തുറന്ന മനസ്സോടെ വ്യക്തമായ നിലപാടോടെ നിങ്ങളുമായി ആരെങ്കിലും അവരുടെ സമയം പങ്കിടുന്നുണ്ടെങ്കില്‍ അവരുടെ സൌഹൃദം പങ്കിടുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ ഭാഗ്യമാണ്. ഓരോ സൌഹൃദവും ഓരോ ഭാഗ്യ നക്ഷത്രങ്ങളാണ്, പത്തരമാറ്റ് തിളക്കമുള്ള ഭാഗ്യനക്ഷത്രം. വിലയുള്ളതാണ് സൌഹൃദം, എന്നാല്‍ അത് വിലമതിക്കാനാവാത്തതാണ്.
സൌഹൃദം പലതരത്തിലാണ്. ചിലര്‍ക്ക് ഒരുപാട് പേര്‍ സുഹൃത്തുക്കളായി ഉണ്ടാകും. ചിലര്‍ക്ക് വിരലില്‍ എണ്ണവുന്ന വളരെ ചുരുക്കം ചിലര്‍ മാത്രം. എന്നാല്‍, മറ്റു ചില സൌഹൃദങ്ങള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ഒരുപാട് സുഹൃത്തുക്കള്‍, എന്നാല്‍ ഇതില്‍ തന്നെ വിരലിലെണ്ണാവുന്ന ചുരുക്കം ചിലര്‍ മാത്രമായിരിക്കും അവരുടെ അടുത്ത സുഹൃത്തുക്കള്‍. സൌഹൃദങ്ങള്‍ സുകൃതങ്ങളാണ്, പുണ്യമാണ്.
നമ്മുടെ കറകളഞ്ഞ മാനസികാരോഗ്യത്തിന് ദൃഢതയുള്ള സൌഹൃദങ്ങള്‍ ആവശ്യമാണ്. ചിലപ്പോള്‍ അത്യാവശ്യവും. ജീവിതത്തിന്‍റെ ചില നിമിഷങ്ങളില്‍ ഒന്നു തളര്‍ന്നു പോകുമ്പോള്‍ ‘സാരമില്ലടേ’ എന്ന ഏറ്റവും അടുത്ത സുഹൃത്തിന്‍റെ സാന്ത്വനവചനമായിരിക്കും നമുക്ക് കരുത്താകുക. ആരുമില്ലെന്ന് കരുതിയിരിക്കുമ്പോള്‍ ‘എന്താടാ, എന്തു പറ്റി?’ എന്ന ചോദ്യം മനസ്സിലേക്ക് കടത്തിവിടുന്ന കുളിര്‍മ്മ അവര്‍ണ്ണനീയമാണ്. സൌഹൃദക്കൂട്ടങ്ങളില്‍ ദൂരങ്ങളെ പരിഗണിക്കാതെ ഓടിയെത്തുന്ന, കമ്പനിയില്‍ വഴക്കുണ്ടാക്കി അവധി എടുത്ത് പാഞ്ഞുവരുന്ന ഒരു സുഹൃത്തെങ്കിലും നിങ്ങള്‍ക്ക് ഉണ്ടോ? ഉണ്ടെങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്മാരാണ്.
സൌഹൃദത്തെക്കുറിച്ച് പറഞ്ഞ് തുടങ്ങിയപ്പോള്‍ തന്നെ അതിന്‍റെ വിലയെക്കുറിച്ചും വിലമതിക്കാന്‍ കഴിയില്ല എന്നതിനെക്കുറിച്ചുമാണ് പറഞ്ഞത്. മനസ്സിനോട് ചേര്‍ന്നു നില്ക്കുന്നവര്‍, തളര്‍ന്നു വീഴുമ്പോഴും താങ്ങായി എത്തുന്നവര്‍, നഷ്ടങ്ങള്‍ നോക്കാതെ ഒപ്പം നില്ക്കുന്നവര്‍...ഇവരെല്ലാം നമുക്ക് തരുന്ന മാനസികോന്മേഷം ചില്ലറയല്ല. തെറ്റ് കാണുമ്പോള്‍ തിരുത്താന്‍ ശക്തമായ, ജീവിതത്തില്‍ നല്ലത് സംഭവിക്കുമ്പോള്‍ മനസ്സു തുറന്ന് നമ്മെ അനുഗ്രഹിച്ച് ആശീര്‍വദിക്കുന്ന സുഹൃത്തുക്കള്‍ തന്നെയാണ് നമ്മുടെ ജീവിതത്തിന് ബലം നല്കുന്നത്.
