വൃശ്ചികം പിറന്നാല്‍ പിന്നെ രണ്ട് മാസം ശബരിമല തീര്‍ത്ഥാടന കാലമായി. ധനു പതിനൊന്നു വരെയുള്ള മണ്ഡലകാലവും പിന്നെ മകരം ഒന്നു വരെയുള്ള മകരവിളക്ക് കാലവും. മുമ്പ് തീര്‍ത്ഥാടകര്‍ കാല്‍നടയായി ആയിരുന്നു ശബരിമലയില്‍ പോയിരുന്നത്. ഇന്ന് പമ്പ വരെ വാഹന സൌകര്യമുണ്ട്.
പമ്പവരെ വാഹത്തില്‍ പോവുന്നു.പമ്പയില്‍ നിന്ന് നീലിമല കയറി അപ്പാച്ചിമേട് കടന്ന് സന്നിധാനത്തിലെത്താം. ഇതാണ് ഇന്ന് കൂടുതല്‍ ഭക്തന്മാര് ഉപയോഗിക്കുന്ന വഴി.
മറ്റൊന്ന് എരുമേലിയില്‍ നിന്ന് അഴുത വഴി കരിമല കയറി വലിയാനവട്ടം, ചെറിയാനവട്ടം വഴി പമ്പയിലെത്തി നീലിമല ചവുട്ടി സന്നിധാനത്തിലെത്താം.രണ്ടാമത്തെ വഴി വളരെ കഠിനമാണ്.
പണ്ടൊക്കെ ആളുകള്‍ കരിമലയും നീലിമലയും കയറിയാണ് ശബരിമലയ്ക്ക് പോയിരുന്നത്.ഇന്നും നല്ലൊരു വിഭാഗം ഭക്തര്‍ ഈ വഴിയാണ് വരുന്നത്.
ഇന്ന് തീര്‍ത്ഥാടനത്തിന്റെ ആദ്യ ഘട്ടമായ മണ്ഡലക്കാലത്ത് (വൃശ്ചികം 1 മുതല്‍ ധനു 11 വരെ) കരിമല വഴിയുള്ള വനപാതയിലൂടെ പോകുന്ന തീര്‍ത്ഥാടകര്‍ കുറവാണ്.
പക്ഷെ ജനുവരി ഒന്നു മുതല്‍ തുടങ്ങുന്ന മകരവിളക്കു കാലത്ത് പതിനായിരക്കണക്കിനു ജനങ്ങള്‍ ഈ പാതയിലൂടെ തീര്‍ത്ഥാടനം നടത്തുന്നു. എരുമേലി കഴിഞ്ഞ് ഇരുന്പുന്നിക്കരയില്‍ നിന്ന് തീര്‍ത്ഥാടകര്‍ കാട്ടിലേക്ക് കടക്കുന്നു.
ശ്രീ അയ്യപ്പന്റെ പൂങ്കാവനമെന്നറിയപ്പെടുന്ന പുണ്യഭൂമിയിലൂടെ നഗ്നപാദരായാണ് തീര്‍ത്ഥാടനം. വനത്തിനുള്ളില്‍ പ്രവേശിച്ച് മൂന്ന് കിലോമീറ്ററോളം നടന്നു കഴിയുന്പോള്‍ അരശുമുടിക്കോട്ട എന്ന സ്ഥലത്തെത്തുന്നു.
അയ്യപ്പനും സൈന്യങ്ങളും വിശ്രമിച്ച സ്ഥലമാണ് ഇതെന്നാണ് വിശ്വാസം. വനപാലകരായ ദേവന്മാരെയാണ് ഇവിടെ ആരാധിക്കുന്നത്.
ഇടത്താവളമായി കാളകെട്ടി
എരുമേലിയില്‍ നിന്ന് 11കിലോമീറ്ററോളം നടന്നു കഴിയുന്പോള്‍ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ കാളകെട്ടിയില്‍ എത്തുന്നു. അവിടേക്കുള്ള യാത്രയില്‍ രണ്ടു കയറ്റങ്ങളുണ്ട്. മഹിഷിയുടെ വധത്തിനുശേഷം അയ്യപ്പന് നടത്തിയ വിജയനൃത്തം കാണാന്‍ വന്ന ശിവന് വാഹനമായ കാളയെ ആഞ്ഞിലി മരത്തില്‍ കെട്ടിയതിനാലാണ് ഇവിടം കാളകെട്ടി എന്നറിയപ്പെടുന്നത് എന്നാണ് വിശ്വാസം.
അഴുതയില്‍ പ്രാണന് പുണ്യാഹം
കാളകെട്ടിയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ അഴുത. അഴുതയുടെ തീരത്ത് ഒരു ചെറിയ ക്ഷേത്രസമുച്ചയമുണ്ട്. തീര്‍ത്ഥാടകര്‍ ഇവിടെ നടത്തുന്ന ആഴി പൂജ പ്രധാനമാണ്. തീര്‍ത്ഥാടനത്തിന്റെ ഭാഗമാണ് അഴുതാ നദിയിലെ പുണ്യസ്നാനം.
