പി സി ജോര്‍ജ് എന്ന പ്രവാചകന്‍!

ശനി, 10 മാര്‍ച്ച് 2012 (18:38 IST)
PRO
രാഷ്ട്രീയം ചതുരംഗക്കളി പോലെയാണ്. വരാന്‍ പോകുന്ന കാര്യങ്ങള്‍ മു‌ന്‍‌കൂട്ടി കാണണം. അങ്ങനെ കണ്ട്, അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കേ നിലനില്‍പ്പുള്ളൂ. അത് നന്നായറിയുന്നയാളാണ് പി സി ജോര്‍ജ്. കളികള്‍ ഒരുപാട് കണ്ടും കളിച്ചുമാണ് പൂഞ്ഞാറിന്‍റെ സ്വന്തം ‘പി സി’ ചീഫ് വിപ്പ് വരെയായത്.

പൂഞ്ഞാറില്‍ ഭൂകമ്പം പ്രവചിക്കുന്ന ഒരാള്‍ ഉണ്ടെന്ന് കുറേക്കാലം മുമ്പാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. അദ്ദേഹത്തിന്‍റെ പ്രവചനങ്ങള്‍ വിശ്വസിച്ച് ഭൂകമ്പം ഭയന്ന് വീടുവിട്ട് പോയവര്‍ അപഹാസ്യരാവുകയും ചെയ്തു. അങ്ങനെയൊരാള്‍ സ്വന്തം മണ്ഡലത്തിലുള്ളതുകൊണ്ടാവണം പ്രവചനക്കാര്യത്തില്‍ പി സി ജോര്‍ജ്ജും ഒട്ടും മോശമല്ല.

ഒരാഴ്ച മുമ്പ്, കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച് രണ്ടിന് മല്ലപ്പള്ളിയില്‍ ഒരു പൊതുചടങ്ങിലാണ് പി സി ജോര്‍ജ് ഒരു പ്രവചനം നടത്തിയത്. അത് ഇങ്ങനെയായിരുന്നു - ‘വരുന്ന ഒരാഴ്ചയ്ക്കുള്ളില്‍ കേരള രാഷ്ട്രീയം എങ്ങോട്ടുപോകും എന്ന് പറയാനാവില്ല. പിറവം ഉപതെരഞ്ഞെടുപ്പൊന്നുമല്ല. നിങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കൂ’.

ഇതുകേട്ടവരൊന്നും അത്ര കാര്യമാക്കിയില്ല. പി സി അങ്ങനെ എന്തൊക്കെ പറയുന്നു. പക്ഷേ ഈ പ്രവചനം അങ്ങനെയായിരുന്നില്ലെന്ന് നെയ്യാറ്റിന്‍‌കരയില്‍ ബോംബ് പൊട്ടിയപ്പോഴാണ് ഏവര്‍ക്കും ബോധ്യമായത്. നെയ്യാറ്റിന്‍‌കര എം എല്‍ എ രാജിവയ്ക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, പുലര്‍ച്ചെ അഞ്ചുമണിക്ക് മുഖ്യമന്ത്രിയെ കാണാന്‍ പി സി ജോര്‍ജ് എത്തിയിരുന്നു എന്നും ഒപ്പം ശെല്‍‌വരാജ് ഉണ്ടായിരുന്നു എന്നും എല്‍ ഡി എഫ് നേതാക്കള്‍ ആരോപിക്കുന്നു.

ശെല്‍‌വരാജിന്‍റെ രാജി ഒരു കുതിരക്കച്ചവടമല്ല എന്നാണ് യു ഡി എഫ് നേതാക്കള്‍ ആവര്‍ത്തിച്ച് ആണയിടുന്നത്. പക്ഷേ പി സി ജോര്‍ജിന്‍റെ പ്രവചനവും ‘യു ഡി എഫിലേക്ക് പോകാന്‍ തയ്യാര്‍’ എന്ന ശെല്‍‌വരാജിന്‍റെ പ്രസ്താവനയും ഉമ്മന്‍‌ചാണ്ടിയുടെയും മറ്റ് നേതാക്കളുടെയും ശരീരഭാഷയുമെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ ഈ ബോംബിന് മരുന്നുണ്ടാക്കിയത് യു ഡി എഫ് കേന്ദ്രങ്ങളിലല്ലേ എന്ന സംശയം ബലപ്പെടുകയാണ്.

അതേസമയം, പി സി ജോര്‍ജ് അടുത്ത പ്രവചനവും നടത്തിക്കഴിഞ്ഞു. ഒരു മാസത്തിനുള്ളില്‍ വീണ്ടും സി പി എമ്മിനുള്ളില്‍ ബോംബുകള്‍ പൊട്ടുമെന്നാണ് പി സിയുടെ പ്രവചനം. രാഷ്ട്രീയകേരളമേ, കാത്തിരുന്ന് കാണൂ.

ചിത്രത്തിന് കടപ്പാട് - റിപ്പോര്‍ട്ടര്‍ ടിവി

വെബ്ദുനിയ വായിക്കുക