സെര്‍വിക്കല്‍ കാന്‍സര്‍ ; ലക്ഷണങ്ങളും ചികിത്സയും

Webdunia
വെള്ളി, 6 മെയ് 2016 (17:18 IST)
തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടുള്ളതാണ് ഗര്‍ഭാശയമുഖത്തെ കാന്‍സര്‍ അഥവാ സെര്‍വിക്കല്‍ കാന്‍സര്‍. ഗര്‍ഭാശയമുഖ കാന്‍സര്‍ പ്രാരംഭദശയില്‍ കണ്ടുപിടിക്കാനും ഭേദമാക്കാനും എളുപ്പമാണ്. പാപ്സ്മിയര്‍ പരിശോധന വഴി രോഗം കണ്ടുപിടിച്ച് ചികിത്സിച്ചാല്‍ കാന്‍സര്‍ വരാതെ തടയാനാകും. കാന്‍സറിനു മുന്നോടിയായ പ്രീകാന്‍സര്‍ ഉള്ളവര്‍ക്ക് മറ്റു രോഗലക്ഷണം ഒന്നും കാണുകയില്ല. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോഴേക്കും മൂന്നാമത്തെയോ, നാലാമത്തെയോ ദശയിലേക്ക് രോഗം മൂര്‍ഛിച്ചിരിക്കും. രോഗം മൂര്‍ഛിച്ചാല്‍ ചികിത്സ വിഷമമേറിയതും ചിലവേറിയതും പാര്‍ശഫലങ്ങളുള്ളതുമാകാം.
 
സ്ത്രീകളില്‍ വ്യത്യസ്ത തോതില്‍ അസ്വസ്ഥതകള്‍ പ്രകടമാകാറുണ്ടെങ്കിലും പലരും അത് മാസമുറ സമയത്തെ അസ്വസ്ഥതകളായേ ഗണിക്കാറുള്ളൂ. യോനിയെ ഗര്‍ഭാശയവുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് സെര്‍വിക്സ്. ഹ്യൂമണ്‍ പാപ്പിലോമാ വൈറസ് എന്നറിയപ്പെടുന്ന രോഗാണുവാണ് ഈ കാന്‍സര്‍ ഉണ്ടാക്കുന്നത്. അമേരിക്കയില്‍ ഓരോ വര്‍ഷവും 12000 സ്ത്രീകള്‍ക്ക് സെര്‍വിക്കല്‍ കാന്‍സര്‍ ബാധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അസഹനീയമായ പുറംവേദനയും ഈ കാന്‍സറിന്റെ പ്രധാന ലക്ഷണമാണ്. ലൈംഗികബന്ധത്തില്‍ക്കൂടി പകരുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസ്(എച്ച്പിവി)ആണ് ഈ രോഗത്തിന് കാരണമാകുന്നത്.
 
സെര്‍വിക്കല്‍ കാന്‍സര്‍ രോഗികളുടെ യോനിയിലൂടെ അമിത രക്തപ്രവാഹം കണ്ടുവരാറുണ്ട്. ഏറ്റകുറച്ചില്‍ ഉണ്ടാകാമെന്നതല്ലാതെ ഇതുപൂര്‍ണമായും നില്‍ക്കാറില്ല.യോനിയില്‍ നിന്ന് വെളുത്ത നിറത്തിലുള്ള സ്രവം കൂടുതലായി വരുകയാണ് മറ്റൊരു ലക്ഷണം. കട്ടിയില്‍ കഫം പോലെയുള്ള ഈ സ്രവത്തിന്റെ അളവ് ഓരോ ആളുകളിലും വ്യത്യാസപ്പെട്ടിരിക്കും. ചിലരുടെ സ്രവത്തിന് മണവും ഉണ്ടാകാറുണ്ട്. സാധാരണ ആര്‍ത്തവ ദിവസങ്ങളില്‍ അടിവയറില്‍ അനുഭവപ്പെടുന്ന വേദന ഇത്തരക്കാരില്‍ അനുഭവപ്പെടില്ല. മണിക്കൂറുകള്‍ മാത്രമാകും വേദന ഇല്ലാത്ത അവസ്ഥ. അതിന് ശേഷം ചെറുതോ രൂക്ഷമായതോ കഠിന വേദനയോ അനുഭവപ്പെടാറുണ്ട്.
 
മൂത്രസഞ്ചിക്കോ മൂത്രമൊഴിക്കുന്ന സമയത്തോ കഠിനമായ വേദന അനുഭവപ്പെടുന്നത് സെര്‍വിക്കല്‍ കാന്‍സര്‍ മൂര്‍ഛിച്ചതിന്റെ ലക്ഷണമാണ്. കാന്‍സര്‍ മൂത്രസഞ്ചിക്ക് സമീപത്തേക്ക് വ്യാപിക്കുമ്പോളാണ് സാധാരണ വേദന അനുഭവപ്പെടാറുള്ളത്. ലൈംഗിക ബന്ധത്തിന് ശേഷമോ രണ്ട് ആര്‍ത്തവചക്രങ്ങള്‍ക്കിടയിലോ ഗര്‍ഭാശയമുഖ പരിശോധനയിലോ രക്തസ്രാവം ഉണ്ടാകുന്നത് പെല്‍വിക്ക് കാന്‍സറിന്റെ ലക്ഷണമാണ്. ഗര്‍ഭാശയമുഖത്ത് ആയാസമോ അസ്വസ്ഥതയോ വരുന്നത് മൂലമാണ് ഇങ്ങനെ രക്തസ്രാവം ഉണ്ടാവുക. ചെറിയ തോതില്‍ മാത്രമാണ് രക്തസ്രാവമെങ്കില്‍ പേടിക്കേണ്ട കാര്യമില്ല. 
 
രണ്ടാം സ്റ്റേജ് വരെ എത്തിയ രോഗികള്‍ക്ക് ഇത് ശസ്ത്രക്രിയ മൂലം മാറ്റാവുന്നതാണ്. ഗര്‍ഭപാത്രവും കാന്‍സര്‍ ബാധിച്ച പരിസത്തെ കോശങ്ങളും നീക്കുകയാണ് ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്. അണ്ഡാശയം, അണ്ഡവാഹിനികുഴല്‍ തുടങ്ങിയവയും നീക്കം ചെയ്യാറുണ്ട്. ശസ്ത്രക്രിയക്ക് ശേഷവും നിലനില്‍ക്കുന്ന കാന്‍സര്‍ സെല്ലുകളെ നീക്കാന്‍ സാധാരണയായി റേഡിയേഷനാണ് ഉപയോഗിക്കുക. സെര്‍വിക്കല്‍ കാന്‍സര്‍ രോഗികളില്‍ കീമോതെറാപ്പിക്ക് ഒപ്പം റേഡിയേഷനും ചെയ്യാറുണ്ട്. ശരീരത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചിട്ടുണ്ടെങ്കില്‍ കീമോ തെറാപ്പി മാത്രമാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം. കഠിനമായ മരുന്നുകള്‍ ഉപയോഗിച്ച് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. മുടികൊഴിച്ചില്‍, തളര്‍ച്ച തുടങ്ങിയവയും കീമോതെറാപ്പിക്ക് വിധേയരാകുന്നവരില്‍ സാധാരണയായി കണ്ടുവരാറുണ്ട്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article