വേദവ്യാസന്റെ ജയന്തി മാര്‍ച്ച്-ഏപ്രില്‍ മാസങളിളാണ് വരുക. എന്നാല്‍ ജൂലയിലാണ് വ്യാസ പൂര്‍ണ്ണിമ എന്ന ഗുരു പൂര്‍ണ്ണിമ
വേദവ്യാസന്റെ സ്മരണാര്‍ത്ഥം ആഘോഷിക്കുന്ന ദിനമാണ് ഗുരുപൂര്‍ണ്ണിമ എന്നറിയപ്പെടുന്നത്. മനുഷ്യന് ദൈവിക ഗുണങ്ങള്‍ ലഭിച്ച് സാത്വികനായി മാറുമെന്ന പ്രതീക്ഷയും വിശ്വാസവുമാണ് ഈ ആഘോഷത്തിനു പിന്നില്‍ നിറഞ്ഞു നില്‍ക്കുന്നത്.
ഉദിച്ചുയരുന്ന സൂര്യന്റെ പ്രകാശവും ചൂടും ഭൂമിയില്‍ നിറയുന്നതു പോലെ മനുഷ്യഹൃദയം ദൈവിക അനുഗ്രഹത്തിലും സമാധാനത്തിലും നിറയുമെന്നാണ് വിശ്വാസം.
പൂര്‍ണ്ണചന്ദ്രനുള്ള ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നത്. മനുഷ്യമനസ്സിലെ അജ്ഞതയാകുന്ന തമസിനെ അറിവാകുന്ന പ്രകാശം കൊണ്ട് നിറയ്ക്കുന്ന ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നത് എന്നൊരു വാദവും നിലവിലുണ്ട്.
പുരാണ ഇതിഹാസ കര്‍ത്താവായ വേദവ്യാസനെ അറിവിന്റെ ഗുരുവായി പ്രതിഷ്ഠിച്ചാണ് ഗുരുപൂര്‍ണ്ണിമ ആഘോഷിക്കുന്നത്. മഹാവിഷ്ണുവിന്റെ അവതാരമായും വേദവ്യാസനെ കണക്കാക്കുന്നു.
ഗുരുപൂര്‍ണ്ണിമ ദിവസം ജനങ്ങള്‍
ഗുരുര്‍ ബ്രഹ്മോ, ഗുരുര്‍ വിഷ്ണു ഗുരുര്‍ ദേവോ മഹേശ്വര, ഗുരു സാക്ഷാത് പരബ്രഹ്മ, തത്മയി ശ്രീ ഗുരുവേ നമഃ എന്ന ശ്ളോകം ഉരുവിടുന്നു.
ബ്രഹ്മ സൂത്രം എഴുതിത്തുടങ്ങിയ ദിവസം
വേദവ്യാസന് ബ്രഹ്മ സൂത്രം എഴുതിത്തുടങ്ങിയ ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നതെന്നാണ് ഒരു വാദം. എന്നാല്‍ തെലുങ്ക് കലണ്ടര്‍ അനുസരിച്ച് നാലാമത്തെ മാസമായ ആഷാഡത്തിലെ പൂര്‍ണ്ണ ചന്ദ്രനുള്ള ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നതെന്ന വാദമാണ് എല്ലാവരും അംഗീകരിച്ചിട്ടുള്ളത്.
ഗുരു (ഗു - അജ്ഞത, രു - തകര്‍ക്കുക) പൂര്‍ണ്ണിമ - പൗര്‍ണ്ണമി (വെളുത്തവാവ്) എന്നീ വാക്കുകളില്‍ നിന്നാണ് ഗുരുപൂര്‍ണ്ണിമയുടെ ഉല്പത്തി എന്നതും രണ്ടാമത്തെ വാദത്തെ ശരിവയ്ക്കുന്നു. എന്തായാലും അന്ധകാരത്തില്‍ നിന്നും മനുഷ്യമനസ്സിനെ മോചിപ്പിക്കാനുള്ള ഈ ദിവസത്തെ ജനങ്ങള്‍ ആഘോഷമായി കൊണ്ടാടുന്നു.