നദിയില്‍ മുങ്ങി കല്ലെടുത്ത് കല്ലിടും കുന്നില്‍ ഇടുന്നത് തീര്‍ത്ഥാടനത്തിലെ അനുഷ്ഠാനമാണ്. സ്നാനത്തിനുശേഷം നദി കുറുകെ കടന്ന് തീര്‍ത്ഥാടകര്‍ അക്കരെ കയറുന്നു. പിന്നെ മൂന്നു കിലോമീറ്ററോളം അഴുതമേട് എന്നറിയപ്പെടുന്ന ഇത് ശബരിമല തീരത്ഥയാത്രയിലെ മൂന്നു പര്‍വ്വതങ്ങളില്‍ ഒന്നാണ്.
കല്ലിടും കുന്ന്
അഴുതമേട് കയറ്റം അവസാനിക്കുന്നത് കല്ലിടും കുന്നിലാണ്. അഴുതാ നദിയില്‍ നിന്ന് എടുത്ത കല്ല് തീര്‍ത്ഥാടകര്‍ ഭക്തിപൂര്‍വ്വം കല്ലിടും കുന്നില്‍ നിക്ഷേപിച്ച് കര്‍പ്പൂരദീപം കത്തിക്കുന്നു.
ഇഞ്ചിപ്പാറക്കോട്ട
കല്ലിടും കുന്നില്‍ നിന്ന് ഏറെക്കുറെ ഒരു സമതല പ്രദേശത്തുകൂടി അല്പദൂരം നടക്കുമ്പോള്‍ ഇഞ്ചിപ്പാറക്കോട്ടയില്‍ എത്തുന്നു. ഇവിടെയായിരുന്നു ഉദയനന്റെ പ്രധാനകോട്ട സ്ഥിതി ചെയ്തിരുന്നത്.
മുക്കുഴിയും കടന്ന് ..
ഇഞ്ചിപ്പാറക്കോട്ടയില്‍ നിന്ന് താഴേയ്ക്ക് മലഞ്ചെരിവിലൂടെയുള്ള ഒരു വലിയ ഇറക്കമാണ്. അത് അവസാനിക്കുന്നത് മുക്കുഴി എന്ന താഴ്വരയിലാണ്. ഇവിടെ ദേവീക്ഷേത്രവും ഗണപതിക്ഷേത്രവും ഉണ്ട്.
കരിമല കയറ്റം കഠിനമെന്റയ്യപ്പ !
മുക്കുഴിയില്‍ നിന്ന് നിബിഡവനങ്ങളിലൂടെ പതിനൊന്നു കിലോമീറ്റര്‍ യാത്ര ചെയ്ത് കരിമലയുടെ താഴ്വരയിലെത്താം. ഏഴു തട്ടുകളിലായിട്ടാണ് കരിമല. കരിമലയില്‍ കൊള്ളക്കാരനായ ഉദയനന്റെ ആസ്ഥാനമായിരുന്ന പ്രധാന കോട്ട ഉണ്ടായിരുന്നുവെന്ന് അയ്യപ്പന് പാട്ടുകളില്‍ പറയുന്നു.
വനദുര്‍ഗ, കരിമല നാഥന്, കൊച്ചു കടുത്ത എന്നീ ദേവകളെ ആരാധിക്കുന്ന സ്ഥാനങ്ങള്‍ കരിമലയുടെ മുകളിലുണ്ട്. കാറ്റൂ മൃഗങ്ങളെ പേറ്റിച്ചുവേണം ഇന്നും ഈ വഴി പോകാന്‍. ചെങ്കുത്തയ കയറ്റവും കൂര്ത്തുമൂര്ത്തകല്ലുകളും മുള്ലുകളം യാത്ര ദുഷ്കരമക്കും. കരിമല കയറ്റം കഠിനമെന്രയപ്പാ എന്ന ചൊല്ലുവരാന്‍ കാരണമിതാണ്
വലിയാനത്താവളവും ചെറിയാനത്താവളവും
കരിമലയിറക്കത്തിന്റെ അവസാനത്തില്‍ തീര്‍ത്ഥാടകര്‍ വലിയാനത്താവളത്തില്‍ എത്തുന്നു. പന്തളത്ത് നിന്ന് തിരുവാഭരണം കൊണ്ടുവരുന്പോള്‍ അത് കുറച്ചു സമയം വയ്ക്കുവാനുള്ള പീഠം ഇവിടെ ഉണ്ട്. പന്പയുടെ കൈവഴിയുടെ തീരത്താണ് വലിയാനത്താവളം. വലിയാനത്താവളത്തില്‍ നിന്നും അല്പം കൂടി നടക്കുന്പോള് തീര്‍ത്ഥാടകര്‍ ചെറിയാനത്താവളത്തില്‍ എത്തുന്നു.
