കോമണ്‍‌വെല്‍ത്ത്: ഡല്‍ഹി വീഴ്ച വരുത്തി

ചൊവ്വ, 24 ഫെബ്രുവരി 2009 (18:31 IST)
കോമണ്‍‌വെല്‍ത്ത് ഗെയിംസിനുള്ള ഡല്‍ഹിയുടെ ഒരുക്കത്തില്‍ പാര്‍ലമെന്‍ററി സമിതിക്ക് അതൃപ്തി. അടിസ്ഥാന സൌകര്യ വികസനത്തില്‍ പോലും ഡല്‍ഹി സര്‍ക്കാ‍ര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ലെന്ന് കമ്മിറ്റി വിലയിരുത്തി. സീതാറാം യെച്ചൂരി ചെയര്‍മാനായുള്ള ഗതാഗത - വിനോദസഞ്ചാര സ്റ്റാന്‍‌ഡിംഗ് കമ്മിറ്റി രാജ്യസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലോകത്തിന്‍റെ നാനാഭാഗത്ത് നിന്നും ഗെയിംസ് വീക്ഷിക്കാനെത്തുന്ന അതിഥികള്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങളുടെ നിര്‍മാണം പോലും പൂര്‍ത്തിയായിട്ടില്ലെന്ന് സമിതി കുറ്റപ്പെടുത്തുന്നു. 39 പുതിയ ഹോട്ടലുകള്‍ നിര്‍മിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഇതില്‍ 19 എണ്ണത്തിന്‍റെ നിര്‍മാണം മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. 30,000 മുറികളുടെ കുറവാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കുകൂട്ടിയിട്ടുള്ളത്. എന്നാല്‍ 2010 മാര്‍ച്ചോടു കൂടി ഇതില്‍ 14,000 മുറികള്‍ മാത്രമേ നിലവിലെ അവസ്ഥയില്‍ തയ്യാറാകുകയുള്ളു.

ഈ മേഖലയില്‍ നിക്ഷേപം നടത്താന്‍ വ്യവസായികള്‍ ഇപ്പോഴും മടിക്കുകയാ‍ണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗെയിംസ് മുന്‍നിര്‍ത്തി വ്യവസായികളെ ഇതിന്‍റെ പ്രയോജനത്തെക്കുറിച്ച് ബോധവത്ക്കരിക്കാനും സര്‍ക്കാ‍രിനായിട്ടില്ല. താമസ സൌകര്യമൊരുക്കുന്നതില്‍ ഡല്‍ഹി പരാജയപ്പെടുകയാ‍ണെങ്കില്‍ ബദല്‍ സംവിധാനത്തിന് ആഗ്ര, ജയ്പൂ‍ര്‍, ഉദയ്പൂര്‍, ജോദ്പൂര്‍ തുടങ്ങിയ നഗരങ്ങളെ പരിഗണിക്കാമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.

വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് അനിശ്ചിതത്വത്തിന് കാരണമെന്ന് കമ്മിറ്റി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.
അടിസ്ഥാന സൌകര്യവികസനം മുന്‍‌നിര്‍‌ത്തി 2008 നവംബറില്‍ കേന്ദ്രത്തിന് മുന്നില്‍ ഡല്‍ഹി സമര്‍പ്പിച്ച പദ്ധതികളില്‍ യാതൊരു പുരോഗതിയും സംസ്ഥാനം കൈവരിച്ചിട്ടില്ലെന്ന് സമിതി പറഞ്ഞു.

അതിനിടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം ലഭിക്കുന്നില്ലെന്ന് ഡല്‍ഹി മുന്‍‌സിപ്പല്‍ കോര്‍പ്പറേഷന്‍ ചൂണ്ടിക്കാട്ടി. റെയില്‍വേ സ്റ്റേഷന്‍ പരിസരം വികസിപ്പിക്കുന്നതിനും ഗെയിംസ് വില്ലേജുകളുമായി ബന്ധപ്പെടുത്തുന്ന റോഡുകളുടെ നിര്‍മാണത്തിനും 800 കോടി രൂപയെങ്കിലും വേണമെന്ന് കോര്‍പ്പറേഷന്‍ ആവശ്യപ്പെടുന്നു.

23 റോഡുകളും ഫ്ലൈ ഓവറുകളുമാണ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഗെയിംസ് വില്ലേജുകളെ ബന്ധിപ്പിച്ച് പണിയുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇതിനാ‍വശ്യമായ പണം പോലും നല്‍കുന്നില്ലെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ പരാതി പറയുന്നു.

വെബ്ദുനിയ വായിക്കുക