ഫോണില്‍ പോലും സംസാരിക്കാറില്ല, രണ്ടുമാസമായി വിവരങ്ങള്‍ അറിഞ്ഞിട്ടെന്ന് സിന്ധുവിന്റെ അമ്മ

ബുധന്‍, 17 ഓഗസ്റ്റ് 2016 (14:22 IST)
റിയോ ഒളിമ്പിക്‍സില്‍ മെഡല്‍ പ്രതീക്ഷയുണര്‍ത്തി ബാഡ്‌മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധു സെമി ഫൈനലില്‍ കടന്നതിന് പിന്നില്‍ കടുത്ത അർപ്പണ മനോഭാവമാണെന്ന് സിന്ധുവിന്റെ അമ്മ. സിന്ധു കഴിഞ്ഞ രണ്ടുമാസമായി മൊബൈൽ ഫോൺപോലും ഉപയോഗിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

ഒളിമ്പിക്‍സില്‍ മെഡല്‍ എന്ന സ്വപ്‌നം യാഥാര്‍ത്യമാക്കുന്നതിനായി കടുത്ത പരിശീലനമാണ് സിന്ധു നടത്തുന്നത്. അർപ്പണ മനോഭാവത്തോടെയാണ് സിന്ധു രാജ്യത്തിനു വേണ്ടി കളിക്കുന്നത്. അവളുടെ കാര്യങ്ങള്‍ അറിയാന്‍ പരിശീലകന്‍ ഗോപി ചന്ദിനെ വിളിക്കുകയാണ് ചെയ്യുന്നത്. അതും വല്ലപ്പോഴും മാത്രമാണ്. പരിശീനം കൂടുതൽ ഏകാഗ്രമാക്കുന്നതിനാണ് ഫോണ്‍ ഉപേക്ഷിച്ചിരിക്കുന്നതെന്നും സിന്ധുവിന്റെ അമ്മ വ്യക്തമാക്കി.

ചൈനയുടെ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള വാങ് യിഹാനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പത്താം റാങ്കുകാരിയായ സിന്ധു അവസാന നാലില്‍ ഇടം പിടിച്ചത്. സ്‌കോര്‍: 22-20, 21-19.

സൈന നേവാളിന് ശേഷം ഒളിമ്പിക്‌സിന്റെ സെമിഫൈനലിലെത്തുന്ന ഇന്ത്യന്‍ താരമാണ് പി.വി സിന്ധു.  ഒരു ജയം കൂടി നേടിയാല്‍ സിന്ധുവിന് മെഡല്‍ ഉറപ്പിക്കാനാകും. ലണ്ടന്‍ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവായ വാങ് യിഹാനെ നേരത്തെ രണ്ട് തവണ സിന്ധു തോല്‍പ്പിച്ചിട്ടുണ്ട്. ഈ തകര്‍പ്പന്‍ വിജയത്തോടെ ഒളിംപിക്‌സില്‍ സെമിയിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി.

വെബ്ദുനിയ വായിക്കുക