ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ബിസിസിഐക്ക് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം

Webdunia
വ്യാഴം, 4 ഫെബ്രുവരി 2016 (17:48 IST)
ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ബി സി സി ഐക്ക് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ സമൂലമായ പരിഷ്‌കരണം ലക്‌ഷ്യം വെച്ചു കൊണ്ടുള്ളതാണ് ലോധ കമ്മിറ്റി റിപ്പോര്‍ട്ട്.
 
ബി സി സി ഐ ഭരണസമിതിയില്‍ ഒഫീഷ്യലുകള്‍ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെടുന്നതും രാഷ്‌ട്രീയക്കാര്‍ ഭരണസമിതിയില്‍ അംഗങ്ങളാകുന്നതും തടയണമെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്ന്. ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ലോധ കമ്മിറ്റി ജനുവരി ആദ്യവാരമായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബി സി സി ഐയിലെ അഴിമതി തടയുന്നതിന്റെയും നടപടികള്‍ സുതാര്യമാക്കുന്നതിന്റെയും ഭാഗമായി സുപ്രീംകോടതിയാണ് സമിതിയെ നിയമിച്ചത്.
 
സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് മാര്‍ച്ച് മൂന്നിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഇപ്പോള്‍ ബി സി സി ഐക്ക് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. ബോര്‍ഡ് എന്ത് നടപടിയാണ് റിപ്പോര്‍ട്ടില്‍ കൈക്കൊണ്ടതെന്നും കോടതി വാദത്തിനിടെ ചോദിച്ചു.
 
ബി സി സി ഐ ഭരണഘടനയില്‍ മാറ്റവും ലോധ കമ്മിറ്റിയുടെ നിര്‍ദ്ദേശത്തിലുണ്ട്. ലോകത്തിലെ ഏറ്റവും സമ്പന്നമായ കായികസംഘടനകളില്‍ ഒന്നായ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ വിവരാവകാശ നിയമത്തിന്റെ കീഴില്‍ കൊണ്ടു വരണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ഐ പി എല്ലിനും ബി സി സി ഐക്കും വ്യത്യസ്ത ഭരണസമിതികള്‍ വേണമെന്നും കമ്മിറ്റിയുടെ നിര്‍ദ്ദേശത്തില്‍ ഉണ്ട്.