ജാതി അറിഞ്ഞിട്ട് അഭിനന്ദിക്കാം; സിന്ധുവിന്റെ ജാതി അറിയാന്‍ ഓണ്‍ലൈനില്‍ തെരച്ചില്‍, മുന്നില്‍ നിന്നത് സ്വന്തം നാട്ടുകാര്‍ തന്നെ

ശനി, 20 ഓഗസ്റ്റ് 2016 (13:51 IST)
റിയോ ഒളിമ്പിക്‍സില്‍ ഇന്ത്യയുടെ അഭിമാനമായി തീര്‍ന്ന പിവി സിന്ധുവിനെ രാജ്യമെങ്ങും അഭിനന്ദിക്കുമ്പോള്‍ 130 കോടി ജനങ്ങള്‍ക്കും നാണക്കേടാകുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്ത്. സിന്ധുവിന്റെ ജയത്തിന് ശേഷവും അതിനു മുമ്പും താരത്തിന്റെ ജതി അറിയാന്‍ ഓണ്‍ലൈനില്‍ തെരച്ചില്‍ നടത്തിയത് ആയിരങ്ങളാണെന്ന് ഗൂഗിള്‍ സ്റ്റാറ്റിക്‌സ് നിരത്തി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സിന്ധു ഫൈനലില്‍ എത്തിയതോടെ എല്ലാവരുടേയും ശ്രദ്ധ താരത്തിന്റെ ജാതിയിലേക്കായിരുന്നു. സിന്ധുവിന്റെ ജന്മ നാട്ടുകാരാണ് ഈ വൃത്തികേട് കാണിക്കുന്നതില്‍ മുമ്പില്‍ നിന്നത്. ഫൈനലില്‍ വെള്ളിമെഡല്‍ സ്വന്തമാക്കിയതോടെ തെരച്ചില്‍ ശക്തമാക്കുകയും ചെയ്‌തു. വെള്ളിയാഴ്ച്ച രാവിലെ 11.30 മുതല്‍ ഇന്ന് രാവിലെ പത്ത് വരെയുള്ള ഗൂഗിള്‍ സ്റ്റാറ്റിക്‌സില്‍ നിന്ന് ഇത് വ്യക്തമാണ്.

ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ന്യൂഡല്‍ഹി എന്നിവടങ്ങളില്‍ നിന്നാണ് കൂടുതല്‍ ജാതി തെരച്ചില്‍ ഉണ്ടായത്. ഇതില്‍
ആന്ധ്രാപ്രദേശ് ആണ് മുന്നില്‍ നില്‍ക്കുന്നത്. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, മലേഷ്യ, സൗദി അറേബ്യ,ബ്രിട്ടണ്‍, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും തെരച്ചിലില്‍ പങ്കാളികളായിട്ടുണ്ട്. സിന്ധുവിന്റെ മാത്രമല്ല പരിശീലകന്‍ ഗോപീചന്ദിന്റെ ജാതി തെരച്ചിലിലും നിരവധി പേര്‍ വ്യാപൃതരായിരിക്കുന്നു. താഴത്തെ ഗ്രാഫ് കാണൂ.

വിവേകാനന്ദന്‍ നാഗരാജന്‍ എന്ന ഫേസ്‌ബുക്ക് യൂസറാണ് ഇക്കാര്യം എല്ലാവരുടേയും ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.

വെബ്ദുനിയ വായിക്കുക