വ്യാസനും മഹാഭാരതവും
ഭാരത ചരിത്രത്തിലെ ഉത്തമ ഗ്രന്ഥമെന്നറിയപ്പെടുന്ന പുരാണ ഇതിഹാസങ്ങളിലൊന്നായ "മഹാഭാരതത്തിന്റെ' കര്‍ത്താവെന്ന നിലയിലാണ് "വേദവ്യാസന്' ആരാധ്യനാകുന്നത്.
എന്നാല്‍ മഹാഭാരതം അദ്ദേഹത്തിന്റെ കാവ്യജീവിതം അനാവരണം ചെയ്യുന്നതിനൊപ്പം തന്നെ സ്വകാര്യ ജീവിതവും വരച്ചു കാട്ടുന്നു. ജീവിത സായാഹ്നത്തില്‍ ഹിമാലയത്തിലെ നിശബ്ദ ഗുഹകളില്‍ ധ്യാനനിമഗ്നനായി കഴിഞ്ഞുകൂടിയ നാളുകളില്‍ ഭൂതകാല സംഭവങ്ങളുടെ വെളിച്ചത്തിലാകാം പുരാണ ഇതിഹാസങ്ങള്‍ രൂപം കൊണ്ടതെന്ന് കരുതുന്നു.
മഹാഭാരതത്തിന്റെ രചനയാണ് അദ്ദേഹത്തെ അനന്തര തലമുറകളോട് ഏറ്റവും കൂടുതല്‍ അടുപ്പിച്ചതെന്ന് നിസംശയം പറയാവുന്ന വസ്തുതതയാണ്.
മഹാഭാരതത്തിന്റെ പൂര്‍വകഥ
മഹാഭാരതം ഗ്രന്ഥരൂപത്തില്‍ പിറവിയെടുക്കുന്നതിനു പിന്നിലും ഒരു കഥയുണ്ട്. ധ്യാനനിമഗ്നനായ ആ ഋഷീശ്വരന്റെ മനസ്സില്‍ ഭൂതകാല സംഭവങ്ങള്‍ കുലംകുത്തിയൊഴുകുന്ന ഒരു മഹാനദി കണക്കെ പ്രവഹിച്ചു തുടങ്ങി. അപ്പോഴാണ് ഒരു പ്രശ്നം മുന്നിലുദിച്ചത്. അനര്"ളമായ ഈ വാക്പ്രവാഹം ആര് പകര്‍ത്തിയെടുക്കും.
ഈ ചോദ്യത്തിനു മുന്നില്‍ ഉത്തരം കിട്ടാതെ നിന്ന വേദവ്യാസന് ബ്രഹ്മാവ് ഉപായം പറഞ്ഞുകൊടുത്തു. ഗണപതി കാവ്യം പകര്‍ത്തിയെഴുത്തുകാരനാകും. അതനുസരിച്ച് വ്യാസന് ഗണപതിയെ സമീപിച്ചു. ഗണപതിസമ്മതിച്ചു. പക്ഷേ ഒരു വ്യവസ്ഥ. "ഇടയ്ക്ക് എഴുത്താണി നിര്‍ത്താതെ അനര്‍ഗളമായി പറഞ്ഞുതരണം. വ്യാസന് സമ്മതിച്ചു.
പകരം ഒന്നാവശ്യപ്പെട്ടു. അര്‍ത്ഥം ധരിക്കാതെ കാവ്യം എഴുതരുതെന്ന്. ആ നിര്‍ദ്ദേശം ഗണപതിയും അംഗീകരിച്ചു. രണ്ടര വര്‍ഷംകൊണ്ട് മഹാകാവ്യം പൂര്‍ത്തിയാക്കി ശിഷ്യന്മാരെ പഠിപ്പിച്ചുവെന്നാണ് ഐതീഹ്യം.
എന്തായാലും കൗരവ പാണ്ഡവരുടെ സംഭവബഹുലമായ ജീവിത ചരിത്രത്തിനൊപ്പം തന്നെ വേദവ്യാസനും മഹാഭാരത കഥയില്‍ നിറഞ്ഞു നില്ക്കുന്നു. പ്രത്യക്ഷമായല്ലെങ്കില്‍ക്കൂടി ആ മഹനീയ സാന്നിധ്യം ഉടനീളം അനുഭവവേദ്യമാകുന്നു.