നമ്മള്‍ നല്ല സുഹൃത്താകുമ്പോള്‍ മാത്രമാണ് നമുക്കും നല്ല സുഹൃത്തുക്കളെ ലഭിക്കുക. ആത്മാവിനോട് ചേര്‍ന്ന് നില്ക്കുന്ന സൌഹൃദങ്ങള്‍ നമ്മുടെ ജീവിതത്തില്‍ വിരലിലെണ്ണാവുന്നത് മാത്രമായിരിക്കും. എല്ലാം പറയുന്ന, എന്തും പറയാവുന്ന നമ്മുടെ ഹൃദയം പൊട്ടിച്ച് അകത്തു കയറിയ വളരെ ചുരുക്കം ചിലര്‍ നമുക്കുണ്ടാകും. അവര്‍ ഒരിക്കല്‍ പോലും നമ്മളെയോ നമ്മള്‍ ഒരിക്കല്‍ പോലും അവരെയോ വേദനിപ്പിക്കില്ല, കാരണം അത്തരം സൌഹൃദങ്ങള്‍ അത്രയധികം ‘അണ്ടര്‍സ്റ്റുഡ്’ ആയിരിക്കും.
എന്നാല്‍, ഹൃദയ കവാടത്തിന്‍റെ ഷെല്ലിന് പുറത്ത് നമ്മള്‍ നല്കുന്ന ചില സൌഹൃദങ്ങളുണ്ട്. നമുക്ക് ചില സൌഹൃദങ്ങള്‍ അങ്ങനെ ലഭിക്കാറുണ്ട്. ഇവിടെയാണ് ഓരോ സുഹൃത്തും ഒരു മാണിക്യമാണെന്ന് തിരിച്ചറിയേണ്ടത്. നമ്മള്‍ തീര്‍ത്തും ഒറ്റപ്പെട്ടെന്ന് തോന്നുമ്പോള്‍ അല്ലെങ്കില്‍ കൂടുതല്‍ കൂട്ടുകാര്‍ ആരുമില്ലാതിരിക്കുമ്പോള്‍ നമുക്ക് സൌഹൃദത്തിന്‍റെ തണല്‍ തരുന്ന കൂട്ടുകാര്‍. അവരെ വജ്രം പോലെ കാത്തുവെയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അത് ചിലപ്പോള്‍ അതിഭീകര നഷ്ടങ്ങളുടെ പട്ടികയിലേക്ക് ഉള്‍പ്പെടുത്തേണ്ടി വരും. സൌഹൃദത്തിന്‍റെ മൂല്യവും വിലയുമറിയാവുന്ന ഒരു സുഹൃത്ത്, അത് ആണാകട്ടെ പെണ്ണാകട്ടെ, നിങ്ങള്‍ അവരെ നഷ്ടപ്പെടുത്തുമ്പോള്‍ നഷ്ടം അവര്‍ക്കല്ല, നിങ്ങള്‍ക്ക് തന്നെയായിരിക്കും.
ഇത്തരം സൌഹൃദങ്ങള്‍ പല തരത്തിലാണ് നഷ്ടപ്പെടുത്തുന്നത്. സുഹൃത്തിനെക്കുറിച്ച് ചില നുണക്കഥകള്‍ പറഞ്ഞ് (ഇത് തമാശയ്ക്ക് പറയുന്നതാണെന്നാണ് ഇത്തരക്കാരുടെ പക്ഷം) അയാളുടെ ഹൃദയം കത്തി കൊണ്ട് മുറിക്കുന്നതിലും കഷ്ടമായിട്ടായിരിക്കും ഇത്തരക്കാര്‍ മുറിച്ചു വെയ്ക്കുക. ഒരു നുണക്കഥ പറയുമ്പോഴേക്കും തകരുന്നതാണോ ഇയാളുടെ മനസ്സെന്ന് നിങ്ങള്‍ ചോദിച്ചേക്കാം. പക്ഷേ, നുണക്കഥ അയാളുടെ വ്യക്തിജീവിതത്തെ സാരമായി ബാധിച്ചാലോ? എറിഞ്ഞ കല്ല് തിരിച്ചെടുക്കാം, പക്ഷേ പറഞ്ഞ വാക്ക് അങ്ങനെയല്ലല്ലോ? ഇങ്ങനെ വേദനിപ്പിക്കുന്നവരുമായി പിന്നെ ആരെങ്കിലും സൌഹൃദത്തിന് പോകുമോ?
ശരീരത്തില്‍ ഏല്പിക്കുന്ന മുറിവ് കാലം മായ്ക്കുമെന്നാണ്. എന്നാല്‍, വാക്ക് കൊണ്ട് ഒരാളുടെ മനസ്സില്‍ ഏല്പിക്കുന്ന മുറിവ് കാലം അസ്തമിച്ചാലും മാഞ്ഞെന്ന് വരില്ല. ഫലമോ, നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് നഷ്ടമാകുന്നത് തെളിമയുള്ള വിശ്വാസ്യതയുള്ള ഒരു സുഹൃത്തിനെ ആയിരിക്കും, സൌഹൃദം ആയിരിക്കും. ഈ സൌഹൃദവാരത്തില്‍ സുഹൃത്തുക്കളുടെ വില നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയട്ടെ. അബദ്ധവശാല്‍പ്പോലും ഒരു കൂട്ടുകാരനും കൂട്ടുകാരിയും നിങ്ങള്‍ക്ക് നഷ്ടമാകാതിരിക്കട്ടെ. നിങ്ങളുടെ സൌഹൃദം വിലപ്പെട്ടതാണ്. അത് അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം നല്കുക.