കണ്ണീര്‍ വര്‍ഷം-2009

വെള്ളി, 25 ഡിസം‌ബര്‍ 2009 (15:17 IST)
PRO
വ്യത്യസ്ത മേഖലകളില്‍ മലയാളിയുടെ സ്വകാര്യ അഹങ്കാരങ്ങളായിരുന്ന ഒരു പിടി പ്രതിഭകളാ‍ണ് 2009ല്‍ നമ്മെ വിട്ടുപോയത്. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളിയുടെ മനസ്സിലെ നായക സങ്കല്‍‌പ്പത്തിന് പുതിയ ദൃശ്യഭാഷ്യമൊരുക്കിയ നടന്‍ മുരളി, മലയാളി എന്നെന്നും ഓര്‍ത്തുവെയ്ക്കുന്ന ഒരു പിടി കഥാപാത്രങ്ങളെ സമ്മാനിച്ച എ കെ ലോഹിതദാസ്, വില്ലനായും ഹാസ്യതാരമായുമെല്ലാം മലയാളത്തില്‍ നിറഞ്ഞു നിന്ന രാജന്‍ പി ദേവ് മലയാളിയുടെ സ്വന്തം മാധവിക്കുട്ടി അങ്ങിനെ ഒരിക്കലും വിണ്ടെടുപ്പുകള്‍ സാധ്യമല്ലാത്ത ഒരു പിടി പ്രതിഭകള്‍

എ കെ ലോഹിതദാസ്
ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തുമായ ലോഹിതദാസ് (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളത്തിന് എന്നെന്നും ഓര്‍ത്തുവയ്ക്കാന്‍ ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ച ലോഹിയുടെ അപ്രതീക്ഷിത അന്ത്യം സിനിമാലോകത്തെ കേരളത്തെ മുഴുവന്‍ കണ്ണീരണിയിച്ചു.

കമല സുരയ്യ
മലയാള സാഹിത്യത്തിലെ എക്കാലത്തെയും പ്രിയ സാഹിത്യകാരി കമലാ സുരയ്യ (മാധവിക്കുട്ടി) അന്തരിച്ചു. 75 വയസ്സായിരുന്നു. പൂണെ ജഹാംഗീര്‍ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 1.55 നായിരുന്നു അന്ത്യം. നീര്‍മാതള സുഗന്ധം പോലെ ആ ഗന്ധവും മലയാളിയില്‍ നിന്നും അകന്നു പോയിരിക്കുന്നു.

രാജന്‍ പി ദേവ്
നാടക നടന്‍, സിനിമാ നടന്‍ എന്നീ മേഖലകളില്‍ പ്രതിഭ തെളിയിച്ച രാജന്‍ പി ദേവ് അന്തരിച്ചു. അച്ചാമക്കുട്ടിയുടെ അച്ചായന്‍, മണിയറക്കള്ളന്‍, അച്‌ഛന്‍റെ കൊച്ചുമോള്‍ക്ക് എന്നിവയായിരുന്നു രാജന്‍ പി ദേവ് സംവിധാനം ചെയ്ത സിനിമകള്‍. മലയാള സിനിമയില്‍ സ്വഭാവ നടനായും വില്ലനാ‍യും ഹാസ്യ താരമായുമെല്ലാം ഒരു കാട്ടുകുതിരയായി അശ്വമേധം നടത്തിയ രാജന്‍റെ മരണം സ്വാഭാവിക നടന്‍‌മാര്‍ അന്യമാകുന്ന മലയാള സിനിമയുടെ തീരാ നഷ്ടങ്ങളിലൊന്നാണ്.

മുരളി
നടനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മുരളി അന്തരിച്ചു. തിരുവനന്തപുരം പിആര്‍എസ്‌ ആശുപത്രിയില്‍ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. അമ്പത്തിയഞ്ച് വയസ്സായിരുന്നു. അമാനുഷനായ നായക കഥാപാത്രങ്ങളെ കണ്ട് ശിലിച്ച മലയാളി പ്രേക്ഷകന് മണ്ണിന്‍റെ മണമുള്ള നായക കഥാപാത്രങ്ങളിലൂടെ പുതൊയൊരു ഭാവുകത്വം സമ്മാനിച്ച മുരളിയുടെ വിറ്യോഗത്തിലൂടെ കലാകൈരളിയുടെ പൂമുഖത്തെ കളിവിളക്കില്‍ ഒരു തിരികൂടി അണയുകയായിരുന്നു.

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. 73 വയസായിരുന്നു. മുസ്ലിംലീഗ് രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം നിയന്ത്രിച്ച അമരക്കാരന്‍ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും സൌമ്യമായ സമീപനവും ഉറച്ചനിലപാടുകളും കൊണ്ട് രാഷ്ട്രീയ കേരളത്തിന്‍റെ ആദരവ് നേടിയ വ്യക്തിത്വമായിരുന്നു.

