ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാര്‍ എന്ന അഹന്തയിലായിരുന്നു കരീബിയയില്‍ ഇന്ത്യ ഏകദിന ലോകകപ്പ് കളിക്കാനെത്തിയത്.പൊട്ടിത്തെറിക്കുന്ന ഒരുകൂട്ടം യുവതാരങ്ങളും പരിചയ സമ്പന്നരായ വെറ്ററന്‍മാരും തന്ത്രശാലിയായ പരിശീലകനും ചേര്‍ന്നപ്പോള്‍ ഇന്ത്യ കിരീടം ചൂടുമെന്നു തന്നെ എല്ലാവരും കരുതി. എന്നാല്‍ ഗ്രെഗ് ചാപ്പലിന്‍റെ, ധോനിയുടെ, സച്ചിന്‍റെ, ദ്രാവിഡിന്‍റെ ഇന്ത്യ ആദ്യറൌണ്ടില്‍ തന്നെ എട്ടു നിലയില്‍ പൊട്ടുകയായിരുന്നു.
പിന്നീടുണ്ടായ പുകിലുകള്‍ അതി ശക്തമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളില്‍ കടുത്ത പിണക്കം സൃഷ്ടിച്ച ഈ സംഭവത്തിന്‍റെ പ്രശ്‌നങ്ങള്‍ അവസാനിക്കാന്‍ ദക്ഷിണാഫ്രിക്കയില്‍ നേടിയ പ്രഥമ ട്വന്‍റി ലോകകപ്പ് തന്നെ വേണ്ടി വന്നു.മൂന്നു കമ്പും ഒരു ചെറിയ പന്തും നീണ്ട ഒരു ബാറ്റുമായി ക്രിക്കറ്റ് എന്ന ഒരു ഗെയിമിനെ ഇംഗ്ലീഷുകാര്‍ തുറന്നു വിട്ടത് ഇന്ത്യക്കാരന്‍റെ ഹൃദയത്തിലേക്കായിരുന്നു എന്നതിനു വേറെ എന്തു തെളിവുകള്‍ വേണം.
കോളനി ഭരണം മതിയാക്കി ഇംഗ്ലീഷുകാര്‍ സ്ഥലം വിട്ടിട്ടും ഇന്ത്യാക്കാരന്‍റെ ഹൃദയത്തെ ഈ ഭ്രാന്ത് ഇപ്പോഴും ഭരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ സമ്പത്തും കായിക താരങ്ങളോടുള്ള ജനങ്ങളുടെ ആരാധനയും ആവേശം ഇന്ത്യാക്കാരില്‍ പിന്നെയും കൂടുന്നു എന്നു തന്നെയാണ് വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ 2007 ലെ നാടകീയ മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോയാല്‍ ട്വന്‍റി ചാമ്പ്യന്‍മാരായി ചരിത്രത്തില്‍ കയറിക്കൂടിയതു തന്നെയായിരുന്നു ഏറ്റവും മനോഹരം.
എന്തായാലും ലോകകപ്പ് പരാജയത്തിനു ശേഷം ചാപ്പലിന്‍റെ തൊപ്പി തെറിച്ചതോടെ തുടങ്ങുന്നു ഇന്ത്യന്‍ ക്രിക്കറ്റിലെ നാടകീയരംഗങ്ങള്‍. പരിശീലകനില്ലാതെ ടീം ഇന്ത്യ മാസങ്ങളോളം തുടരുകയും ചെയ്തു. ഇടയ്ക്ക് ഡേവ് വാറ്റ്മോറിനെയും ദക്ഷിണാഫ്രിക്കക്കാരന്‍ ഗ്രഹാം ഫൊര്‍ഡിനെയും കൊണ്ടുവരാന്‍ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും നടന്നില്ലെന്നു മാത്രം.
ലോകകപ്പില്‍ പരാജയപ്പെട്ടതിന്‍റെ ഭാരവുമായി ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിക്കാനെത്തിയ ഇന്ത്യ ടെസ്റ്റില്‍ തികച്ചത് 75 വയസ്സ്. 1932 ജൂണ്‍ 25 ന് ലോര്‍ഡ്‌സില്‍ സി കെ നായിഡുവിന്‍റെ നേതൃത്വത്തിലായിരുന്നു ഇന്ത്യ ക്രിക്കറ്റിലേക്ക് കാല്‍ വച്ചത്. അതിനു ശേഷം ക്രിക്കറ്റിന്‍റെ ആവേശം ഇന്ത്യയിലെ മുക്കിലും മൂലയിലും ജ്വലിപ്പിക്കാന്‍ ക്രിക്കറ്റ്ബോര്‍ഡിനായി.
