ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ച് സിസോക്കോ; കൊമ്പന്മാര്‍ക്ക് വീണ്ടും സമനില
തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (20:56 IST)
ഐഎസ്എല്‍ മൂന്നാം സീസണില്‍ രണ്ടാം ജയം തേടിയിറങ്ങി കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയില്‍ (1-1) പൂട്ടി പൂണെ സിറ്റി. കളിയുടെ മൂന്നാം മിനിറ്റില്‍ ഹംബര്‍ട്ട് നേടിയ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടിയെങ്കിലും 68മത് മിനിറ്റില്‍ സിസോക്കോയിലൂടെ പൂണെ ഗോള്‍ മടക്കുകയായിരുന്നു.
കളിയുടെ ആദ്യ മിനിറ്റുകളില്‍ തന്നെ ഗോള്‍ കണ്ടെത്തിയ ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ന്നങ്ങോട്ട് പ്രതിരോധത്തിലേക്ക് വീഴുകയായിരുന്നു. പൂണെ താരങ്ങള്‍ കൊമ്പന്മാരുടെ പോസ്‌റ്റിലേക്ക് ഒഴുകിയെത്തിയതോടെ കേരളത്തിന്റെ പ്രതിരോധം ആടിയുലയുകയായിരുന്നു. ഗോള്‍ എന്നുറച്ച പല അവസരങ്ങളും ഭാഗ്യം കൊണ്ടാണ് ഒഴിവായി പോയത്.
തുടക്കത്തില്‍ ഗോള്‍ നേടിയതിന്റെ ആലസ്യത്തില്‍ കളിച്ച ബ്ലാസ്‌റ്റേഴ്‌സിനെ വേട്ടയാടിയ പൂണെ 68മത് മിനിറ്റില്‍ ലക്ഷ്യം കാണുകയായിരുന്നു. ലഭിച്ച അവസരം ഹംബര്‍ട്ട് മനോഹരമായി കൊമ്പന്മാരുടെ വലയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് വിജയഗോള്‍ കണ്ടെത്താന്‍ ആരോണ്‍ ഹ്യൂസും സംഘവും ശ്രമിച്ചെങ്കിലും ഗോള്‍ മാറിനിന്നതോടെ രണ്ടാം സമനിലയുമായി കേരളം ഗ്രൌണ്ട് വിടുകയായിരുന്നു.