മാധവിക്കുട്ടി മതം മാറിയത് സമദാനിയെ വിവാഹം കഴിക്കാന്‍!

തിങ്കള്‍, 3 ജൂണ്‍ 2013 (19:13 IST)
PRO
PRO
മലയാളിയുടെ പ്രിയപ്പെട്ട ആമി, വായനയുടെ നീര്‍മാതളപ്പൂക്കള്‍ അനുവാചകര്‍ക്ക് പകര്‍ന്നുനല്‍കിയ മാധവിക്കുട്ടി എന്തിനാണ് മതം മാറിയതെന്ന് എല്ലാവരും പരസ്പരം ചോദിച്ചതാണ്. എന്നാല്‍ അതിനുകാരണം വീണ്ടും വിവാഹം കഴിക്കാനായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ജന്മഭൂമി പത്രാധിപയും എഴുത്തുകാരിയുമായ ലീലാമേനോന്‍. നിലവില്‍ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറിയായ അബ്ദുല്‍ സമദ് സമദാനിയെ വിവാഹം ചെയ്യാനാണ് മതം മാറിയതെന്ന ഞെട്ടിക്കുന്ന വസ്തുത ‘ജന്മഭൂമി’യുടെ വാരാന്ത്യപതിപ്പിലൂടെയാണ് ലീലാ മേനോന്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ലീലാമേനോന്റെ പ്രിയസുഹൃത്തായിരുന്നു മാധവിക്കുട്ടി. അതുകൊണ്ട് തന്നെ എല്ലാക്കാര്യങ്ങളും പരസ്പരം ഇവര്‍ പങ്കുവെച്ചിരുന്നു.

‘’എനിക്ക്‌ കമലാദാസ്‌ എന്ന മാധവിക്കുട്ടിയെ ഒരിക്കലും മറക്കാന്‍ സാധ്യമല്ല. അതിന്‌ കാരണം കമല എനിക്ക്‌ തന്ന ഒരു മോതിരമാണ്‌. ദിവസവും വലതുകയ്യിലെ മോതിരവിരലില്‍ ഞാനാമോതിരം ഇടുമ്പോള്‍ കമലയുടെ സുന്ദരമായ വിശാലനയനങ്ങളും പുഞ്ചിരി തത്തിക്കളിക്കുന്ന ചുണ്ടുകളും എന്റെ ഓര്‍മ്മയില്‍ ഓടിയെത്തും‘’ എന്നു കുറിച്ചിട്ടാണ് ‘കമല എങ്ങനെ സുരയ്യയായി?’ എന്ന ലേഖനം തുടങ്ങുന്നത്. കമലാദാസ് സുരയ്യയാകുന്നുവെന്നും അബ്ദുല്‍ സമദ് സമദാനിയെ വിവാഹം ചെയ്യുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടതെന്ന് ലീലാമേനോന്‍ ചൂണ്ടിക്കാട്ടുന്നു. കമല മതം മാറിയശേഷം പര്‍ദ്ദാധാരികളായ സ്ത്രീകളുടെ ആരാധനാപാത്രമായിയെന്നും അവരെ ഒന്നുതൊടാന്‍, കൈയില്‍ ഒന്നു ചുംബിക്കാന്‍ അവര്‍ വെമ്പല്‍ കാട്ടുന്നത് താന്‍ നോക്കിനിന്നിട്ടുണ്ടെന്നും ലീലാമേനോന്‍ പറയുന്നു.

മാധവിക്കുട്ടി മതം മാറാനുണ്ടായ സാഹചര്യം, ലീലാമേനോന്‍ ഇങ്ങനെ വെളിപ്പെടുത്തുന്നു, “കണ്ണൂരില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തിന്‌ ശേഷം കേരളത്തിലെ സാംസ്കാരികനായകര്‍ - സുഗതകുമാരി, വിഷ്ണു നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ - കണ്ണൂരില്‍ ഒരു ഏകദിന സത്യഗ്രഹമിരുന്നപ്പോള്‍ അതില്‍ ഞാനും പങ്കെടുത്തിരുന്നു. അതിന്‌ കമല വരാമെന്നേറ്റിരുന്നതാണ്‌, പക്ഷേ കമല വന്നില്ല. കാരണം തിരക്കി ഞാന്‍ ഫ്ലാറ്റില്‍ ചെന്നപ്പോഴാണ്‌ കമല അന്ന്‌ സമദാനിയുടെ ‘കടവ്‌’ എന്ന വീട്ടില്‍ അദ്ദേഹത്തിന്റെ ക്ഷണപ്രകാരം പോയി താമസിച്ചു എന്നും അവിടെവച്ച്‌ അവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നും മതം മാറിയാല്‍ തന്നെ വിവാഹം കഴിച്ചുകൊള്ളാം എന്ന്‌ സമദാനി പറഞ്ഞിട്ടുണ്ടെന്നും കമല എന്നോട്‌ വെളിപ്പെടുത്തിയത്”.