ഇന്ത്യയിലെ ആദ്യ സ്വകാര്യ ക്രിക്കറ്റ് ലീഗും 2007 ലായിരുന്നു. ലോകകപ്പ് പരാജയത്തിനു പിന്നാലെ തന്നെ ഇതിന്‍റെ പ്രഖ്യാപനവും വന്നു. വിനോദ ചാനലായ സീ സ്പോര്‍ട്‌സ് അവതരിപ്പിച്ച പരിപാടിയില്‍ മുന്നില്‍ നിര്‍ത്തിയത് ഇന്ത്യന്‍ ഇതിഹാസ താരം കപില്‍ ദേവിനെയും. എന്നാല്‍ ഇത് ക്രിക്കറ്റ് ബോര്‍ഡും ചാനലും തമ്മില്‍ ഒരു സ്വകാര്യ മത്സരത്തിനു വഴിമരുന്നിട്ടത്. എത്രയൊക്കെ എതിര്‍പ്പുണ്ടായാലും ഈ വര്‍ഷം അവസാനം ട്വന്‍റി ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചു കൊണ്ട് ഈ സംരംഭം സാക്ഷാത്‌ക്കരിക്കാന്‍ കപിലിനും അണിയറക്കാര്‍ക്കുമായി.
എന്നാല്‍ ലോകകപ്പ് ആദ്യമായി ഇന്ത്യയിലെത്തിച്ച നായകനെ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും പുറത്താക്കിയാണ് ബി സി സി ഐ പ്രതികാരം ചെയ്തത്. ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിന്‍റെ തലവനായ കപില്‍ ലീഗ് കളിക്കാരുടെയും ഒഫീഷ്യലുകളുടെയും പേരുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു നടപടി.
എത്രയൊക്കെ വഞ്ചിച്ചാലും ക്രിക്കറ്റ് താരങ്ങളെ സ്നേഹിക്കുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് ആവേശത്തിമിര്‍പ്പ് ലഭിച്ചത് ദക്ഷിണാഫ്രിക്കയില്‍ സെപ്തംബറില്‍ നടന്ന ട്വന്‍റി ലോകകപ്പിലായിരുന്നു. പുതിയതായി നിയമിതനായ നായകന്‍ ധോനിയും അദ്ദേഹത്തിന്‍റെ ചെറുപ്പക്കാരുടെ സംഘവുമാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതു വസന്തം തീര്‍ത്തത്.
PTI
PTI
ലോക ക്രിക്കറ്റില്‍ ചരിത്രം കുറിച്ച ഇന്ത്യന്‍ യുവനിരയുടെ പട്ടാഭിഷേകമായിരുന്നു ഈ ടൂര്‍ണമെന്‍റ്. പ്രഥമ ട്വന്‍റി 20 ലോകകപ്പിന്‍റെ ഫൈനലില്‍ അയല്‍ക്കാരായ പാകിസ്ഥാനെ അഞ്ച് റണ്‍സിന് തകര്‍ത്ത് കിരീടം തന്നെയാണ് ടീം ഇന്ത്യ ഇന്ത്യന്‍ കാണികള്‍ക്കായി നല്‍കിയത്.
കിരീടത്തിനു പുറമേ ഒട്ടേറെ ചരിത്രങ്ങളും ഈ ലോകകപ്പില്‍ ഇന്ത്യ സ്വന്തമാക്കി. രണ്ടാംറൌണ്ടിലെ പാകിസ്ഥാന് എതിരെയുള്ള മത്സരം ഇന്ത്യ നേടിയത് ബൌള്‍ഡ് ഔട്ടിലൂടെയായിരുന്നു. ഇരു ടീമുകളും ബാറ്റ്‌സ്‌മാനില്ലാതെ വിക്കറ്റില്‍ പന്തെറിഞ്ഞു കൊള്ളിക്കുന്ന ബൌള്‍ഡ് ഔട്ട് മത്സരത്തില്‍ ഇന്ത്യന്‍ ബൌളര്‍മാരെല്ലാം വിക്കറ്റില്‍ പന്തെറിഞ്ഞു കൊള്ളിച്ചു. അങ്ങനെ ഇന്ത്യ പ്രഥമ ട്വന്‍റി ലോകകപ്പിലെ ആദ്യ ബൌള്‍ഡ് ഔട്ട് ജേതാക്കളായി.
