2016 ഒളിമ്പിക്‍സ് ദോഹ പുറത്ത്

PROPRO
അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി 2016 ഒളിമ്പിക്‍സിനുള്ള വേദികള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തതില്‍ ഏഷ്യന്‍ നഗരം ദോഹ പുറത്തായി. അമേരിക്കന്‍ നഗരമായ ചിക്കാഗോ, സ്പാനിഷ് തലസ്ഥാനം മാഡ്രിഡ്, ജപ്പാന്‍ തലസ്ഥാനം ടോക്കിയോ, ബ്രസീലിയന്‍ തലസ്ഥാനം റിയോ ഡി ജനീറൊ എന്നിവിടങ്ങളാണ് അവസാന റൌണ്ടില്‍ എത്തിയിരിക്കുന്നത്.

ദോഹ, പ്രാഗ്, ബകു എന്നീ നഗരങ്ങള്‍ പുറത്തായി. വേദിക്കായി എത്തിയ എല്ലാവരും വളരെ ഉന്നത നിലവാരത്തില്‍ ഉള്ളവരാണെന്ന് ഐ ഒ സി പ്രസിഡന്‍ഡ് ജാക്വസ് റോഗെ വ്യക്തമാക്കി. സീക്രട്ട് ബാലറ്റ് സംവിധാനത്തില്‍ കൂടി 2009 ഒക്ടോബര്‍ 2 ന് ഒളിമ്പിക് വേദി സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിക്കുക ഉള്ളൂ.

അതേ സമയം അടിസ്ഥാന സൌകര്യങ്ങളിലും പണക്കൊഴുപ്പിലും മുന്നിലുള്ള ചിക്കാഗോയ്‌ക്കാണ് കൂടുതല്‍ സാധ്യത കല്പിക്കുന്നത്. 1996 ല്‍ നടന്ന അറ്റ്‌ലാന്‍റാ ഒളിമ്പിക്‍സിനു ശേഷം ഒരു അമേരിക്കന്‍ നഗരം ഒളിമ്പിക്‍സിനു വേദിയാകാന്‍ ഒരുങ്ങി രംഗത്ത് എത്തിയിരിക്കുന്നത് ഇതാദ്യമാണ്. എന്നാല്‍ ചിക്കാഗോ സാങ്കേതിക വിഭാഗം ഇനിയും മെച്ചപ്പെടുത്തണം.

അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി സാങ്കേതിക വശം മുന്‍ നിര്‍ത്തി നിശ്ചയിച്ച റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തായിരുന്നു ചിക്കാഗോ. ടോക്യോയും മാഡ്രിഡും ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നേടിയപ്പോള്‍ ചിക്കാഗോയ്‌ക്ക് മൂന്നാം സ്ഥാനവും റിയോ ഡി ജനീറോയ്‌ക്ക് നാലാം സ്ഥാനവുമാണ് ലഭിച്ചത് എന്നതായിരുന്നു ഏക ഭീഷണി.

വെബ്ദുനിയ വായിക്കുക