പ്രണയം എപ്പോള്‍ ആരംഭിക്കുന്നു എന്നത് ആര്‍ക്കും മുന്‍കൂട്ടി പറയാനോ പിന്നീട് ഓര്‍ത്തെടുക്കാനോ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രണയിച്ചു വിവാഹിതരായവര്‍ പിന്നീട് ആലോചിച്ചു നോക്കിയിട്ടുണ്ടോ, എപ്പോഴാണ് അവര്‍ക്ക് പരസ്പരം ആദ്യമായി പ്രണയം തോന്നിയതെന്ന്? അത് കണ്ടെത്താനോ തിരിച്ചറിയാനോ പെട്ടെന്ന് കഴിഞ്ഞെന്നു വരില്ല. പ്രണയം അവസാനിക്കുന്നതും അങ്ങനെയാണ്. സാവധാനം, പല പല കാരണങ്ങളാല്‍ മനസ്സുകളില്‍ നിന്ന് പ്രണയം ഒഴിഞ്ഞുപോകുന്നു.
പ്രണയിച്ചു വിവാഹിതരായവര്‍ അധികം വൈകാതെ വിവാഹമോചനത്തിലെത്തിച്ചേരുമ്പോള്‍ അത്ഭുതം തോന്നാറുണ്ടോ? വിവാഹത്തിന് ശേഷം പ്രണയം നഷ്ടപ്പെടുന്നതാണ് കാരണം. പ്രണയം എങ്ങനെ നഷ്ടപ്പെട്ടു എന്ന് അവര്‍ക്കുപോലും ചിലപ്പോള്‍ കണ്ടെത്താനാവില്ല. പല കാരണങ്ങള്‍, പല അഭിപ്രായ വ്യത്യാസങ്ങള്‍ പ്രണയനഷ്ടത്തിലേക്ക് നയിക്കുന്നു.
താന്‍ ഉറങ്ങുന്നത് തന്‍റെ ശത്രുവിനൊപ്പമാണ് എന്ന് തിരിച്ചറിയുന്നതോടെ വിവാഹമോചനം എന്ന അനിവാര്യതയിലേക്ക് അവര്‍ എത്തിച്ചേരുകയാണ്. കുറച്ചുനാള്‍ മുമ്പുവരെ താന്‍ ഏറ്റവും അധികം സ്നേഹിച്ചിരുന്ന വ്യക്തി എങ്ങനെ ശത്രുവായി മാറി എന്ന പരിശോധനയുടെ അവസാനം ഒരുപക്ഷേ, പ്രണയം എവിടെയാണ് നഷ്ടമായതെന്ന് കണ്ടുപിടിക്കാന്‍ സാധിച്ചേക്കും.
പരസ്പരമുള്ള മനസിലാക്കലാണ് പ്രണയത്തിന്‍റെ അടിസ്ഥാനം. വിവാഹത്തിനുമുമ്പുള്ള പ്രണയകാലത്ത് പരസ്പരമുള്ള തിരിച്ചറിവ് ഭാഗികമായി മാത്രമേ ഉണ്ടാകുന്നുള്ളൂ. പങ്കാളിയുടെ സ്വഭാവത്തിലെ നല്ല വശങ്ങള്‍ക്ക് അപ്പോള്‍ മുന്‍തൂക്കം നല്‍കും. എന്നാല്‍ വിവാഹശേഷം പങ്കാളിയുടെ ചീത്തവശങ്ങള്‍, പൊരുത്തക്കേടുകള്‍ എല്ലാം ഹൈലൈറ്റ് ചെയ്യപ്പെടുന്നു. താന്‍ സ്നേഹിച്ചിരുന്ന വ്യക്തിയില്‍ ഇങ്ങനെയുള്ള സ്വഭാവവിശേഷങ്ങള്‍ കണ്ടെത്തപ്പെടുന്നതോടെ അകല്‍ച്ച വര്‍ദ്ധിക്കുന്നു.
പരസ്പരമുള്ള ആശയവിനിമയത്തിലെ പാളിച്ചകളാണ് പല വിവാഹങ്ങളെയും പരാജയത്തിലേക്ക് നയിക്കുന്നത്. പങ്കാളിയുടെ സ്വഭാവത്തിലെ കുഴപ്പങ്ങളെ വിമര്‍ശിക്കുകയോ കുറ്റപ്പെടുത്തുകയോ അല്ല വേണ്ടത്. കുഴപ്പങ്ങള്‍ ചൂണ്ടിക്കാണിക്കുകയും അത് പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സ്നേഹപൂര്‍വം നല്‍കുകയും ചെയ്യണം. ഈ ലോകത്ത് നന്‍മകള്‍ മാത്രമുള്ള മനുഷ്യരില്ലെന്ന് സ്വയം തിരിച്ചറിയണം. നന്‍മയും തിന്‍മയും ചേരുന്നതാണ് മനുഷ്യന്‍. ദേവാസുര ഭാവങ്ങള്‍ ഒരാളില്‍ തന്നെയുണ്ടാകാം. ദേവഭാവത്തിന്‍റെ ശക്തികൂട്ടുകയും അസുരഭാവം ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്താല്‍ അവിടെ പ്രണയം പൂക്കുന്നു.
വിവാഹത്തിനു ശേഷം പരസ്പരപ്രണയത്തിന്‍റെ ശക്തി കൂട്ടുന്നതിനുള്ള കാര്യങ്ങളിലാണ് ശ്രദ്ധിക്കേണ്ടത്. ഒരു കുറഞ്ഞകാലത്തേക്കുള്ള ഏര്‍പ്പാടുമാത്രമല്ല പ്രണയം. അത് ജീവിതാന്ത്യം വരെ ഒപ്പം കൂട്ടേണ്ടതാണ്. പങ്കാളിയെ നിരന്തരം പ്രണയിക്കുക. ജീവിതം ഒരു പൂമരം പോലെ സുഗന്ധവാഹിയാകും.