നന്ദിഗ്രാം ഇന്ത്യയെ ഞെട്ടിച്ചപ്പോള്‍

PTI
രാജ്യത്തിന്‍റെ പുരോഗതിക്കു വേണ്ടിയുള്ളതാണ് പ്രത്യേക സാമ്പത്തിക മേഖലകള്‍. പരിഷ്കാരങ്ങള്‍ ജനതയ്ക്ക് നന്‍‌മയും ശാപവുമായി മാറുന്ന കാഴ്ചയ്ക്കും 2007 സാക്‍ഷ്യം വഹിച്ചു. നന്ദിഗ്രാമില്‍ പ്രത്യേക സാമ്പത്തിക മേഖലയ്ക്കെതിരെ ഗ്രാമീണര്‍ നടത്തിയ പ്രതിഷേധം വെടിവയ്പിലും മരണങ്ങളിലും കലാശിച്ചതു കണ്ട് ഇന്ത്യ ഞെട്ടി.

പശ്ചിമബംഗാളിന് പുതു ജീവന്‍ നല്‍കുവാന്‍ ‘തുറന്ന വാതില്‍ നയ‘മല്ലാതെ വേറെ ഒരു വഴിയും ബുദ്ധദേവിനില്ലായിരുന്നു. അദ്ദേഹം സലിംഗ്രൂ‍പ്പിനും ടാറ്റ കമ്പനിക്കും സ്ഥലം കൈമാറുവാനുള്ള ശ്രമങ്ങള്‍ തുടങ്ങി. എന്നാല്‍, ഭൂമി വിട്ടു കൊടുക്കുവാന്‍ കര്‍ഷകര്‍ തയ്യാറായിരുന്നില്ല.

നന്ദിഗ്രാമില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 2007 മാര്‍ച്ച് 14 ന് പതിനാലു പേര്‍ വെടിയേറ്റു മരിച്ചു. തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഈ സംഘര്‍ഷം ഏറ്റെടുത്തു. ഭൂമി ഒഴിപ്പിക്കല്‍ പ്രതിരോധ സമിതി പ്രവര്‍ത്തകരും സി.പി.ഐ (എം)പ്രവര്‍ത്തകരും ഏറ്റുമുട്ടല്‍ തുടര്‍ക്കഥയായി. തുടര്‍ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരെ പറ്റി വ്യക്തമായ വിവരങ്ങള്‍ ഇല്ല.

മുതിര്‍ന്ന സി.പി.ഐ(എം) നേതാവായ ജ്യോതിബസുവിന് കൃഷി ഭൂമി ഏറ്റെടുക്കുന്നതിനോട് ആദ്യം യോജിപ്പുണ്ടായിരുന്നില്ല. പിന്നീട് പാര്‍ട്ടി സമ്മര്‍ദത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ നയത്തില്‍ കാര്യമായ മാറ്റം വരുത്തേണ്ടി വന്നു. കേന്ദ്രത്തില്‍ ഇടതുപക്ഷം പിന്തുണ നല്‍കുന്നതില്‍ എവിടെയും തൊടാതെയുള്ള മറുപടികളും നടപടികളുമാണ് കേന്ദ്രം ഈ വിഷയത്തില്‍ സ്വീകരിച്ചത്. നന്ദിഗ്രാം വിഷയത്തെ തുടര്‍ന്ന് സിപി‌എമ്മിന്‍റെ ജനകീയതയ്ക്ക് കാര്യമായ ഇടിവു തട്ടി.

പശ്ചിമബംഗാള്‍ സര്‍ക്കാരിന്‍റെ ആവശ്യത്തെ തുടര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാക്കാന്‍ കേന്ദ്രം നന്ദിഗ്രാമിലേക്ക് സി.ആര്‍.പി.എഫിനെ അയച്ചു. എന്നാല്‍. സി.ആര്‍.പി.എഫിന് ആവശ്യമായ പിന്തുണ ബംഗാള്‍ സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. ഓരോ ദിവസവും പുതിയ ശവക്കുഴികള്‍ സി.ബി.ഐയും സി.ആര്‍.പി.എഫും കണ്ടെത്തി കൊണ്ടിരിക്കുകയാണ്.

ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ 2007 ഡിസംബര്‍ 26 ന് നന്ദിഗ്രാം ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു. ബംഗാളില്‍ 2008 ല്‍ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കൊണ്ടാണ് ഇങ്ങനെയൊരു നീക്കമെന്ന് കരുതുന്നവരുമുണ്ട്. ഇടതുപക്ഷത്തിന്‍റെ ചുവപ്പ് കോട്ടയില്‍ വിള്ളലുകള്‍ വീണു തുടങ്ങിയിരിക്കുന്നുവെന്നത് സത്യമാണ്.

വെബ്ദുനിയ വായിക്കുക