കൌമുദി ടീച്ചര്‍
സ്വാതന്ത്ര സമര സേനാനിയും ഗാന്ധിയനുമായിരുന്ന കൌമുദി ടീച്ചര്‍ (93) അന്തരിച്ചു. ഭൂദാന പ്രസ്ഥാനങ്ങളില്‍ സജീവയായിരുന്നു കൌമുദി ടീച്ചര്‍. ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിന് 1934 ജനുവരി 13ന് കേരളത്തിലെത്തിയ മഹാത്മാഗാന്ധിക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ ഊരി നല്‍കിയ ടീച്ചറുടെ പ്രവൃത്തി ഏറെ ശ്ലാഘിക്കപ്പെട്ടിരുന്നു.

മേഴ്‌സി രവി
കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയുടെ ഭാര്യയും മുന്‍ എംഎല്‍എയുമായ മേഴ്സി രവി (63) ചെന്നൈയില്‍ അന്തരിച്ചു. സംസ്ഥാന മഹിളാ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി, ഐഎന്‍ടിയുസി ദേശീയ വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

അടൂര്‍ ഭവാനി
പ്രശസ്ത നടി അടൂര്‍ ഭവാനി അന്തരിച്ചു. 85 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഗ്രാമീണ തനിമയുള്ള കഥാപാത്രങ്ങളിലൂടെയും വിസ്മയിപ്പിക്കുന്ന മുഖ ഭാവങ്ങള്‍ കൊണ്ടും വെള്ളിത്തിരയില്‍ തിളങ്ങിയ അടൂര്‍ ഭവാനി അന്തരിച്ചു രോഗങ്ങള്‍ മൂലം ഏറെ കാലമായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.

മുരുകജ്യോതി
പ്രമുഖ മദ്ദള വിദഗ്ധനും കഥകളി കലാകാരനുമായ സദനം മുരുകജ്യോതി വാഹന അപകടത്തില്‍ മരിച്ചു. 52 വയസ്സായിരുന്നു. ഡല്‍ഹിയിലെ രാജ്യാന്തര കഥകളി കേന്ദ്രത്തിന്‌ അതുല്യ സംഭാവനകള്‍ നല്‍കിയ കലാകാരനായിരുന്നു സദനം മുരുകജ്യോതി. കേരളത്തിന്‍റെ തനതു കലാരൂപമായ കഥകളിയെ രാജ്യാന്തര പ്രശസ്തിയിലേക്ക്‌ എത്തിക്കാന്‍ അദ്ദേഹം അക്ഷീണം പ്രയത്നിച്ചിട്ടുണ്ട്.

ബിഷപ്പ്‌ ടി ബി ബഞ്ചമിന്
സി എസ് ഐ ഉത്തര കേരള മഹായിടവക മുന്‍ ബിഷപ്പ്‌ ടി ബി ബഞ്ചമിന്‍(102) അന്തരിച്ചു. മഹായിടവകയിലെ ആദ്യ മലയാളിയായ മെത്രാനായിരുന്നു അദ്ദേഹം. പെരുമ്പാവുര്‍ മുതല്‍ മംഗലാപുരം വരെയുള്ള മഹായിടവകയെ 17 വര്‍ഷം മെത്രാനായി നയിച്ചു.

മൂര്‍ക്കോത്ത് രാമുണ്ണി
എഴുത്തുകാരനും നയതന്ത്രവിദഗ്ദനുമായിരുന്ന മൂര്‍ക്കോത്ത്‌ രാമുണ്ണി(95) അന്തരിച്ചു. റിട്ടയര്‍ഡ് വിങ്‌ കമാന്‍ഡറും വടക്കുകിഴക്കന്‍ മേഖലയില്‍ ലഫ്‌റ്റനന്‍റ് ഗവര്‍ണറുമായിരുന്നു. കേരളത്തില്‍ നിന്നുള്ള ആദ്യഫൈറ്റര്‍ പൈലറ്റ് കൂടിയായിരുന്നു മൂര്‍ക്കോത്ത് രാമുണ്ണി.

കെ കോയ
മുതിര്‍ന്ന പത്രപ്രവര്‍ത്തകനും, അറിയപ്പെടുന്ന സ്‌പോര്‍ട്‌സ് ലേഖകനുമായ കെ കോയ അന്തരിച്ചു.
ദേശാഭിമാനിയിലും കേരള കൗമുദിയിലും പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം, കാലാവസ്ഥാ നിരീക്ഷകന്‍ കൂടിയായിരുന്നു.

മിഷന്‍ ലീഗ് സ്ഥാപകന്‍ കുഞ്ഞേട്ടന്‍
ക്രൈസ്തവ അല്‍മായ ഭക്തസംഘടനയായ ചെറുപുഷ്പം മിഷന്‍ ലീഗിന്‍റെ സ്ഥാപക നേതാവ് പി സി എബ്രഹാം പല്ലാട്ടുകുന്നേല്‍ എന്ന കുഞ്ഞേട്ടന്‍ അന്തരിച്ചു.

