ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനോടേറ്റ തോല്‍വിയുടെ പശ്ചാത്തലത്തില്‍ പരിശീലക വേഷം ഉപേക്ഷിക്കില്ലെന്ന് അര്‍ജന്‍റീനിയന്‍ പരിശീലകനും ഫുട്ബോള്‍ ഇതിഹാസവുമായ ഡീഗോ മറഡോണ. 2010 ലോകകപ്പില്‍ യോഗ്യത നേടാനുള്ള വഴി ബുദ്ധിമുട്ടേറിയതാണെന്ന് അംഗീകരിച്ചുകൊണ്ടായിരുന്നു മറഡോണയുടെ പ്രതികരണം.
ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ബ്രസീലിനോട് 1-3 ന് പരാജയപ്പെട്ട ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രസീലിനോടേറ്റ തോല്‍വി ഒരിക്കലും തന്നെ തകര്‍ക്കുകയില്ലെന്ന് മറഡോണ ചൂണ്ടിക്കാട്ടി. കൂടുതല്‍ കഠിന പ്രയത്നം ചെയ്യാനുള്ള കാരണമായി മാത്രമേ ഈ തോല്‍വി കാണുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ബ്രസീലിനിടേറ്റ തോല്‍വി വേദനാജനകമാണെന്നും മറഡോണ സമ്മതിച്ചു. യോഗ്യത നേടാനുള്ള വഴികള്‍ കഠിനമായതുകൊണ്ടു തന്നെ പിന്നോട്ട് പോകാനാകില്ലെന്നും മറഡോണ കൂട്ടിച്ചേര്‍ത്തു.
തോല്‍വിയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത മറഡോണ ഒരു കളിക്കാരനെയും ഇതിന്‍റെ പേരില്‍ ക്രൂശിക്കില്ലെന്നും വ്യക്തമാക്കി. കളിയുടെ ആദ്യപകുതിയില്‍ അര്‍ജന്‍റീനയ്ക്ക് ഒരു ഗോള്‍ നേടാന്‍ സാധിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു എന്നും മറഡോണ പറഞ്ഞു.