വിദേശ പ്രണയം പൊല്ലാപ്പായി

22 ജൂണ്‍, 2006 12.08

മുംബെയില്‍ നിന്ന് മൊഹമ്മദ് ഷെയിഖ് ദുബായിലേക്ക് പോയത് ജോലി അന്വേഷിച്ചാണ്. ആറ് മാസങ്ങള്‍ക്ക് മുന്‍പ് ദുബായില്‍ എത്തിയ ഷെയിഖിന് സെയില്‍സ്മാനായി ജോലി ലഭിച്ചു. പക്ഷേ ആറാം മാസം ഷെയിഖ് മടങ്ങി വന്നു. കൂടെ അപര്‍ണ(പേര് ശരിയല്ല) എന്ന പതിനഞ്ചുകാരിയുമുണ്ടായിരുന്നു.

ദുബായില്‍ അച്ഛനമ്മമാരുമൊത്ത് ജീവിക്കുകയായിരുന്ന അപര്‍ണയും മൊഹമ്മദ് ഷെയ്ഖും അവിടെ വച്ച് പ്രണയത്തിലായി. അച്ഛന്‍ ഹിന്ദുവും അമ്മ ക്രിസ്ത്യാനിയുമായ അപര്‍ണയും മുസ്ളീമായ മൊഹമ്മദ് ഷെയിഖുമായുള്ള പ്രണയം വിവാദത്തിലെത്തിയില്ലെങ്കിലല്ലേ അതിശയിക്കാനുള്ളൂ. പോരാത്തതിന് അപര്‍ണയ്ക്ക് പ്രായപൂര്‍ത്തിയായിട്ടുമില്ല.

അഞ്ച് മാസത്തെ പ്രണയം ഇരുവരെയും വിട്ടു പിരിയാനാകാത്ത അവസ്ഥയില്‍ എത്തിച്ചു. അങ്ങനെയാണ് ഇരുവരും മാതൃ രാജ്യത്തേക്ക് മുങ്ങാന്‍ തീരുമാനിച്ചത്.

പക്ഷേ അപര്‍ണയുടെ വീട്ടുകാരുണ്ടോ വിടുന്നു. ദുബായില്‍ നിന്ന് അപര്‍ണയുടെ അമ്മ മുംബൈ പൊലീസിലേക്ക് ഫാക്സ് വഴി പരാതി നല്‍കി.

പരാതി കിട്ടിയ പൊലീസിന് ഉപേക്ഷ വിചാരിക്കാനാകില്ലല്ലോ. കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് പൊലീസ് രണ്ട് ദിവസം കൊണ്ട് പ്രണയജോഡികളെ മുംബൈ അന്ധേരിയിലെ ജരി മരിയിലെ കാമുക സവിധത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തു.

ഇരുവരെയും കുര്‍ള പൊലീസ് സ്റ്റേഷനില്‍ കൊണ്ടു വന്ന പൊലീസ് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് ഷെയിഖിനെതിരെ കേസെടുക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

അപര്‍ണയെ ഡല്‍ഹിയില്‍ താമസിക്കുന്ന മുത്തശ്ശന് കൈമാറിയിട്ടുണ്ട്.

പ്രണയം വരുത്തി വച്ച ഓരോ പൊല്ലാപ്പുകളേ!

വെബ്ദുനിയ വായിക്കുക