‘കമലയോട് പറഞ്ഞത് അഷിതയോടും സമദാനി പറഞ്ഞു’- അടുത്തപേജില്‍


PRO
PRO
കമലയെപ്പോലെ ഇത്ര നിഷ്കളങ്കയായ, പരിശുദ്ധഹൃദയയായ, സ്നേഹമയിയായ, കുസൃതിയായ, മനോഹരമായ പുഞ്ചിരിയും ആകര്‍ഷകമായ പൊട്ടിച്ചിരിയുമുള്ള സ്ത്രീകളെ താന്‍ പരിചയപ്പെട്ടിട്ടില്ല. വശ്യമായ നയനങ്ങളും മനോഹരമായ പുഞ്ചിരിയും സെന്‍സ്‌ ഓഫ്‌ ഹ്യൂമറും അതേസമയം ഇംഗ്ലീഷിലും മലയാളത്തിലും ഒരേപോലെ എഴുതാന്‍ കഴിവുമുള്ള കമല തന്റെ ദൃഷ്ടിയില്‍ ഒരു ‘ജീനിയസ്‌’ ആയിരുന്നുവെന്നും ലീലാമേനോന്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

മാധവിക്കുട്ടിയുടെ ദാനശീലവും ഇതുപോലെയാണ്. ദാനശീലയായ കമല പെട്ടെന്നുള്ള പ്രേരണയില്‍ ഇങ്ങനെ സാധനങ്ങള്‍ കൊടുക്കുമായിരുന്നു. ഇന്ദുമേനോന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ കമല തന്റെ കാര്‍ അവര്‍ക്ക്‌ നല്‍കിയത്‌ ചെറിയ കാറിലെ യാത്ര കുഞ്ഞിനെ അപകടപ്പെടുത്തിയാലോ എന്ന്‌ ഭയന്നായിരുന്നു. ഇന്ദുമേനോന്‍ ഗര്‍ഭഛിദ്രം നടത്തി എന്നറിഞ്ഞപ്പോള്‍ കാര്‍ കൊടുത്തതില്‍ കമല പശ്ചാത്തപിക്കുന്നത്‌ താന്‍ കണ്ടിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു. മുന്‍പ് ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്നോടുള്ള സ്നേഹം മൂലം തനിയ്ക്ക് മാധവിക്കുട്ടി കാര്‍ നല്‍കിയെന്ന് ഇന്ദുമേനോന്‍ പറഞ്ഞിരുന്നു.

മാധവിക്കുട്ടിയ്ക്ക് നല്‍കിയ വാഗ്ദാനത്തില്‍നിന്ന് സമദാനി പിന്നിട് പിന്മാറി. ഇതിനുശേഷം ഹിന്ദുമതത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും മക്കളുടെ നിര്‍ബന്ധവും പിടിവാശിയും മൂലമാണ് ഇത് നടക്കാതിരുന്നതെന്നും ലേഖനത്തില്‍ പറയുന്നു. സമദാനിയുടെ സ്വഭാവവും ലീലാമേനോന്‍ വിവരിക്കുന്നു, "കമല സമദാനിയുടെ ആദ്യത്തെ സുരയ്യ ആയിരുന്നില്ല. അഷിത എന്ന എഴുത്തുകാരിയോടും ഇതേ വാചകം ഇദ്ദേഹം പറഞ്ഞെന്നും അവര്‍ അദ്ദേഹത്തെ വാതില്‍ ചൂണ്ടിക്കാണിച്ച്‌ പുറത്തുപോകാന്‍ പറഞ്ഞെന്നും അഷിത എന്നോട്‌ പറഞ്ഞിട്ടുണ്ട്‌.

സമദാനി വാഗ്ദാനത്തില്‍ നിന്ന്‌ പിന്‍മാറിയപ്പോള്‍ കമല ഹിന്ദുമതത്തിലേക്ക്‌ തിരിച്ചു വരാന്‍ ആഗ്രഹിച്ചു. പക്ഷേ കമലയുടെ മൂത്ത മകന്‍ മോനു നാലപ്പാട്‌ അതിനെ ശക്തമായി എതിര്‍ത്തു. കമല ഹിന്ദു മതത്തിലേയ്ക്ക്‌ തിരിച്ചു വന്നാല്‍ മുസ്ലിങ്ങള്‍ കമലയെ മാത്രമല്ല മക്കളേയും ചെറുമക്കളേയും കൊല്ലും എന്നും മോനു അവരോട്‌ പറഞ്ഞു. പേടിച്ചിട്ടാണ്‌ കമല പര്‍ദ്ദയില്‍ തുടര്‍ന്നത്‌“. മനസില്‍ രാധയായി മാത്രം ജീവിച്ച കമലയെ എന്തിന് പാളയം പള്ളിയില്‍ സംസ്കരിച്ചുവെന്നു ചോദിച്ചുകൊണ്ടാണ് ലീലാ മേനോന്‍ ലേഖനം അവസാനിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക