നാനോ മറുവഴി തേടിച്ച ബൈക്കുകള്‍

ചൊവ്വ, 15 ജനുവരി 2008 (18:09 IST)
WDWD
ടാറ്റായുടെ സ്വപ്നസാക്ഷാത്കാരം നടത്തിയ നാനോയുടെ വരവോടെ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ നെട്ടോട്ടം ഓടേണ്ടിവരുന്ന അവസ്ഥ വന്നിരിക്കുകയാണിപ്പോള്‍. ഒരു ലക്ഷം രൂപയുടെ ചെറുകാര്‍ എന്നത് വിപണിയില്‍ ഉപഭോക്താവിനു ലഭിക്കുമ്പോള്‍ ഏകദേശം 1.25 ലക്ഷം രൂപ ആവുമെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഇതൊരു വിലയേ അല്ലെന്ന് തന്നെയാണ് വാഹന ഉടമകളുടെ പക്ഷം.

ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ മിക്കവാറും എല്ലാ കമ്പനികളുടെയും ഇരുചക്രവാഹന വില്‍പ്പന പ്രതിമാസം കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ നാനോയുടെ വരവ്. സാധാരണ ഒരു ബൈക്ക് വാങ്ങാന്‍ പോലും ശരാശരി 40,000 മുതല്‍ 50,000 രൂപ വരെ ചെലവാക്കാന്‍ സാധാരണ ഉപയോക്താക്കള്‍ തയ്യാറായിരിക്കുന്ന സാഹചര്യത്തില്‍ അത്യാവശ്യം ഒരു സന്തുഷ്ട കുടുംബത്തിന് സഞ്ചരിക്കാന്‍ ഒരു ലക്ഷം രൂപയ്ക്കുള്ള കാര്‍ ഉണ്ടായതോടെ ഇത്തരം ഉപയോക്താക്കള്‍ കാര്‍ തേടിപ്പോവാനാണ് സാധ്യത. ഇത് വീണ്ടും ഇരുചക്രവാഹന വില്‍പ്പനയെ സാരമായി ബാധിക്കും എന്നാണു കണക്കാക്കുന്നത്.

ഇത്തരമൊരു പ്രശ്നത്തിനു പരിഹാരമെന്നോണം ഇപ്പോള്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ ബൈക്ക് വിലക്കുറവ് വരുത്തുക അല്ലെങ്കില്‍ ബൈക്കിന്‍റെ ഇന്ധന ചെലവ് കുറയ്ക്കുക എന്ന നിലയിലേക്ക് തിരിയാനുള്ള ശ്രമത്തിലാണിപ്പോള്‍. നിലവിലെ അസംസ്കൃത വസ്തുക്കളുടെ വില്‍ക്കൂടുതലും കയറ്റിറക്ക് കൂലിയിലെ ഗണ്യമായ വര്‍ദ്ധനയും കാരണം ബൈക്ക് വിലക്കുറയ്ക്കുക എന്നത് പ്രായോഗികമല്ല എന്നതാണ് വസ്തുത.

ഇനിയുള്ള ഒരേയൊരു മാര്‍ഗ്ഗം ഇരുചക്രവാഹനങ്ങള്‍ക്കുള്ള ഇന്ധനം സി.എന്‍.ജി ആക്കിയാല്‍ വില്‍പ്പന വര്‍ദ്ധിക്കും എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് ഇപ്പോള്‍ തന്നെ എല്‍.എം.എല്‍., ടി.വി.എസ് എന്നീ കമ്പനികള്‍ വിവിധ സി.എന്‍.ജി കിറ്റ് നിര്‍മ്മാതാക്കളുമായി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ ബൈക്ക് വിപണിയില്‍ ഒന്നാം സ്ഥാനത്തു തുടരുന്ന ഹീറോ ഹോണ്ട ഒരു പടി കൂടി ഈ രംഗത്ത് മുന്നേറിക്കഴിഞ്ഞു. ഹീറോ ഹോണ്ടയുടെ സി.ബി.ഇസഡ് എക്സ്‌ട്രീം മോഡല്‍ സി.എന്‍.ജി കിറ്റ് ഉപയോഗിച്ച് പരീക്ഷണ ഓട്ടം പോലും നടത്തിക്കഴിഞ്ഞു.

2001 ല്‍ തന്നെ ഹീറോ ഹോണ്ട സി.എ.ജി. കിറ്റ് ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടത്തിയിരുന്നതാണ്. 2006 ആയപ്പോഴേക്കും ഈ സംരംഭത്തില്‍ അവര്‍ തീര്‍ത്തും വിജയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ബൈക്കുകളില്‍ സി.എന്‍.ജി കിറ്റ് ഘടിപ്പിച്ച് ഓടിക്കുന്നത് സംബന്ധിച്ച് പ്രത്യേക മാനദണ്ഡങ്ങളോ നിയമങ്ങളോ ഒന്നും നിലവിലില്ലാത്തത് ഒരു പ്രശ്നം തന്നെയാണെന്ന് ഇവര്‍ പറയുന്നു.

ഇരുചക്രവാഹനങ്ങളില്‍ സി.എന്‍.ജി കിറ്റ് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന നിയമങ്ങളും നിബന്ധനകളും ഉടന്‍ തന്നെ നിലവില്‍ വരുമെന്ന കണക്കുകൂട്ടലിലാണ് മറ്റ് ചില കമ്പനികള്‍.

നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് നാനോയുടെ ഇന്ധന ചെലവ് കിലോമീറ്ററിന് രണ്ട് രൂപയ്ക്കും രണ്ടര രൂപയ്ക്കും ഇടയിലാവും എന്നാണ്.

എന്നാല്‍ ബൈക്കുകളില്‍ സി.എന്‍.ജി ഉപയോഗിക്കുമ്പോള്‍ ശരാശരി 70 ശതമാനത്തിലേറെ ഇന്ധനചെലവ് കുറയ്ക്കാം എന്നാണു കണക്കാക്കുന്നത്. ഇതനുസരിച്ച് കിലോമീറ്ററിന് കേവലം 15 പൈസ മാത്രമാവും ഇന്ധന ചെലവ്. ഇത്തരം ഒരു സ്ഥിതി ജനങ്ങളെ കൂടുതലായി ഇരുചക്രവാഹനങ്ങളിലേക്ക് ആകര്‍ഷിക്കും എന്നും കണക്കുകൂട്ടുന്നു.

വെബ്ദുനിയ വായിക്കുക