വിപണിയില്‍ കാളക്കൂറ്റന്‍‌മാര്‍

വെള്ളി, 29 ഓഗസ്റ്റ് 2008 (17:46 IST)
ഓഹരിവിപണി വെള്ളിയാഴ്ച കാളക്കൂറ്റന്‍‌മാരുടെ കടന്നുകയറ്റത്തിനു സാക്‍ഷ്യം വഹിച്ചു. ആഗോള വിപണിയില്‍ നിന്നുള്ള ശുഭ സൂചകങ്ങളായ വാര്‍ത്തകളാണ് സൂചികകള്‍ ഉയരത്തില്‍ എത്താന്‍ സഹായിച്ചത്.

അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയില്‍ പ്രതീക്ഷിച്ചതിലും മേലെ വളര്‍ച്ച ഉണ്ടാവുമെന്നതും ജാപ്പനീ‍സ് സാമ്പത്തിക വ്യവസ്ഥയെ കുറിച്ചുള്ള ശുഭ പ്രവചനങ്ങളും വിപണിയില്‍ തുടക്കത്തില്‍ തന്നെ ഉയര്‍ച്ചയുടെ സൂചന നല്‍കി. പണപ്പെരുപ്പം കുറഞ്ഞതും വിപണിയില്‍ അനുകൂല തരംഗം ഉണ്ടാക്കി.

ജിഡിപി 7.9 % ശതമാനമായതും വിപണി മുന്നേറ്റത്തിന് വിഘാതമായില്ല. ഭാവി വളര്‍ച്ചയില്‍ പ്രതീക്ഷ അര്‍പ്പിച്ചതുകാരണം റിസര്‍വ് ബാങ്ക് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താഞ്ഞതും വിപണിയിലേക്ക് കാളക്കൂറ്റന്‍‌മാരെ ക്ഷണിച്ചു.

പ്രധാന സൂചികയായ സെന്‍സെക്സ് 225 പോയന്‍റ് ഉയര്‍ച്ചയോടെയാണ് വ്യാപാരം തുടങ്ങിയത്. വിപണി അവസാനിക്കുമ്പോള്‍ 14,564.53 എന്ന നിലയില്‍ 516.19 പോയന്‍റ് ലാഭത്തിലായിരുന്നു സെന്‍സെക്സ് സൂചിക. ദേശീയ സൂചികയായ നിഫ്റ്റി ഇട ദിവസത്തില്‍ 4368.80 എന്ന നിലയില്‍ എത്തിയിരുന്നു. പിന്നീട്, 4360 എന്ന നിലയില്‍ 146 പോയന്‍റ് ലാഭത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

ബാങ്കെക്സ് 6.27% ശതമാനം ഉയര്‍ച്ച നേടി. റിയാലിറ്റി ഇന്‍ഡക്സ് 5.1%, ടെക് ഇന്‍ഡക്സ് 3.6% എന്നീ നിലയില്‍ ഉയര്‍ന്നു. സെന്‍സെക്സില്‍ സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയാണ് ഏറ്റവും അധികം നേട്ടം കൊയ്തത് (7.2%).

വെബ്ദുനിയ വായിക്കുക