മീരയ്ക്ക് ശേഷം മലയാളം കാത്തിരിക്കേണ്ടി വന്നത് 14 വര്‍ഷം !

വെള്ളി, 22 ഡിസം‌ബര്‍ 2017 (15:17 IST)
അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ ഏറെ സന്തോഷത്തിലാക്കിയ വാര്‍ത്തയായിരുന്നു സുരഭിയെ മികച്ച നടിയായി തിരഞ്ഞെടുത്തത്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരഭിയ്ക്ക് ഈ അവാര്‍ഡ് ലഭിച്ചത്. 
 
പ്രിയദര്‍ശന്‍ അധ്യക്ഷനായ ആറംഗ ജൂറിയാണ് അന്തിമ തീരുമാനമെടുത്തത്. നവാഗതനായി അനില്‍ തോമസ് സംവിധാനം ചെയ്ത മിന്നാമിനുങ്ങ് മാതൃസ്‌നേഹത്തെക്കുറിച്ചാണ് പ്രതിപാദിച്ചത്. മകള്‍ക്കു വേണ്ടി ജീവിക്കുന്ന ഒരമ്മയായാണ് സുരഭി ചിത്രത്തില്‍ വേഷമിട്ടത്. ഐശ്വര്യ റായി ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പം മത്സരിച്ചാണ് പേരില്ലാത്ത കഥാപാത്രത്തിന് സുരഭി പുരസ്‌കാരം നേടിയത്.
 
14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മികച്ച നടിക്കുള്ള പുരസ്‌കാരം മലയാള സിനിമയെ തേടിയെത്തിയിട്ടുള്ളത്. 1968 ല്‍ തുലാഭാരത്തിലെ അഭിനയത്തിലൂടെ ശാരദയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാം മലയാള സിനിമയിലേക്ക് എത്തിച്ചത്. 
 
സ്വയം വരത്തിലൂടെ 1972 ല്‍ വീണ്ടും ശാരദ ഈ നേട്ടം ആവര്‍ത്തിച്ചു. 1986 ല്‍ നഖക്ഷതങ്ങളിലൂടെ മോനിഷയും മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. 1993 ല്‍മണിച്ചിത്രത്താഴിലെ അഭിനയത്തിന് ശോഭനയേയും 2003 ല്‍ മീരാ ജാസ്മിനുമാണ് ഇതിനു മുന്‍പ് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയിട്ടുള്ളത്. മീരാ ജാസ്മിനാണ് അവസാനമായി മലയാളത്തിലേക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം കൊണ്ടു വന്നത്. 
 
പുരസ്‌കാര ലഭിച്ചതിന് ശേഷം ഒത്തിരി സ്വീകരണങ്ങളും അഭിനന്ദനങ്ങളും കിട്ടി എന്ന് എറണാകുളത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സുരഭി പറഞ്ഞിരുന്നു. അവാര്‍ഡ് കിട്ടിയശേഷം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ കെ ബാലനും വിളിച്ച് അഭിനന്ദിച്ചിരുന്നു. മമ്മൂട്ടിയും മോഹൻലാലും വിളിച്ചിരുന്നോ എന്ന ചോദ്യത്തിന് 'ഇല്ല' എന്നായിരുന്നു സുരഭിയുടെ മറുപടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