ഫ്രഞ്ച് ഫുട്ബോൾ വമ്പന്മാരായ പിഎസ്‌ജിയിൽ താല്‍പര്യമില്ലെന്ന് സ്‌ട്രൈക്കര്‍ എഡിന്‍സൺ കവാനി വ്യക്തമാക്കിയതായി പിഎസ്‌ജി. ജനുവരിയിൽ നടക്കുന്ന ട്രാൻസ്ഫർ വിൻഡോയിലൂടെ ക്ലബ് മാറ്റം ആവശ്യപ്പെട്ടാണ് താരം പിഎസ്‌ജി അധികൃതരെ സമീപിച്ചത്. എന്നാൽ മുപ്പത്തിരണ്ടുകാരനായ താരത്തിന് അത്‌ലറ്റിക്കോ മാഡ്രിഡ് മുന്നോട്ടുവച്ച ഓഫര്‍ നിരസിച്ചതായും പിഎസ്‌ജി വ്യക്തമാക്കി.
കവാനി പിഎസ്‌ജിയിൽ കളിക്കുന്ന ഏഴാം സീസണാണിത്. ഈ മാസം കഴിഞ്ഞാല്‍ കവാനി ക്ലബിനൊപ്പം ഉണ്ടാകുമോയെന്ന് ഉറപ്പില്ലെന്ന് പിഎസ്‌ജി കോച്ച് തോമസ് ടച്ചലും നേരത്തെ സൂചന നൽകിയിരുന്നു. നിലവിൽ പിഎസ്‌ജിയിൽ നിന്നും കവാനി ചെൽസിയിലേക്ക് മാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ സീസണിൽ ഇതുവരെയും 14 മത്സരങ്ങളിൽ മാത്രമാണ് കവാനിയെ പിഎസ്‌ജി കളിക്കാനിറക്കിയത്.