ബ്ലാസ്റ്റേഴ്സിനിതെന്തു പറ്റി, എന്താ പിന്നെയും തോറ്റത്?

Webdunia
വെള്ളി, 23 ഒക്‌ടോബര്‍ 2015 (10:40 IST)
വീണ്ടും തോല്‍‌വി. തോല്‍ക്കാന്‍ വേണ്ടി മാത്രമാണോ ബ്ലാസ്റ്റേര്‍സ് കളത്തിലിറങ്ങുന്നത് എന്ന് തോന്നിക്കുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേര്‍സ് നടത്തുന്നത്. ആദ്യാവസാനം പൊരുതിക്കളിച്ചാലും മുന്നേറ്റങ്ങളെ ഗോളുകളാക്കി മാറ്റാനുള്ള ബ്ലാസ്റ്റേഴ്സിന്റെ കഴിവ് കേട് ഇത്തവണയും ടീമിനെ തോല്‍പ്പിച്ചുകളഞ്ഞു.

ഗോവയ്ക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഗോവ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തോൽപ്പിച്ചു. ലിയോ മോറ (45), ഗ്രിഗറി (84) എന്നിവരാണു ഗോവയ്ക്കു വേണ്ടി സ്കോർ ചെയ്തത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ മലയാളി താരം റാഫി (24) നേടി. സ്കോർ: ബ്ലാസ്റ്റേഴ്സ് - 1, ഗോവ - 2. തുടര്‍ച്ചയായ രാണ്ട് പരാജയങ്ങള്‍ ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസം തകര്‍ത്തതായാണ് വിലയിരുത്തല്‍. വിജയം മാത്രം ലക്ഷ്യമിട്ടു ഗോവൻ മണ്ണിൽ ബൂട്ടുകെട്ടിയ കേരള ബ്ലാസ്റ്റേഴ്സിനായിരുന്നു ആദ്യം മുൻതൂക്കം.

24 ാം മിനിട്ടിൽ മലയാളി താരം റാഫിയുടെ ഗോളിലൂടെ മഞ്ഞപ്പട മുന്നിലെത്തി.വലതു വശം ചേർന്നു ഭേക്കെ നടത്തിയ മുന്നേറ്റത്തിന് ഒടുവിലാണു ഗോൾ പിറന്നത്. ഭെക്കെ നൽകിയ ക്രോസിനു പോയിന്റ് ബ്ലാങ്ക് റെയ്ഞ്ചിൽ നിന്നു ഹെഡ്ഡ് ചെയ്ത് റാഫി അവസരം ഗോളാക്കി മാറ്റി. എന്നാല്‍ ആ മുന്നേറ്റത്തിന് നീര്‍ക്കുമിളയുടെ ആയുസു മാത്രമേ ഉണ്ടായിരുന്നുള്ളു. 45 ാം മിനിട്ടിൽ ലിയോ മോറ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾവല കുലുക്കി. 84 ാം മിനിട്ടിൽ ഗ്രിഗറിയാണു ഗോവയ്ക്കായി രണ്ടാം ഗോൾ നേടിയത്. ഗോവ രണ്ടാം ഗോൾ നേടിയതിനു ശേഷം വർധിത വീര്യത്തോടെ പൊരുതിയ ബ്ലാസ്റ്റേഴ്സ് ഗോവൻ ഗോൾമുഖത്ത് തുടരെ ആക്രമണം നടത്തിയെങ്കിലും ഗോളും വിജയവും നേടാനായില്ല. അവസാന വിസിൽ ഊതുമ്പോൾ ഗോവയ്ക്ക് 2-1 വിജയം.