ജ്വാല ഗുട്ടയ്ക്കെതിരെയുള്ള അന്വേഷണം റദ്ദ് ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു
വെള്ളി, 25 ഒക്‌ടോബര്‍ 2013 (17:03 IST)
PRO
ബാഡ്മിന്റന്‍ താരം ജ്വാല ഗുട്ടയ്ക്കെതിരെ ബാഡ്മിന്റണ്‍ അസോസിയേഷന്‍ നടത്തുന്ന അന്വേഷണം റദ്ദാക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു. അന്വേഷണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജ്വാല ഗുട്ട നല്‍കിയ പുതിയ അപേക്ഷയിലാണ് കോടതി അനുകൂലതീരുമാനമെടുക്കാന്‍ വിസമ്മതിച്ചത്.
അസോസിയേഷന്റെ അച്ചടക്ക സമിതി ഈ മാസം 14 ന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസായിരുന്നു ജ്വാല ഗുട്ട കോടതിയിലൂടെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചത്. നിലവില്‍ കോടതി ജ്വാലയ്ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കി നല്‍കിയിട്ടുണ്ടെന്നും ഇനി ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവ് വേണ്ടെന്നും കേസ് പരിഗണിച്ച ജസ്റ്റീസ് വി കെ ജെയിന്‍ വ്യക്തമാക്കി.
അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് ജ്വാലയ്ക്കെതിരെ അന്വേഷണം നടത്തുന്നത്. നേരത്തെ താരത്തിനെതിരായ വിലക്ക് സ്റ്റേ ചെയ്ത കോടതി ഇവരെ മത്സരങ്ങളില്‍ പങ്കെടുക്കാനും അനുവദിച്ചിരുന്നു. ജ്വാലയെ വിഷമിപ്പിക്കുന്ന എന്തെങ്കിലും തീരുമാനം അച്ചടക്ക സമിതിയുടെ ഭാഗത്തുനിന്നുണ്ടായാല്‍ അവര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.