മിഷിഗണിലെ ഡിയര്‍ബോണ്‍ പട്ടണത്തിനടുത്ത് സമൃദ്ധമായ കൃഷിയിടങ്ങളുള്ള കര്‍ഷക കുടുംബത്തില്‍ നിന്നാണ് ഒരു ചെറുപ്പക്കാരന് ലോകത്തിന്റെ നെറുകയിലേക്ക് വണ്ടിയോടിച്ച് കയറിയത്.
ചെറുപ്പക്കാരനെ നമുക്ക് ഹെന്ട്രിഫോഡെന്നും അവന്റെ സ്വപ്നസഞ്ചാരത്തെ ഫോഡ് മോട്ടോര്‍ കമ്പനിയെന്നും വിളിക്കാം. 1863ല്‍ ജനിച്ച ഫോഡിന്റെ ജന്മദിനമാണ് ജൂലൈ 30.
വില്ല്യമിന്റെയും മേരിഫോഡിന്റെയും ആറു മക്കളില്‍ മൂത്തവനായി ഹെന്‍ട്രി ഫോഡ് ജനിച്ചു. കുട്ടിക്കാലത്തു തന്നെ യന്ത്രപ്പണിയില്‍ താത്പര്യമുണ്ടായിരുന്ന ഫോഡ് അച്ഛന്റെ കടയില്‍ പ്രാഥമിക പാഠങ്ങള്‍ അഭ്യസിച്ചു.
13-ാം വയസ്സിലാണ് സ്വയം ഓടുന്ന ഒരു വണ്ടി - ആവിയന്ത്രത്താല്‍ സ്വയം ചലിക്കുന്ന വണ്ടി ഫോഡ് കണ്ടത്.
1879ല്‍ ഫ്ളവര്‍ ബ്രദേഴ്സ് കമ്പനിയില്‍ മെക്കാനിക്ക് സഹായിയായി ചേര്‍ന്നു. 1882ല്‍ ഡിയര്‍ ബോണിലേക്ക് മടങ്ങിയെത്തി സ്വന്തം കമ്പനിയില്‍ പണിയെടുത്തു. അവിടെ ഫോഡ് വികസിപ്പിച്ചെടുത്ത വലിപ്പം കുറഞ്ഞ ബസ്റ്റിംഗ് ഹൗസ് ആവിയന്ത്രം ഫോഡിന് പുതിയ തുടക്കം നല്കി.
1888ല്‍ ക്ളാരാ ബ്രയന്റിനെ ഫോഡ് വിവാഹം കഴിച്ചു. 1891ല്‍ എഡിസണ് ഇല്ല്യൂമിനേറ്ററിംഗ് കമ്പനിയില്‍ എഞ്ചിനീയറായി ചേര്‍ന്ന ഫോഡ് രണ്ടു വര്‍ഷത്തിനകം കമ്പനിയുടെ ചീഫ് എഞ്ചിനീയറായി ഉയര്‍ന്നു. 1896ല്‍ സ്വയം പ്രവര്‍ത്തിക്കുന്ന ക്വാഡര്‍ സൈക്കിള്‍ യന്ത്രം ഫോഡ് പരീക്ഷിച്ചു.
കുറെ നിക്ഷേപകരെ ചേര്‍ത്ത് ഡിറ്ററോയിറ്റ് ആട്ടോമൊബൈല്‍ കമ്പനി തുടങ്ങിയ ഫോഡിന് തുടക്കം തന്നെ വിജയമായിരുന്നു. കാറോട്ട കമ്പക്കാരനായ ഫോഡ് ഹെന്‍ട്രി ഫോഡ് കമ്പനി എന്ന പേരില്‍ മറ്റൊരു കമ്പനി കൂടി തുടങ്ങി.
1903ല്‍ കുറെനാള്‍ കൂടി നിക്ഷേപകരെ ചേര്‍ത്ത് 28,000 ഡോളര്‍ മൂലധനത്തില്‍ ഫോഡ് മോട്ടോര്‍ കമ്പനി രൂപീകരിച്ചു. വേഗതയില്‍ പുതിയ റെക്കോഡിട്ട ഫോഡിന്റെ പുതിയ മോഡല്‍ 999 പൂര്‍ണ വിജയം കണ്ടു.
1913ല്‍ പുറത്തിറക്കിയ മോഡല്‍ ടി.എസ് വില്പനയില് ചലനം സൃഷ്ടിച്ചു. 1918ല്‍ അമേരിക്കയിലെ കാറുകളില്‍ പകുതിയിലധികം ടി.എസ്. മോഡലിന്റേതായിരുന്നു. 15 ദശലക്ഷം കാറുകളാണ് ഈ മോഡലില്‍ ലോകമെങ്ങും വിറ്റു പോയത്. 1920 കളുടെ ഒടുവിലെത്തിയതോടെ ഫോഡ് വിപണി പിടിച്ചു.