പൂച്ചാലി ഗോപാലന്‍
പ്രമുഖ സഹകാരിയും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം മുന്‍ പ്രസിഡന്‍റുമായ പൂച്ചാലി ഗോപാലന്‍ അന്തരിച്ചു.

മുന്‍ എംപി രാമണ്ണറെ
കാസര്‍കോഡ് മുന്‍ എംപി എം രാമണ്ണറെ അന്തരിചു. കാസര്‍കോഡ് നിന്ന് മൂന്ന് തവണ ലോക്‌സഭാംഗം ആയിട്ടുണ്ട്. സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. 1980, 89, 91 ലോക്സഭാ തെരഞ്ഞെടുപ്പുകളിലാണ്‌ കാസര്‍കോട്‌ മണ്ഡലത്തില്‍ നിന്നും ജയിച്ചത്‌.

സ്വാമി പരമേശ്വരാനന്ദസരസ്വതി
സ്വാതന്ത്ര്യസമരസേനാനിയും കേരളത്തിലെ ഗോവധനിരോധന പ്രസ്ഥാനത്തിന്‍റെ മുന്‍ നിര അംഗവുമായ സ്വാമി പരമേശ്വരാനന്ദസരസ്വതി (89) സമാധിയായി.

തെരുവത്ത് രാമന്‍
പത്രപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന തെരുവത്ത്‌ രാമന്‍ അന്തരിച്ചു. ഇന്ത്യന്‍ പ്രസ്‌ ഇന്‍സ്റ്റിറ്റിയൂട്ട്, ഒ‍ള്‍ ഇന്ത്യ ന്യൂസ്‌ പേപ്പര്‍ എഡിറ്റേഴ്സ്‌ കോണ്‍ഫറന്‍സ് എന്നിവയുടെ ഭാരവാഹിയായിരുന്നു.

ഡോ ഡാനിയേല്‍ അച്ചാരുപറമ്പില്‍
കേരള കാത്തലിക് ബിഷപ്പ് കൌണ്‍സില്‍ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍ കാലം ചെയ്തു. 70 വയസായിരുന്നു. 1996 മുതല്‍ വാരാപ്പുഴ ആര്‍ച്ച് ബിഷപ്പായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. കെ ആര്‍ എല്‍ സി സിയുടെ സ്ഥാപകനാണ്.

ഡോ സി ആര്‍ സോമന്‍
പ്രശസ്ത ജനകീയ ആരോഗ്യ വിദഗ്ധന്‍ ഡോ സി ആര്‍ സോമന്‍ (72) അന്തരിച്ചു. പ്രഭാഷകന്‍‍,അധ്യാപകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ പ്രശസ്‌തനാണ്. ഹൃദ്രോഗത്തെ തുടര്‍ന്ന്‌ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സൈനോജ്
യുവ പിന്നണി ഗായകന്‍ സൈനോജ്‌ രക്താര്‍ബുദത്തെ തുടര്‍ന്ന് അന്തരിച്ചു. സംഗീത സംവിധായകന്‍ എം ജയചന്ദ്രനൊപ്പം സഹായിയായി സംഗീത സംവിധാന രംഗത്ത്‌ പ്രവര്‍ത്തിച്ചു വരികയായിരുന്നു സൈനോജ്‌.

കിളിമാനൂര്‍ രമകാന്തന്‍
പ്രശസ്ത കവി കിളിമാനൂര്‍ രമാകാന്തന്‍ അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസായിരുന്നു. കവി എന്നതിലുപരിയായി വിമര്‍ശകന്‍, ചിന്തകന്‍, വിവര്‍ത്തകന്‍, ഗാനരചയിതാവ് തുടങ്ങിയ മേഖലകളിലും രമകാന്തന്‍ പ്രതിഭ തെളിയിച്ചിരുന്നു.

ഡോ അകവൂര്‍ നാരായണന്‍
പ്രമുഖ ഭാഷാപണ്ഡിതനും ഡോ അകവൂര്‍ നാരായണന്‍ ഡല്‍ഹിയില്‍ അന്തരിച്ചു. ഡല്‍ഹി മലയാളികളുടെ ഭാഗമായിരുന്ന ഈ ഭാഷാ പണ്ഡിതന്‍ ഡല്‍ഹി സര്‍വകലാശാലയില്‍ ദീര്‍ഘകാലം അദ്ധ്യാപകനായിരുന്നു

റോസി തോമസ്
പ്രമുഖ നാടകകൃത്തായിരുന്ന സിജെ തോമസിന്‍റെ ഭാര്യയും എഴുത്തുകാരിയുമായ റോസി തോമസ് (82) അന്തരിച്ചു. സിജെയെക്കുറിച്ച് എഴുതിയ ‘ഇവനെന്‍റെ പ്രിയ സിജെ‘ എന്ന പുസ്തകമാണ് റോസിയെ പ്രശസ്തയാക്കിയത്. മലയാളത്തിലെ എക്കാലത്തെയും വലിയ സാഹിത്യവിമര്‍ശകന്‍ എം‌പി പോളിന്‍റെ മകളാണ്.

വെബ്ദുനിയ വായിക്കുക