മൌലിക കൃതികള്‍ ഉണ്ടാവണം :സി.രാധാകൃഷ്ണന്‍

തിങ്കള്‍, 12 നവം‌ബര്‍ 2007 (16:41 IST)
PROPRO
മലയാള ഭാഷ നിലനില്‍ക്കണം എങ്കില്‍ കാലദേശങ്ങളെ അതിജീവിക്കാന്‍ കഴിവുള്ള മൌലികമായ കൃതികള്‍ ഉണ്ടായേ മതിയാവൂ എന്ന് പ്രമുഖ നോവലിസ്റ്റ് സി.രാധാകൃഷ്ണന്‍ പറഞ്ഞു.

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്‍റെ 2007 ലെ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നീട് നടന്ന സാഹിത്യ സമ്മേളനത്തില്‍ ആഗോളീകരണത്തിലെ മലയാള സാഹിത്യം എന്ന വിഷയം അദ്ദേഹം അവതരിപ്പിച്ചു.

സംസ്കൃത ഭാഷയ്ക്ക് അപചയം ഉണ്ടാവില്ല. അതിന് കാളിദാസന്‍റെയും ഭാസന്‍റെയും സര്‍വ്വാതിശയായിയായ രചനകളുടെ പിന്‍‌ബലമുണ്ട്. ലോകത്തെ ആറായിരത്തോളം ഭാഷകളില്‍ രണ്ടായിരത്തോളം വംശനാശ ഭീഷണിയിലാണ്.

മലയാള ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തിലുള്ള കുറവാണ് മലയാളത്തിന്‍റെ പ്രധാന പരിമിതി എന്ന് അദ്ദേഹം പറഞ്ഞു. ലോകത്തുള്ള ഏതു ഭാഷയുടെ ധാതു ശബ്ദം മലയാളത്തിനുള്ളതു കൊണ്ടാണ് മറ്റേതു ഭാഷയും വളരെ വേഗം മലയാളിക്ക് സ്വായത്തമാക്കാന്‍ കഴിയുന്നത് എന്ന് രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

ദീപാവലി ദിവസം ഐ.എസ്.സി.എം ഓഡിറ്റോറിയത്തില്‍ നടന്ന പുരസ്കാരദാന ചടങ്ങില്‍ ഇന്ത്യയുടെ സ്വീഡന്‍ സ്ഥാനപതി ദീപാ ഗോപാലന്‍ വാധ്വ മുഖ്യാതിഥിയായിരുന്നു. മലയാള വിഭാഗം കണ്‍‌വീനര്‍ എബ്രഹാം മാത്യു പ്രശംസാഫലകവും 25,000 രൂപയും അടങ്ങുന്ന പുരസ്കാരം സമ്മാനിച്ചു.

സാഹിത്യ വിഭാഗം കോര്‍ഡിനേറ്റര്‍ ഇ.ജി.മധു സി.രാധാകൃഷ്നേയും പുരസ്കാരത്തിന് അദ്ദേഹത്തെ അര്‍ഹമാക്കിയ എഴുത്തച്ഛന്‍റെ ജീവചരിത്ര സംബന്ധിയായ തീക്കടല്‍ കടഞ്ഞ തിരുമധുരം എന്ന കൃതിയേയും സദസ്സിനു പരിചയപ്പെടുത്തി.

ടി.ഭാസ്കരന്‍ സ്വാഗതവും താജുദ്ദീന്‍ നന്ദിയും പറഞ്ഞു. അംഗങ്ങളുടെ ഒപ്പന, മാര്‍ഗ്ഗം കളി, വില്‍പ്പാട്ട്, കാവ്യകേളി എന്നിവയും ഉണ്ടായിരുന്നു. സാഹിത്യ ചര്‍ച്ചയില്‍ സുനില്‍ സലാം, രാഗേഷ് കുറുമാന്‍, ബാബു തടത്തില്‍, സി.എന്‍.പി നമ്പൂതിരി, മോഹന്‍ കളരിക്കല്‍, സരസന്‍, ജിതീഷ്, കാളിദാസ് എന്നിവര്‍ സംസാരിച്ചു.

രാജ്യങ്ങളിലെ അതിര്‍വരമ്പുകള്‍ ഇല്ലാതാവുകയും ഉല്‍പ്പന്ന പ്രവാഹത്തിലൂടെ കമ്പോളം ഉണ്ടാക്കിയെടുക്കുകയുമാണ് ആഗോളീകരണത്തിന്‍റെ ഫലം. ബ്ലോഗിലെ എഴുത്തുകാര്‍ക്ക് ജനാധിപത്യ സ്വഭാവമുണ്ട്. പക്ഷെ, ഉത്തരവാദിത്വം ഇല്ലായ്മയുമുണ്ട് എന്ന് ചര്‍ച്ചയില്‍ സംസാരിച്ച സുനില്‍ സലാം പറഞ്ഞു.

വെബ്ദുനിയ വായിക്കുക