അരികില്‍... നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.... ഒരു മാത്ര വെറുതെ നിനച്ചുപോയി...
പ്രണയം ഇങ്ങനെയാണ്? അകലും തോറും വീണ്ടും അടുക്കാന്‍ തോന്നും. അടുത്തൊന്ന് മുട്ടിയുരുമ്മി ഇരിക്കാന്‍ തോന്നും. അല്പം മുമ്പ് കണ്ട് പിരിഞ്ഞാലും വീണ്ടും കാണാന്‍ തോന്നും. അറിയാതെ ഇണയുടെ മുഖത്ത് നോക്കിയിരിക്കാന്‍.. ആ കൈകളില്‍ ഒന്നു തലോടാന്‍ വെറുതെ കൊതിക്കും. ഇത് പഴയ കാലത്തെ പ്രണയം. എന്നാല്‍ ഇന്നോ? ഈ വിചാരങ്ങളിലെ ആത്മാര്‍ത്ഥതയും ആയുസും വെറും പഞ്ചാര വാക്കുകളില്‍ തന്നെ അവസാനിക്കുന്നു. വര്‍ത്തമാന കാലത്തിലെ പ്രണയബന്ധങ്ങളെ ശരിക്കും സംശയിക്കേണ്ടിയിരിക്കുന്നെന്നാണ് സമീപകാല സംഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
ലൈംഗീകത എന്ന കേവല വികാരത്തിന്‍റെ അതിപ്രസരമാണ് ഇന്നത്തെ ഭൂരിഭാഗം പ്രണയങ്ങളിലും നിഴലിക്കുന്നത്. നമ്മുടെ നാട്ടിലെ കാമുകീ കാമുകന്‍മാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യാ പ്രവണത പോലും ഇതിന് തെളിവാണ്. പ്രണയത്തിന്‍റെ കമ്പോളവല്‍ക്കരണത്തെയും, ഇതിന്‍റെ ഇരകളെയും, നഷ്ടപ്പെട്ടുപോകുന്ന യഥാര്‍ഥ പ്രണയത്തിന്‍റെ ആത്മാവിനെയും നാം ഇവിടെ തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് ഒരു ചോദ്യത്തിന് പ്രസക്തിയേറുന്നത്.
ശരിക്കും പ്രണയത്തിന്‍റെ ആത്മാവ് നഷ്ടമായോ? ഒരു സര്‍വേ നടത്തിയാല്‍ രണ്ടഭിപ്രായങ്ങളും ലഭിക്കും. അനുഭവസ്ഥര്‍ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തും. പക്ഷെ സത്യമെന്താണ്? പ്രണയത്തിന്‍റെ ആത്മാവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ തലമുറയുടെ ചെയ്തികളില്‍ നിന്ന് തന്നെ ഇത് മറനീക്കി പുറത്തുവരുന്നു എന്നതാണ് വാസ്തവം.
IFM
ഇഷ്ടഭാജനത്തിനു സമ്മാനങ്ങള്‍ വാങ്ങിക്കൊടുക്കാന്‍ തിരക്കുകൂട്ടുന്ന കാമുകീ കാമുകന്‍മാരാണ് ഇന്ന് എവിടെയും. നാട്ടുവഴികളിലൂടെ നടന്ന് പരിഭവങ്ങളും പരാതികളും വിശേഷങ്ങളും പങ്കുവെയ്ക്കുന്ന, ക്യാമ്പസിന്‍റെ മരത്തണലില്‍ ഇരുന്ന് ഭാവിയെ സ്വപ്നം കാണുന്ന പ്രണയങ്ങള്‍ ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. പകരം ഇത് ഐസ്ക്രീം പാര്‍ലറുകളിലേക്കും കഫേ ക്യാബിനുകളിലേക്കും ചേക്കേറി.
ഓര്‍ക്കൂട്ടിലെ സ്ക്രാപ് ബുക്കും ഇ-മെയിലിലെ ഇന്‍ബോക്സും മൊബൈല്‍ എസ്‌എംഎസും ഇന്‍റര്‍നെറ്റ് യുഗത്തിലെ പ്രണയലേഖനങ്ങള്‍ക്കുള്ള വേദിയായി മാറി. കാമുകിയുടെ കയ്യിലെ വിയര്‍പ്പിന്‍റെ മണം പേറുന്ന കടലാസുതുണ്ടില്‍ നിന്നും ഇന്‍റര്‍നെറ്റ് താളുകളിലേക്കുള്ള ഈ പരിവര്‍ത്തനത്തിലാണോ പ്രണയത്തിന്‍റെ ശക്തിക്കും ആത്മാവിനും കോട്ടം വരുത്തിയത്?
പ്രണയത്തെ വാഴ്ത്തിപ്പാടിയ കവികളുടെ പിന്‍മുറക്കാര്‍ ഇന്ന് കുറിക്കുന്നത് അതിന്‍റെ ചരമഗീതമാണ്. അനശ്വരതയില്‍ നിന്ന് നശ്വരതയിലേക്കുള്ള യാത്രയുടെ പ്രകടമായ ഉദാഹരണമായി മാറിയിരിക്കുന്നു ഇന്നത്തെ കമിതാക്കള്‍. കോര്‍പ്പറേറ്റ് ലോകത്ത് പ്രണയമെന്ന പവിത്രമായ വികാരം പോലും കമ്പോളവല്‍ക്കരിക്കപ്പെടുന്നതിന്‍റെ നേര്‍ക്കാഴ്ചയാണിത്.
നൈമിഷികമായ വികാരപ്രകടനങ്ങള്‍ പ്രണയത്തിന്‍റെ അസ്ഥിത്വത്തെയാണെന്ന് നശിപ്പിക്കുന്നതെന്ന് പറയാതെവയ്യ. കൂപമണ്ഡൂകങ്ങളെപ്പോലെ ഈ കേവലതയ്ക്കു പിന്നാലെ പായുന്നവര്‍ക്ക് നഷ്ടമാകുന്നത് പ്രണയമെന്ന നൊമ്പരത്തിന്‍റെ പറഞ്ഞറിയിക്കാനാകാത്ത ഊഷ്മളതയാണ്. ഒപ്പം ഇവര്‍ക്ക് അനുഭവിക്കാനാകുക ആത്മാവ് നഷ്ടപ്പെട്ട ജീവച്ഛവമായ പ്രണയത്തെയും.