ഈനോസിനെ ഒന്നൂടെ തല്ലാമോ?

P.S. AbhayanWD
ഈനോസുകുട്ടിക്ക് എല്ലാം പുല്ലാ....നഗരമൊക്കെ അടക്കി ഭരിക്കുന്ന (ഭരിപ്പിക്കുന്ന?) ഗൂണ്ടകളുണ്ടല്ലോ... അമ്മോ! അവരുടെ കാര്യം പറയുമ്പോഴേ ഒരു മാതിരി, ഒരു വിറയലോ കിടുക്കമോ എന്തരൊക്കെയോ പോലെ....ആ ഗൂണ്ടകള്‍ വന്ന് മുന്നില്‍ നിന്നാലും കൂസില്ല. എന്തൊരു ധൈര്യം എന്ന് കരുതിയോ?

ഇതാപറയുന്നത് കാര്യം മുഴുവനും പറയുന്നതിന് മുമ്പ് ഇന്നതാ പറയാന്‍ വരുന്നേ എന്ന് കേറിയങ്ങ് ധരിക്കരുത് എന്ന്. ഈനോസിനെ ഗൂണ്ട എന്ന പേരില്‍ അറിയപ്പെടുന്ന ‘നാട്ട് ഭീകരന്‍’ കേറിയൊരു പെട പെടച്ചൂന്നങ്ങ് കരുതുക. ഈനോച്ചന്‍ കണ്ണിലെ പൊന്നീച്ചകളെല്ലാം പറന്നകലാന്‍ അല്‍പ്പ സമയം കൊടുക്കും. പിന്നെയൊരു ചോദ്യമാ ‘ഒന്നൂടെ തല്ലാമോ?’. അതിനൊപ്പം മേമ്പൊടിയായി ‘ആനപ്പുറത്തെ അണ്ണാനെപ്പോലെ’ കണ്ണൊന്നുരുട്ടുകയും ചെയ്യും!

ഇവനാളു പുലിതന്നെ! എന്ന മട്ടില്‍ ഗൂണ്ട അല്‍പ്പമൊന്ന് പതറും. എന്നാലും ആ കണ്ണുരുട്ട് കാണുമ്പോള്‍ ആര്‍ക്കായാലും പിന്നെയും പെരുത്ത് കേറും. വീണ്ടുമൊരു പെട വീഴാന്‍, ഇത്രയും കാലത്തെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പറഞ്ഞാല്‍, സെക്കന്‍ഡുകളുടെ താമസമേ വരൂ!

P.S. AbhayanWD
ഈനോസിന്‍റെ കാര്യം പറഞ്ഞ പോലാ ആണവ വൈക്ലബ്യം ബാധിച്ച പോളിറ്റ് ബ്യൂറൊവാലയുടെ കാര്യവും. രണ്ട് വര്‍ഷത്തിനു മുമ്പ് ആ സിംഗ്ജി ഇട്ടൊരു ‘തട്ട്’ കൊടുത്തു, ആരുടെയും ‘മൂക്കും മുഞ്ഞിയുമൊന്നും’ കാണേണ്ട വേണേല്‍ പിന്തുണച്ചാമതി എന്ന്. അന്നൊന്നു പിണങ്ങി, പിന്നെ ചിന്തിച്ചപ്പോള്‍ ഭരണം തീരാന്‍ പിന്നെയും കിടക്കുന്നു രണ്ട് മൂന്ന് വര്‍ഷം കൂടി. എന്നാപിന്നെ ഒന്നൂടെ പറയാമോന്നായി ബ്യൂറോവാല. ഈനോസും ഇദ്ദ്യവും കേരളക്കാരായതു കൊണ്ടാവാം ഒരേ ചിന്ത!

എന്തായാലും അന്ന് കേന്ദ്രത്തിലെ ആയമ്മ ധര്‍മ്മവും നീതിയൊക്കെ നുമ്മക്കും ഉണ്ടെന്ന് പറഞ്ഞ് സിംഗ്ജിയെ നോക്കി കണ്ണിറുക്കി ബ്യൂറോവാലയെ നോക്കി കരച്ചില്‍ വരുത്തി. ആയമ്മയുടെ കണ്ണീരില്‍ വീണെന്ന് വരുത്തിത്തീര്‍ത്ത് മൊത്തം നാല് വര്‍ഷം കഴിഞ്ഞപ്പോഴാണ് തെരഞ്ഞെടുപ്പിനെ കുറിച്ച് ഓര്‍ത്തത്! ബ്യൂറോവലയും സംഘവും വീഴിക്കാന്‍ നോക്കി, അപ്പോഴും കിട്ടി പെട, അകത്തു നിന്നും പുറത്തു നിന്നും. സിംഗ്ജിക്ക് ഒരു പോറല്‍ പോലും ഏറ്റതുമില്ല.

എന്നിട്ടിതാ ഇപ്പോ വടക്കേ ഇന്ത്യയിലെ ജയലളിതാമ്മയെ, അയ്യോ അല്ലേ മായാമ്മയെ എഴുന്നള്ളിച്ച് വീണ്ടും പുള്ളി ഇറങ്ങിയിട്ടുണ്ട്. മൂന്നാമതൊരു മുന്നണി ഉടനെ ഉണ്ടാവുമത്രേ...സിംഗ്ജിയും ആയമ്മയും പിന്നെ പ്രധാനമന്ത്രി ആയിക്കോളാഞ്ഞിട്ട് ഹൃദയത്തെ താമരയാക്കി വിടര്‍ത്തുന്ന മറ്റേ അദ്ദ്യവും പേടിക്കണമെന്നാണോ അതോ ‘ഒന്നൂടെ അടിക്കാമോ’ എന്നാണോ ഈ മുന്നറിയിപ്പിന്‍റെ ഉദ്ദേശം?