പ്രണയിച്ച് വിവാഹിതരായ ജെയിംസിന്റെയും ആലിസിന്റെയും ജീവിതവും ബന്ധവും വഷളായത് അവിടെ തരളിതവികാരങ്ങള്‍ തളിരിടാതെ പോയപ്പോഴാണ്. ‘ജെയിംസ് ആന്‍ഡ് ആലിസ്’ എന്ന സിനിമയിലെ കഥാപാത്രങ്ങളായ ജെയിംസിന്റെയും ആലിസിന്റെയും കാര്യം തന്നെയാണ് പറഞ്ഞത്. കാമുകിയായ ആലിസിന് പ്രണയകാലത്തെ സന്തോഷങ്ങള്‍ എല്ലാം ‘ഫോര്‍ എവര്‍’ ആയിരിക്കുമെന്ന് പ്രോമിസ് ചെയ്തിട്ട് പോലും ജോലിത്തിരക്കുകള്‍ക്കിടയില്‍ ജെയിംസിന് ആ വാക്കു പാലിക്കാന്‍ കഴിയുന്നില്ല. ചെറിയ തമാശകളിലൂടെയും കുസൃതികളിലൂടെയും പൊട്ടിപ്പോകാതെ കാത്തു സൂക്ഷിക്കേണ്ടിയിരുന്ന ബന്ധം ചെറിയ ചെറിയ ഈഗോകളുടെ പുറത്ത് തച്ചുടയ്ക്കുകയാണ്, നമ്മുടെ നിത്യജീവിതത്തിലും ചിലപ്പോഴൊക്കെ സംഭവിക്കുന്നതും ഇതൊക്കെ തന്നെയാണ്. സൌഹൃദത്തില്‍, പ്രണയത്തില്‍, ദാമ്പത്യത്തില്‍ അങ്ങനെ ബന്ധം വഷളാകുന്ന രംഗങ്ങളും രീതികളും മാറുമെന്ന് മാത്രം.
ഏതൊരു ബന്ധത്തിലും, അത് സൌഹൃദമായാലും പ്രണയമായാലും ദാമ്പത്യമായാലും ഒരു കുഞ്ഞുകരുതല്‍ ആണ് പങ്കാളി അല്ലെങ്കില്‍ സുഹൃത്ത് ആഗ്രഹിക്കുന്നത്. ഒരു വാക്ക് കൊണ്ടോ നോക്കു കൊണ്ടോ ഒന്നും നഷ്‌ടപ്പെടാന്‍ ഇല്ലെങ്കിലും ആ ഒരു കരുതല്‍ നല്കാന്‍ മടി കാണിക്കുന്നവരാണ് നമ്മില്‍ ഭൂരിഭാഗവും. എന്തിനിത്ര അധികം മസില്‍ പിടിക്കുന്നു എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഒരു വിഡ്‌ഢിച്ചിരി ആയിരിക്കും എന്നത് സുനിശ്ചിതം.
കാര്യങ്ങള്‍ തുറന്നുപറഞ്ഞുള്ള സൌഹൃദത്തിലോ പ്രണയത്തിലോ ദാമ്പത്യത്തിലോ പെട്ടെന്നൊരു ഉലച്ചില്‍ വീഴില്ല. പക്ഷേ, ഒരാള്‍ മന:പൂര്‍വ്വം തിരക്ക് സൃഷ്‌ടിക്കുകയും പങ്കാളിയുടെ അടുത്ത് സംസാരിക്കാന്‍ പോലും സമയം ഇല്ലാത്തവിധം ബിസിയാണെന്ന് വരുത്തി തീര്‍ക്കുകയും ചെയ്യുന്നിടത്ത് ബന്ധത്തിന്റെ ആഴവും മൃദുത്വവും നഷ്‌ടപ്പെടുകയാണ്. അത്, പയ്യെപ്പയ്യെ സ്വയം കെട്ടിയുണ്ടാക്കുന്ന ഭാവനയുടെ ലോകത്തും സ്വയം സൃഷ്‌ടിച്ചെടുക്കുന്ന കാരണങ്ങളുടെ ശരിപക്ഷത്തുമായിരിക്കും. അതുകൊണ്ടു തന്നെ, ഒരു ബന്ധം അത് എന്തു തന്നെയായാലും തുറന്നുപറച്ചിലാണ് അതിന്റെ നിലനില്പിന് അത്യാവശ്യം വേണ്ടത്.
ന്യൂ ജനറേഷന്‍ ബന്ധങ്ങള്‍ എല്ലാം ചാറ്റ് ബോക്സിലും ഫോണ്‍ വിളികളിലും തളിരിടുന്നതും വളരുന്നതുമാണ്. ഒരു അനിഷ്‌ടം ഉണ്ടായാല്‍ ചാറ്റ് ബോക്സിലെ ‘ടാറ്റ ബൈ ബൈ’യില്‍ തീരുന്ന ബന്ധങ്ങളാണ് ഇവയില്‍ മിക്കതും. പരസ്പരം ഒന്നു കാണാനോ മനസ്സു തുറന്ന് സംസാരിക്കാനോ പലര്‍ക്കും സമയമില്ല. അതുകൊണ്ടു തന്നെ, താനെന്ന വ്യക്തിയെക്കുറിച്ച് പങ്കാളിക്ക് വ്യക്തത നല്കാന്‍ മിക്കവര്‍ക്കും കഴിയുന്നില്ല. ഒരു ആപത്തുണ്ടായാല്‍ താന്‍ വിശ്വസിക്കുന്ന സുഹൃത്ത്, പ്രണയിക്കുന്നയാള്‍, ജീവിതപങ്കാളി ഒപ്പമുണ്ടാകുമെന്ന് ഉറപ്പുള്ള എത്രപേരുണ്ടാകും ?
ഭാര്യയുടെ സുഹൃത്ത് ഒരുക്കുന്ന പാര്‍ട്ടിയില്‍ ഭാര്യയുമൊന്നിച്ച് പോകാമെന്ന് വാക്കു നല്കുന്ന ഭര്‍ത്താവ്. എന്നാല്‍, സമയമാകുമ്പോള്‍ പെട്ടെന്ന് മറ്റൊരാവശ്യത്തിന് ഭര്‍ത്താവിന് പോകേണ്ടി വരുന്നു. മിക്ക ഭാര്യമാരും ഈയൊരു സമയത്ത് വയലന്റ് ആകുന്നതാണ് പതിവ്. ഇത്തരം സാഹചര്യങ്ങളെ മനോഹരമായി കൈകാര്യം ചെയ്യുന്നിടത്താണ് ബന്ധങ്ങളെ കാത്തുസൂക്ഷിക്കാനുള്ള മിടുക്ക് വിലയിരുത്തപ്പെടുക. കാര്യങ്ങള്‍, പല രീതിയില്‍ അവതരിപ്പിക്കാം, അതുകൊണ്ടു തന്നെ കേള്‍ക്കുന്നയാള്‍ക്ക് തന്നെ വിലമതിക്കുന്നു എന്ന തോന്നല്‍ ഉണ്ടാക്കാന്‍ നിങ്ങളുടെ സംഭാഷണങ്ങള്‍ക്ക് കഴിയുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഒരു സൌഹൃദവും ബന്ധവും ഒരിക്കലും നശിക്കുകയില്ല.