നിക്ഷേപകരംഗത്തെ പറ്റി കാര്യമായ ബോധമില്ലാത്തതിനാല്‍ പലരും നന്നായി പെര്‍ഫോം ചെയ്യാത്ത ഷെയറുകളിലും മറ്റും പണം നിക്ഷേപിച്ച് നഷ്ടം വരുത്തിവെക്കാറുണ്ട്. ഷെയറിന്റെ റിസ്ക്ക് ഇല്ലാത്തതും എന്നാല്‍ ഷെയറിന്റെ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നതുമായ മ്യൂച്ചല്‍ ഫണ്ടുകളാണ് നിക്ഷേപകരംഗത്ത് തുടക്കം ഇടുന്നവര്‍ക്ക് അഭികാമ്യം.
ഇത് മനസ്സിലാക്കിയിട്ട് തന്നെയാണെന്ന് തോന്നുന്നു, താരതമ്യേനെ റിസ്ക്ക് കുറഞ്ഞ മ്യൂച്ചല്‍ ഫണ്ടുകളിലേക്കാണ് മധ്യവര്‍ഗ്ഗത്തിന്റെ നോട്ടം.
മ്യൂച്ചല്‍ ഫണ്ടിന്റെ ആകര്‍ഷണീയതകള്‍
ഏറ്റവും കുറഞ്ഞ റിസ്ക്കില്‍ ഏറ്റവും കൂടുതല്‍ ലാഭമാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ ഉത്തരം മ്യൂച്ചല്‍ ഫണ്ടുകളാണ്. ഒരു നിശ്ചിത സമയപരിധിയില്‍ 20 ശതമാനം തൊട്ട് 25 ശതമാനം വളര്‍ച്ചവരെ നിങ്ങള്‍ക്ക് മ്യൂച്ചല്‍ ഫണ്ടുകളില്‍ നിന്ന് ലഭിക്കും.
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റുകളില്‍ (എന്‍എസ്‌ഇ) നിന്നും വിവിധ ബാങ്കുകളില്‍ നിങ്ങളിടുന്ന ഫിക്‌സഡ് ഡിപ്പോസിറ്റില്‍ നിന്നും 10 ശതമാനം വളര്‍ച്ച മാത്രമാണ് നിങ്ങളുടെ പണത്തിന് ലഭിക്കുക.
പോസ്റ്റ് ഓഫീസ് അക്കൌണ്ടിലും ബാങ്കുകളിലും നിങ്ങള്‍ നടത്തുന്ന ഫിക്സഡ് ഡിപ്പോസിറ്റിന് പകരമെന്ന രീതിയിലുള്ള മ്യൂച്ചല്‍ ഫണ്ടുകളാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ (സിപ്). സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ വഴി നിങ്ങള്‍ നിക്ഷേപിക്കുന്ന പണം വിവിധ മാര്‍ക്കറ്റുകളില്‍ നിക്ഷേപിക്കപ്പെടുകയും വിപണി നിലവാരത്തിന് അനുസരിച്ച് നിങ്ങളുടെ നിക്ഷേപം വളരുകയും ചെയ്യുന്നു.
FILE
FILE
ഫണ്ടുകള്‍ എന്തൊക്കെ തരത്തില്‍?
നിരവധി തരത്തിലുള്ള മ്യൂച്ചല്‍ ഫണ്ടുകള്‍ നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കാം. ഷെയറുകളില്‍ മാത്രം നിക്ഷേപം നടത്തുന്ന തരത്തിലുള്ള മ്യൂച്ചല്‍ ഫണ്ടുകള്‍ ഉണ്ട്. ചില മ്യൂച്ചല്‍ ഫണ്ടുകളാവട്ടെ ബോണ്ടുകളിലും ഡിബെഞ്ച്വറുകളിലും നിക്ഷേപം നടത്തുന്നു.
വേറേ ചില മ്യൂച്ചല്‍ ഫണ്ടുകള്‍ നിക്ഷേപകരുടെ റിസ്ക്ക് കുറയ്ക്കാനായി സ്റ്റോക്ക് എക്സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഷെയറുകളില്‍ മാത്രം നിനിക്ഷേപം നടത്തും.
