മത്സരത്തിനിടെ സിന്ധുവിനോട് ഗോപീചന്ദ് പറഞ്ഞത് നിസാര കാര്യമല്ലായിരുന്നു

ശനി, 20 ഓഗസ്റ്റ് 2016 (14:30 IST)
റിയോ ഒളിമ്പിക്‍സില്‍ ഇന്ത്യയുടെ അഭിമാനമായി തീര്‍ന്ന പിവി സിന്ധുവിന്റെ ജയത്തിന് പിന്നില്‍ പുല്ലേല ഗോപീചന്ദ് എന്ന പരിശീലകന്റെ കഠിനപ്രയത്നമുണ്ടായിരുന്നു. സ്വപ്‌നം വെട്ടിപിടിക്കണമെങ്കില്‍ പലതും ത്യജിക്കേണ്ടി വരുമെന്ന് സൈന നെഹ്‌വാള്‍ അടക്കമുള്ള താരങ്ങളോട് പറഞ്ഞിരുന്ന അദ്ദേഹം നിര്‍ണായകമായ ഫൈനലിനിടെ സിന്ധുവിനോടും ഒരു കാര്യം പറഞ്ഞു.

മത്സരത്തിനിടെ സിന്ധുവിനോട് എന്താണ് പറഞ്ഞതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ഗോപീചന്ദ് ആ കാര്യം വ്യക്തമാക്കിയത്. സിന്ധുവിന്റെ ചെറിയ തെറ്റുകള്‍ മുതലെടുത്ത് കരോലിന മാരിന്‍ പോയിന്റുകള്‍ കണ്ടെത്തുന്നുവെന്ന് തോന്നിയിരുന്നു. അതിനാല്‍ അവസരങ്ങള്‍ മുതലാക്കി ആക്രമിച്ച് കളിക്കാനാണ് സിന്ധുവിനോട് പറഞ്ഞതെന്നും ഗോപീചന്ദ് പറഞ്ഞു.

സ്വര്‍ണം നഷ്ടപ്പെട്ടു എന്നോര്‍ത്ത് ദുഖിക്കാതെ വെള്ളിമെഡല്‍ നേട്ടത്തില്‍ സന്തോഷം കണ്ടെത്താന്‍ താന്‍ സിന്ധുവിനെ ഉപദേശിച്ചിരുന്നുവെന്നു ഗോപീചന്ദ് പറഞ്ഞു. ഒളിമ്പിക് മെഡല്‍ സിന്ധു ശരിയ്ക്കും അര്‍ഹിച്ചിരുന്നുവെന്നും ഗോപിചന്ദ് പറഞ്ഞു. സിന്ധുവില്‍ നിന്നും ഇനിയും മികച്ച പ്രകടനങ്ങള്‍ വരാനിരിക്കുന്നതേ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വെബ്ദുനിയ വായിക്കുക