ഓസ്ട്രേലിയൻ ഓപ്പൺ: റോജർ ഫെഡററെ വീഴ്ത്തി ദ്യോകോവിച്ച് ഫൈനലിൽ

അഭിറാം മനോഹർ

വ്യാഴം, 30 ജനുവരി 2020 (18:36 IST)
ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം ടെന്നീസിൽ നിലവിലെ ചാമ്പ്യൻ നൊവാക് ദ്യോകോവിച്ച് ഫൈനലിൽ. മൂന്നാം സീഡും മുൻ ചാമ്പ്യനുമായ റോജർ ഫെഡററെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് രണ്ടാം സീഡുകാരനായ ദ്യോകോവിച്ച് ഫൈനലിലേക്ക് യോഗ്യത നേടിയത്.ആദ്യ സെറ്റ് ടൈ ബ്രേക്കറിലെത്തിയെങ്കിലും രണ്ടും മൂന്നും സെറ്റില് ഫെഡററെ നിഷ്‌പ്രഭനാക്കിയാണ് ദ്യോകോവിച്ച് ഫൈനലിലെത്തിയത്. സ്കോർ7-6, 6-4, 6-3. ഇത് എട്ടാം തവണയാണ് ദ്യോകോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തുന്നത്.  
 
ഫെഡററും ദ്യോകോവിച്ചും തമ്മിലുള്ള 50മത് മത്സരമായിരുന്നു ഇത്. 50 മത്സരങ്ങളിൽ 27 തവണ ദ്യോകോവിച്ച് വിജയിച്ചപ്പോൾ ഫെഡറർക്ക് 23 വിജയങ്ങളെ സ്വന്തമാക്കാനായുള്ളു. ഓസ്ട്രേലിയൻ ഓപ്പണിലും ദ്യോക്കോവിച്ചിനാണ് മേൽക്കൊയ്മ. 2007ന് ശേഷം ദ്യോകോവിച്ചിനെ ഇതുവരെയും ഫെഡറർക്ക് തോൽപ്പിക്കാൻ സാധിച്ചിട്ടില്ല. ഓസ്ട്രേലിയൻ ഓപ്പൺ ടൂർണമെന്റിൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തോൽവിയുടെ വക്കിൽ നിന്നും 38കാരനായ ഫെഡറർ തിരിച്ചുവന്നെങ്കിലും പരിക്ക് തിരിച്ചടിയാവുകയായിരുന്നു.
 
ഡൊമനിക് തീം-അലക്‌സാണ്ടര്‍ സ്വരേവ് മത്സരവിജയിയെയായിരിക്കും ദ്യോകോവിച്ച് ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ നേരിടുക. അതേ സമയം ശനിയാഴ്ച്ച നടക്കുന്ന വനിതാ സിംഗിള്‍സ് ഫൈനലില്‍ അമേരിക്കയുടെ സോഫിയ കെനിനും സ്പാനിഷ് താരം ഗാര്‍ബിന്‍ മുഗുരുസയും തമ്മിൽ ഏറ്റുമുട്ടും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