പൊതുവെ മ്യൂച്ചല്‍ ഫണ്ടുകളെ ഓപ്പന്‍ എന്‍ഡഡ് ഫണ്ടുകളെന്നും ക്ലോസ് എന്‍ഡഡ് ഫണ്ടുകളെന്നും തരം തിരിക്കാറുണ്ട്.
ഓപ്പണ്‍ എന്‍ഡഡ് ഫണ്ടുകളെന്നാല്‍ നിങ്ങളുടെ നിക്ഷേപത്തിന് മെച്ചുരിറ്റി കാലാവധി ഇല്ലെന്നും നിങ്ങളുടെ പക്കലുള്ള മ്യൂച്ചല്‍ ഫണ്ടുകള്‍ എപ്പോള്‍ വേണമെങ്കില്‍ വില്‍ക്കുകയോ പുതിയവ വാങ്ങുകയോ ചെയ്യാമെന്നുമാണ് അര്‍ത്ഥം.
2 മുതല്‍ 15 വര്‍ഷം നീളുന്ന മെച്ചുരിറ്റി കാലാവധി ഉള്ളവയായിരിക്കും ക്ലോസ് എന്‍ഡഡ് ഫണ്ടുകള്‍. ഇത്തരം ഫണ്ടുകളില്‍ ഇഷ്യൂ ക്ലോസ് ചെയ്തുകഴിഞ്ഞാല്‍ പിന്നെ പുതിയവ ലഭിക്കില്ല, എന്നാല്‍ കൈയിലുള്ള യൂണിറ്റുകള്‍ എപ്പോള്‍ വേണമെങ്കിലും വിപണിയില്‍ വില്‍ക്കാവുന്നതാണ്.
നിക്ഷേപിക്കാന്‍ തയ്യാറാവാം
പലരും കരുതുന്ന പോലെ മ്യൂച്ചല്‍ ഫണ്ടുകള്‍ ബാലികേറാമലയൊന്നുമല്ല. മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ മറ്റേതൊരു പ്രവര്‍ത്തിയും നിങ്ങളര്‍പ്പിക്കുന്ന ശ്രദ്ധ ഇവിടെയും വേണമെന്ന് മാത്രം. ഷോര്‍ട്ട് ടേമും ലോംഗ് ടേമുമായ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ച് മ്യൂച്ചല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുകയാണ് ആദ്യം വേണ്ടത്.
സുഹൃത്തിന്റെയോ ഇന്‍വെസ്റ്റ്‌മെന്റ് ബ്രോക്കറുടെയോ ഉപദേശം കേട്ട് മ്യൂച്ചല്‍ ഫണ്ട് തിരഞ്ഞെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അവരുടെ ഉപദേശം അവഗണിക്കണമെന്നല്ല. തിരഞ്ഞെടുക്കുന്ന മ്യൂച്ചല്‍ ഫണ്ടിനെ പറ്റി പഠിക്കാന്‍ തീര്‍ച്ചയായും അവരുടെ ഉപദേശം സഹായകമാവാം. എന്നാല്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന മ്യൂച്ചല്‍ ഫണ്ടിനെ പറ്റി പൂര്‍ണ്ണമായൊരു ചിത്രം നിങ്ങള്‍ക്ക് ഉണ്ടാവേണ്ടതാണ്.
ഫണ്ടിന്റെ ട്രാക്ക് റെക്കോഡ് (പഴയകാല പ്രകടനം) ശ്രദ്ധാപൂര്‍വ്വം പഠിക്കുക. മ്യൂച്ചല്‍ ഫണ്ട് തരുന്ന സ്ഥാപനത്തിന്റെ പഴയകാല പ്രകടനവും കണക്കിലെടുക്കേണ്ടതുണ്ട്. ഫണ്ടിന്റെ മൂന്നോ നാലോ കൊല്ലത്തെ ശരാശരി വളര്‍ച്ച പഠിക്കുക. വിപണി തളര്‍ന്ന സന്ദര്‍ഭങ്ങളില്‍ ഫണ്ട് എങ്ങനെ പ്രകടനം നടത്തിയെന്നതും മനസ്സിലാക്കുക.
ഇത്രയും ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്ന ഫണ്ടിനെ പറ്റി പൂര്‍ണ്ണമായൊരു ചിത്രം നിങ്ങള്‍ക്ക് ലഭിക്കും. ഇനി നിക്ഷേപിച്ചോളൂ.