സംവിധാനത്തിലെ മലയാളിപ്പുതുമ

വ്യാഴം, 24 ഡിസം‌ബര്‍ 2009 (19:30 IST)
PRO
മലയാളത്തില്‍ ഏറ്റവും അധികം പുതുമുഖ സംവിധായകര്‍ അരങ്ങേറ്റം കുറിച്ച വര്‍ഷമായിരുന്നു 2009. ദീപു കരുണാകരന്‍ (ക്രേസി ഗോപാലന്‍), പ്രശാന്ത് മാമ്പുള്ളി (ഭഗവാന്‍), ബാബുരാജ് (ബ്ലാക്ക് ഡാലിയ), മഹേഷ് (കലണ്ടര്‍), ആഷിഖ് അബു (ഡാഡി കൂള്‍), ഷിബു പ്രഭാകര്‍ (ഡൂപ്ലിക്കേറ്റ്) സജി സുരേന്ദ്രന്‍ (ഇവര്‍ വിവാഹിതരായാല്‍), സി എസ് സുധീഷ് (മലയാളി), പി സുകുമാര്‍ (സ്വലേ), രഞ്ജിത് ശങ്കര്‍ (പാസഞ്ചര്‍), സ്വാതി ഭാസ്കര്‍ (കറന്‍സി) എനിങ്ങനെ പതിനഞ്ചോളം സംവിധായകരാണ് 2009ല്‍ ആദ്യ ചിത്രവുമായി മലയാളത്തില്‍ എത്തിയത്.

2009ല്‍ റിലീസ് ചെയ്ത ആദ്യ ചിത്രമായിരുന്നു ഓര്‍ക്കുക വല്ലപ്പോഴും. 2009 ല്‍ വരവറിയിച്ച ആദ്യ പുതുമുഖ സംവിധായകന്‍ ആ സിനിമ സംവിധാനം ചെയ്ത സോഹന്‍ലാലാണ്. സിനിമയിലും ജീവിതത്തിലും സോഹന് 2009 വളരെ നല്ലതായിരുന്നു. സോഹനൊപ്പം കുറച്ചു നേരം,


ആദ്യ ചിത്രം സാമ്പത്തിക വിജയമായിരുന്നോ?

തിയേറ്ററുകളില്‍ വന്‍ കളക്ഷന്‍ നേടാതെ പോയ ചിത്രമാണ് “ഓര്‍ക്കുക വല്ലപ്പോഴും”. എങ്കിലും സാറ്റലൈറ്റ്, ഡിവിഡി തുടങ്ങിയവയിലൂടെ ലഭിച്ച വരുമാനം നിര്‍മാതാവിനെ വലിയ പരുക്കില്ലാതെ രക്ഷിച്ചു.

എന്തൊക്കെ അംഗീകാരങ്ങളാണ് ചിത്രം നേടിയത്?

മികച്ച നവാഗത സംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, ഇംഗ്ലണ്ടിലെ നൊസ്റ്റാള്‍ജിക് ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക പ്രദര്‍ശനം, പതിനാലാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ തെരഞ്ഞെടുത്ത അഞ്ച് ചിത്രങ്ങളില്‍ ഒന്ന്, ഇങ്ങനെ അഭിമാനിക്കാവുന്ന പലതും ‘ഓര്‍ക്കുക വല്ലപ്പോഴും’ നേടി.

ഓര്‍ക്കുക വല്ലപ്പോഴും എന്ന ചിത്രം മലയാളത്തില്‍ ഒരു നൊസ്റ്റാള്‍ജിക് വസന്തം തുടങ്ങിവച്ചു എന്ന് പറഞ്ഞാല്‍? ജയരാജിന്റെ ‘ലൌഡ് സ്പീക്കര്‍’, ലാല്‍ജോസിന്റെ ‘നീലത്താമര’ രഞ്ജിത്തിന്റെ ‘പലേരി മാണിക്യം’ ഇവയെല്ലാം കൈകാര്യം ചെയ്യുന്ന വിഷയം നൊസ്റ്റാള്‍ജിയ ആണല്ലോ?