പാപനാശിനി പമ്പ
"പമ്പാ സരസ്തടം ലോകമനോഹരം'' എന്ന് എഴുത്തച്ഛന് പമ്പാതീരത്തെ വര്‍ണ്ണിക്കുന്നു. രാമായണവുമായി ബന്ധപ്പെട്ട പല പുണ്യസ്ഥലങ്ങളും പന്പയ്ക്കു ചുറ്റുമുണ്ട്. നദിയുടെ ഒരു കിലോമീറ്റര്‍ മുകളിലാണ് കല്ലാറും കക്കാട്ടാറും പമ്പയുമായി ചേരുന്ന ത്രിവേണി സംഗമം.
ഇവിടെ ഒരു പാറയില്‍ മനുഷ്യപാദത്തെ അനുസ്മരിപ്പിക്കുന്ന അടയാളം പതിഞ്ഞിരിക്കുന്നു. "രാമപാദം' എന്ന് അറിയപ്പെടുന്ന ഇത് ശ്രീരാമന്റെ പാദമുദ്രയാണെന്ന് വിശ്വസിക്കുന്നു.
പമ്പാസദ്യ, പമ്പാവിളക്ക്
തീര്‍ത്ഥാടക സംഘങ്ങള്‍ക്ക് പമ്പാസദ്യ പ്രധാന അനുഷ്ഠാനമാണ്. ശബരിമലയുടെ വിമോചനത്തിനുശേഷം അയ്യപ്പന് തന്റെ സൈനികര്‍ക്കായി പമ്പാതീരത്ത് ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയെ ഇത് അനുസ്മരിപ്പിക്കുന്നു.
മകരസംക്രമ പൂജയ്ക്ക് ഒരുദിവസം മുന്‍പ് പന്പാ തീരത്ത് പമ്പവിളക്ക് എന്ന ദിപോത്സവം നടക്കുന്നു.
ഉദയനനെ കീഴടക്കിയശേഷം പന്പാതീരത്തു നടത്തിയ വിജയാഘോഷത്തെയാണ് ഇത് അനുസ്മരിപ്പിക്കുന്നത്. വാഴപ്പോളയും കമുകിന്‍പോളയും മറ്റും കൊണ്ടുണ്ടാക്കിയ ചെറിയ ഓടങ്ങളില്‍ എണ്ണ വിളക്കുകള്‍ ഉറപ്പിച്ച് ഒഴുക്കിവിടുന്നു. പമ്പയിലൂടെ ഒഴുകിപ്പോകുന്ന ആയിരക്കണക്കിനുള്ള ദീപങ്ങള്‍ മനോഹരമായ ദൃശ്യമാണ്.
നീലിമല കടന്നാല്‍ സ്വാമിയെ കാണാം
നീലിമലയിലേയ്ക്കുള്ള കയറ്റമാണ് ഇനിയുള്ളത്. പമ്പാതീരത്തു നിന്ന് പമ്പാഗണപതി ക്ഷേത്രത്തിലേക്കുള്ള പടികളാണ് ആദ്യം കയറേണ്ടത്. ഗണപതിക്ഷേത്രം നില്ക്കുന്ന സ്ഥലം ക്ഷേത്രസമുച്ചയമാണ്.
നീലിമല കയറ്റം ആരംഭിക്കുന്നതിനുമുന്പ് പന്തളം രാജാവിന്റെ പ്രതിനിധിയുടെ ആസ്ഥാനമുണ്ട്. അവിടെ നിന്ന് പ്രസാദമായി ഭസ്മം ലഭിക്കുന്നു. പമ്പയില്‍ നിന്ന് ശബരിമലയിലേക്കുള്ള ദൂരം ഏഴ് കിലോമീറ്ററാണ്.
പടികളുള്ള പ്രധാന പാരമ്പര്യ പാതയ്ക്കു പുറമെ വലതുവശത്തായി "ശ്രീ അയ്യപ്പന് റോഡ്' എന്നു പേരുള്ള പടികള്‍ കെട്ടിയിട്ടില്ലാത്ത പാതയുണ്ട്. ഈ രണ്ടു മാര്‍ഗങ്ങളും ശരംകുത്തിയാലിന്റെ സമീപത്ത് സമ്മേളിക്കുന്നു.
ഇവിടെ നിന്ന് ശരം കുത്തിയാലിന് അരികിലൂടെയാണ് പ്രധാന മാര്‍ഗം. ചന്ദ്രാനന്ദന്‍ റോഡ് എന്ന് മറ്റൊരു മാര്‍ഗവും ഇവിടെ നിന്ന് സന്നിധാനത്തിലേയ്ക്കുണ്ട്. നീലിമല കയറ്റം ദുഷ്കരമായവര്‍ക്ക് നാലുപേര്‍ വഹിക്കുന്ന ഡോളികള്‍ ലഭ്യമാണ്.`