ബി ജെ പി - ബി ഡി ജെ എസ് സഖ്യം; ലക്ഷ്യങ്ങൾ പലതായിരുന്നു, വാഗ്ദാനങ്ങളും!

വെള്ളി, 16 ഡിസം‌ബര്‍ 2016 (15:52 IST)
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ഒത്തുചേർന്ന സഖ്യമാണ് ബി ജെ പി- ബി ഡി ജെ എസ് കൂട്ടുകെട്ട്. നിയസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ഇരുവരും ഒന്നായത്. എന്നാൽ ഇലക്ഷനിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ ഇവർക്ക് സാധിച്ചില്ല. അതുകൊണ്ട് തന്നെ, സഖ്യത്തിന് അകത്തും പുറത്തും കല്ലുകടികൾ നിരവധിയായിരുന്നു.
 
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കന്നി അങ്കത്തിനിറങ്ങിയ ബി ഡി ജെ എസ് 37 സീറ്റുകളിലാണ് മത്സരിച്ചത്. ബി ജെ പി- ബി ഡി ജെ എസ് ചർച്ചയ്ക്ക് ശേഷമായിരുന്നു സീറ്റ് വിഭജന കാര്യത്തില്‍ വ്യക്തതയുണ്ടായത്. തുടക്കത്തിൽ തന്നെ സഖ്യത്തിനുള്ളിൽ കല്ലുകടിയായിരുന്നുവെന്ന് വ്യക്തം. വാമനപുരം, വർക്കല, കോവളം, ഇരവിപുരം, കരുനാഗപ്പള്ളി, കുന്നത്തൂർ, കൊല്ലം, വൈക്കം, പൂഞ്ഞാർ, ഏറ്റുമാനൂർ, തിരുവല്ല, റാന്നി, കായംകുളം, കുട്ടനാട്, ചേർത്തല, അരൂർ, ഇടുക്കി, തൊടുപുഴ, ഉടുമ്പൻചോല, കുന്നത്തുനാട്, പരവൂർ, കളമശേരി, വൈപ്പിൻ, കോതമംഗലം, കൊടുങ്ങല്ലൂർ, കൈപ്പമംഗലം, നാട്ടിക, ചാലക്കുടി, ഒല്ലൂർ, ഷൊർണൂർ, മണ്ണാർക്കാട്, നിലമ്പൂർ, കോഴിക്കോട് സൗത്ത്, തിരുവമ്പാടി, പേരാമ്പ്ര, പേരാവൂർ, കാഞ്ഞങ്ങാട്. എന്നീ മണ്ഡലങ്ങളിലായിരുന്നു ബി ഡി ജെ എസ് മത്സരിച്ചത്.
 
100 സീറ്റുകളിലാണ് ബി ജെ പി മത്സരിച്ചത്. നേമം മണ്ഡലത്തിൽ മത്സരിച്ച ബി ജെ പി സ്ഥാനാർത്ഥി ഒ രാജഗോപാൽ ആണ് മത്സരിച്ച് വിജയിച്ചത്. ബി ജെ പിക്ക് കേരളത്തിൽ അക്കൗണ്ട് തുറന്ന മണ്ഡലമായി നേമം മാറി. സഖ്യമുണ്ടാക്കുന്നതിനു മുൻപ് ബി ജെ പി പല വാഗ്ദാനങ്ങളും നൽകിയിരുന്നു. എന്നാൽ, വാഗ്ദാനം ചെയ്യപ്പെട്ട സ്ഥാനങ്ങള്‍ ഇതുവരെ ലഭിക്കാത്തതില്‍ ബി ഡി ജെ എസ് പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ട്.

വെബ്ദുനിയ വായിക്കുക