ഒരോവറിലെ ആറു പന്തുകളും സിക്സറുകള്‍ പറത്തിയ യുവരാജ് സിംഗായിരുന്നു ശരിക്കും ട്വന്‍റിയിലെ താരം. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ പത്തൊമ്പതാം ഓവറിലെ എല്ലാ പന്തും യുവി ഗ്യാലറിയില്‍ എത്തിച്ചു. ആദ്യ പന്ത് ലോംഗ് ഓണിനു മുകളിലൂടെ. രണ്ടാം പന്ത് സ്ക്വയര്‍ ലെഗിനു മുകളിലൂടെ പറത്തി. എക്‍സ്ട്രാ കവറിലേക്കായിരുന്നു മൂന്നാം പന്ത്. നാലാം പന്ത് പോയിന്‍റിലും അഞ്ചാം പന്ത് മിഡ് വിക്കറ്റിലേക്കും ആറാം പന്ത് മിഡ് ഓണിനു മുകളിലൂടെയുമായിരുന്നു പറന്നത്.
ട്വന്‍റി നേടിയതിനു പിന്നാലെ ഇന്ത്യയില്‍ ഏകദിന പരമ്പരയ്‌ക്കായെത്തിയ ഓസ്ട്രേലിയന്‍ ടീമിനെതിരെ നടന്ന വംശീയാക്ഷേപത്തിലും ഇന്ത്യ പങ്കാളികളായി. ഓസ്ട്രേലിയന്‍ ഓള്‍ റൌണ്ടര്‍ സൈമണ്‍സിനെതിരെയായിരുന്നു പ്രധാനമായും ആക്ഷേപം. ചൂടുപിടിച്ച ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍ ഏറ്റവും വില്ലനായതാകട്ടെ ഇന്ത്യയുടെ മലയാളി ബൌളര്‍ ശ്രീശാന്തും.
PRO
PRO
സച്ചിന്‍ കൂടുതല്‍ മത്സരങ്ങളും 15,000 റണ്‍സ് തികച്ചതും ഈ വര്‍ഷമായിരുന്നു 50 കളില്‍ പുതിയ ഒരു ലോക റെക്കോഡ് കൂടി കണ്ടെത്താനും സച്ചിനായി. ധോനി ആറു വിക്കറ്റ് നേട്ടത്തില്‍ പങ്കാളിയാകുന്ന ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പറാകുന്നതും കേരളത്തിന്‍റെ ശ്രീകുമാരന്‍ നായര്‍ ട്രിപ്പിള്‍ സെഞ്ച്വറി തികച്ചതുമെല്ലാം ഈ വര്‍ഷത്തെ പ്രത്യേകതകളില്‍ പെടുന്നു.
പരിശീലകനില്ലാതെ ആറുമാസത്തിലധികം ചെലവഴിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു ദക്ഷിണാഫ്രിക്കക്കാരന്‍ ഗാരി കിസ്റ്റനെ നല്‍കിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രശ്‌നം പരിഹരിച്ചത്. ദീര്‍ഘ നാളത്തെ കാത്തിരിപ്പുണ്ടായെങ്കിലും നായകനാക്കി നല്ലരീതിയില്‍ വിടവാങ്ങാന്‍ കുംബ്ലേയ്‌ക്ക് അവസരവും ഇന്ത്യ നല്‍കി. ധോനിയെ എകദിനത്തില്‍ നായകനും ടെസ്റ്റില്‍ ഉപനായകനായും അവരോധിച്ചു കൊണ്ടായിരുന്നു ഈ നീക്കം. പാകിസ്ഥാനെതിരെയുള്‍ല ആദ്യ ടെസ്റ്റ് പരമ്പര നേടിക്കൊണ്ട് കുംബ്ലേ ഈ നടപടിയെ ന്യായീകരിക്കുകയും ചെയ്തു.