സെന്‍സെക്സ് 164 പോയിന്‍റ് താണു

തിങ്കള്‍, 30 ജൂണ്‍ 2008 (13:23 IST)
WDWD
ആഭ്യന്തര ഓഹരി വിപണിയില്‍ തിങ്കളാഴ്ച രാവിലെ ആരംഭിച്ച തിരിച്ചടി ഉച്ചയ്ക്കും തുടരുന്നു. ഒരു മണിയോടെ സെന്‍സെക്സ് 164 പോയിന്‍റ് താഴ്ച്ച രേഖപ്പെടുത്തി.

തിങ്കളാഴ്ച രാവിലെ വിപണി ആരംഭിച്ച സമയത്തു തന്നെ തുടങ്ങിയ തിരിച്ചടി ഉച്ചയ്ക്ക് ഒരുമണിയോടെ വര്‍ദ്ധിച്ചു. മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 164.38 പോയിന്‍റ് അഥവാ 1.19 ശതമാനം തിരിച്ചടി നേരിട്ട് 13,637.84 എന്ന നിലയിലേക്ക് താണു.

ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 0.96 ശതമാനം അഥവാ 39.55 പോയിന്‍റ് നഷ്ടത്തില്‍ 4,097.10 എന്ന നിലയിലേക്ക് താണു.

ആഗോള ഓഹരി വിപണിയിലുണ്ടായ കനത്ത തിരിച്ചടിയുടെ പ്രതിഫലനമാണ് ആഭ്യന്തര ഓഹരി വിപണിയിലും ഉണ്ടായതെന്ന് ഓഹരി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

വിപണിയില്‍ വര്‍ദ്ധിച്ച തോതിലുള്ള തിരിച്ചടിയുണ്ടായതില്‍ പ്രധാനപ്പെട്ടത് 4.7 ശതമാനം വീതം നഷ്ടത്തിലായ ടാറ്റാ മോട്ടേഴ്സ്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുടെ ഓഹരികള്‍ക്കാണ്. ഇതിനൊപ്പം എ.സി.സി., എച്ച്.ഡി.എഫ്.സി എന്നിവയുടെ ഓഹരി വില 4.5 ശതമാനവും നഷ്ടത്തിലായി.

ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയ്ക്ക് 4 ശതമാനം വീതം നഷ്ടമുണ്ടായി. ഇതിനൊപ്പം റിലയന്‍സ് ഇന്‍ഫ്രാ, ഡി.എല്‍.എഫ്., മഹീന്ദ്ര, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, അംബുജാ സിമന്‍റ്‌സ്, മാരുതി സുസുക്കി എന്നിവയുടെ ഓഹരികളും നഷ്ടത്തിലേക്ക് പോയി.

സത്യം, ഭെല്‍, ഇന്‍ഫോസിസ് ടെക്നോളജീസ്, ഹിന്‍ഡാല്‍ക്കോ എന്നിവയും നഷ്ടത്തിലാണ്.

വെബ്ദുനിയ വായിക്കുക