ഖേൽരത്നാ പുരസ്കാരം; സാനിയ മിർസയെ കായിക മന്ത്രാലയം നാമനിർദേശം ചെയ്തു

Webdunia
ശനി, 1 ഓഗസ്റ്റ് 2015 (17:57 IST)
രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്നാ പുരസ്കാരം ടെന്നിസ് താരം സാനിയ മിർസയ്‌ക്ക് നല്‍കിയേക്കും. പുരസ്കാരത്തിന് കായികതാരങ്ങളെ നാമനിർദേശം ചെയ്യേണ്ട സമയം ഏപ്രിലിൽ അവസാനിച്ചെങ്കിലും പ്രത്യേക അധികാരം ഉപയോഗിച്ചാണ് സാനിയയുടെ പേര് കേന്ദ്ര കായിക മന്ത്രാലയം നാമനിർദേശം ചെയ്‌തത്.

ടെന്നീസില്‍ കഴിഞ്ഞ കുറെ നാളുകളായി സാനിയ നടത്തുന്ന നേട്ടങ്ങളാണ് താരത്തിലേക്ക് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ കണ്ണെത്തിച്ചത്. യുഎസ് ഓപ്പണിൽ മിക്സഡ് ഡബിൾസിൽ കിരീടം, വിബിംൾഡൺ വനിതാ ഡബിൾസിൽ കിരീടം, ഇഞ്ചോൺ ഏഷ്യൻ ഗെയിംസിൽ മിക്സഡ് ഡബിൾസിൽ സ്വർണവും വനിതാ ഡബിൾസിൽ വെങ്കലവും നേടിയതുമാണ് പ്രത്യേക അധികാരം ഉപയോഗിച്ച് രാജീവ് ഗാന്ധി ഖേൽരത്നാ പുരസ്കാരം താരത്തിന് നല്‍കാന്‍ നീക്കം നടത്തുന്നത്.

ടെന്നിസ് ഫെഡറേഷൻ സാനിയയുടെ പേര് നിർദേശിക്കാതിരുന്നതുകൊണ്ടാണ് മന്ത്രാലയം ഇടപെട്ടതെന്നാണ് കായിക മന്ത്രാലയത്തിന്റെ വിശദീകരണം. 2004 ൽ അർജുന അവാർഡും 2006 ൽ പത്മശ്രീ പുരസ്കാരവും നൽകി രാജ്യം സാനിയയെ ആദരിച്ചിട്ടുണ്ട്.