നൊസ്റ്റാള്‍ജിയയുടെ മൊത്തവില്‍പ്പനക്കാരനൊന്നുമല്ല ഞാന്‍. ഇതിനുമുമ്പും ഗൃഹാതുരത്വം വിഷയമായ അനേകം മലയാള സിനിമകള്‍ ഉണ്ടായിട്ടുണ്ട്. നൊസ്റ്റാള്‍ജിയ ആസ്പദമാക്കി ഞാനൊരു ട്രിലജി (മൂന്ന് ഭാഗങ്ങളുള്ള പരമ്പര) തയ്യാറാക്കുന്നുണ്ട്. മാധവിക്കുട്ടിയുടെ കഥയില്‍ തയാറാക്കിയ ‘നീര്‍മാതളത്തിന്റെ പൂക്കള്‍’ ആയിരുന്നു ആ പരമ്പരയിലെ ആദ്യ ചിത്രം. അത് ടെലിവിഷനു വേണ്ടി ചെയ്തതായിരുന്നു. രണ്ടാമത്തേത് പി ഭാസ്കരന്‍മാഷിന്റെ കവിത അവലംബിച്ച് ചെയ്ത “ഓര്‍ക്കുക വല്ലപ്പോഴും” എന്ന ചിത്രം.

മൂന്നാം ഭാഗം?

2011 ല്‍ പ്രതീ‍ക്ഷിക്കാം.

‘ഓര്‍ക്കുക വല്ലപ്പോഴും’ എന്ന സിനിമയില്‍ സേതുവിന്റെ (തിലകന്‍) ഓര്‍മ്മകള്‍ കഥാനായകന്റെ സാന്നിധ്യത്തില്‍ അവതരിപ്പിക്കപ്പെട്ടു. അടുത്തകാലത്തിറങ്ങിയ ‘പലേരി മാണിക്യ’ത്തിന്റെ അവതരണവും ഇതേ ശൈലി പിന്തുടരുകയായിരുന്നല്ലോ?

കഥാനായകന്റെ സാന്നിധ്യത്തില്‍ ഓര്‍മ്മകള്‍ അവതരിപ്പിക്കുക എന്നത് ഒരു ഉപാധിയാണ്. ഫ്ലാഷ്ബാക്ക്, മൊണ്ടാജ്, മ്യൂസിക്കല്‍ സീക്വന്‍സ് എന്നൊക്കെ പറയുന്നതുപോലെയുള്ള ഒരു ഉപാധി. ലോക സിനിമാ ചരിത്രത്തില്‍ ഇത് ആദ്യം പരീക്ഷിച്ചത് ‘വൈല്‍ഡ് സ്ട്രോബറീസ്’ എന്ന ചിത്രത്തില്‍ ബര്‍ഗ്‌മാനാണ്. ബര്‍ഗ്‌മാന്‍ ആവിഷ്കരിച്ച ആ ഉപാധി പില്‍ക്കാലത്ത് പലരും പലഭാഷകളിലും ആവര്‍ത്തിച്ചിട്ടുണ്ട്. ഞാനും ബര്‍ഗ്‌മാനെ പിന്തുടരുകയായിരുന്നു. പലേരി മാണിക്യത്തില്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമാണ് രഞ്ജിത്തേട്ടന്‍ ആ ശൈലി ഉപയോഗിച്ചിട്ടുള്ളത്.

2009 ലെ മറ്റ് നേട്ടങ്ങള്‍?

എന്റെ മൂന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഭാഷാ ഇന്‍സ്റ്റിറ്റൂട്ട് പുറത്തിറക്കിയ ഓര്‍ക്കുക വല്ലപ്പോഴും, തിരക്കഥ. പരിധി ബുക്സ് പുറത്തിറക്കിയ നീര്‍മാതളത്തിന്റെ പൂക്കള്‍, തിരക്കഥ. സെഡ് ബുക്സ് പ്രസിദ്ധീകരിച്ച ‘ആകാശവും എന്റെ പ്രണയവും’ എന്ന എന്റെ കൌമാരകാല കവിതാസമാഹാരം എന്നിങ്ങനെ മൂന്ന് പുസ്തകങ്ങള്‍.

2010ലെ പദ്ധതികള്‍?

ജയസൂര്യ നായകനാവുന്ന ‘ജിഹാദ്’ എന്ന സിനിമ. പ്രകാശ് ബാരെ, തമ്പി ആന്റണി എന്നിവരാണ് നിര്‍മ്മാതാക്കള്‍. ദീദിദാമോദരന്‍ തിരക്കഥ പൂര്‍ത്തിയാക്കി. ലൊക്കേഷന്‍ കണ്ടുകൊണ്ടിരിക്കുന്നു. ജനുവരി അവസാനം ഷൂ‍ട്ടിംഗ് ആരംഭിക്കും.

വെബ്ദുനിയ വായിക്കുക