാറ്റാ സ്റ്റീല്‍, എന്‍.ടി.പി.സി.റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് എനര്‍ജി, എ.സി.സി എന്നിവയുടെ ഓഹരികളും തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്.

വെബ്ദുനിയ വായിക്കുക