ലോക ചരിത്രത്തില്‍ വിപ്ലവകരമായ സ്വാധീനം മാധ്യമങ്ങള്‍ക്കുണ്ട്. ബ്രിട്ടീഷ് ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഇന്ത്യന്‍ മാധ്യമ ചരിത്രം സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും ഇന്ത്യയ്‌ക്ക് ഓജസ്സും തേജസ്സും നല്‍കുന്നതില്‍ നിര്‍ണ്ണായക പങ്കാളികളാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഏതാനും നിര്‍ണ്ണായക ഘടങ്ങളില്‍ ഒരുപക്ഷേ ബ്രിട്ടീഷുകാര്‍ അവതരിപ്പിക്കുകയും അവര്‍ക്ക് ഇരുതലവാളായി മാറുകയും ചെയ്ത ഏക കാര്യം മാധ്യമങ്ങളാകാം.
ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി പ്രഖ്യാപിച്ച 1950 ജനുവരി 26 ന് ശേഷം ഇന്ത്യന്‍ മാധ്യമരംഗം അഭൂത പൂര്‍വ്വമായ വളര്‍ച്ച നേടുന്ന കാഴചയാണ് കണ്ടത്. ബ്രിട്ടീഷ് ചരിത്രത്തില്‍ പത്ര രൂപത്തില്‍ തുടങ്ങിയ വാര്‍ത്താ വിപണി ഇന്ന് ഓണ്‍ലൈന്‍ വാര്‍ത്തകളിലും ഓണ്‍സ്പോട്ട് വാര്‍ത്തകളിലും ബ്ലോഗിലും എത്തി നില്‍ക്കുന്നു.
ജനസംഖ്യ പെരുകി പെരുകി വരുന്നതിനനുസരിച്ച് ഇന്ത്യയില്‍ മാധ്യമങ്ങളുടെ റീച്ചും വളരുകയാണ്. മാധ്യമവുമായി ബന്ധപ്പെട്ട എല്ലാത്തരം ആധുനികതയും ഇന്ത്യ സ്വീകരിക്കുന്നു എന്നത് ഈ വിപണി തളിര്‍ക്കാന്‍ ഇടയാക്കുന്നു. വാര്‍ത്തയ്‌ക്കായി നിലവിലുള്ള എല്ലാ സംവിധാനങ്ങളും ഉപയോഗിക്കുന്ന പ്രവണതയാണ് ഇന്ത്യന്‍ ജനതയ്‌ക്കിടയില്‍.
പ്രിന്‍റ്, റേഡിയോ, ചാനലുകള്‍, ഇന്‍റര്‍നെറ്റ്, മൊബൈല്‍, ബ്ലോഗ് വാര്‍ത്തയുമായി ബന്ധപ്പെട്ട എല്ലാ സാധ്യതകളും പരീക്ഷിക്കുന്ന ഇന്ത്യയുടെ വാര്‍ത്താ സമൂഹം മറ്റു രാജ്യങ്ങളിലെ മാധ്യമ രംഗവുമായി തട്ടിച്ചു നോക്കുമ്പോള്‍ തകര്‍ക്കാന്‍ പറ്റാത്ത നിലയിലേക്കാണ് വളര്‍ന്നിരിക്കുന്നത്. ആഗോളവല്‍ക്കരണം തുടങ്ങിയവയുടെ ഇന്ത്യയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ വിദേശങ്ങളിലെ മാധ്യമങ്ങളാണ് സാങ്കേതിക വിദ്യയുടെ ആധുനികതയില്‍ മത്സരിക്കുന്നത്.
സാങ്കേതിക വിദ്യ എത്രയൊക്കെ വളര്‍ന്നിട്ടും ചായക്കൊപ്പം തലേദിവസത്തെ വിവരങ്ങള്‍ മൊത്തിക്കുടിക്കാന്‍ ഇന്ത്യാക്കാരനു ദിനപ്പത്രം തന്നെ വേണമെന്ന സ്ഥിതിയാണ്. 2001 വരെയുള്ള കണക്കുകള്‍ പ്രകാരം ഏകദേശം 45, 974 പത്രങ്ങള്‍ നിലവിലുണ്ട്. ഇവയില്‍ 5364 ദിനപ്പത്രങ്ങള്‍ ഉണ്ട്. 20, 589 പത്രങ്ങള്‍ നിലവിലുള്ള ഹിന്ദിയാണ് ഇക്കാര്യത്തില്‍ മുമ്പന്‍, ഇംഗ്ലീഷ് രണ്ടാം സ്ഥാനത്ത് 7.596, മറാത്തി 2.943, ഉറുദു 2,906 ബംഗാളി 2741, ഗുജറാത്തി 2,215, തമിഴില്‍ 2,119, കന്നഡയില്‍ 1,816 മലയാളത്തില്‍ 1505, തെലുങ്കില്‍ 1,289 പത്രങ്ങളുമുണ്ട്.
23 ദശലക്ഷം കോപ്പികളാണ് ഹിന്ദി ഭാഷയിലെ പത്രങ്ങളുടെ സര്‍ക്കുലേഷന്‍ ഇംഗ്ലീഷിനു എട്ടു ദശലക്ഷവും പ്രചാരമുണ്ട്. 1776 ല്‍ ആദ്യ പത്രം ബ്രിട്ടീഷുകാര്‍ ഇന്ത്യയ്‌ക്കു മുന്നില്‍ തുറന്ന ശേഷം ഈ വ്യവസായം ഇന്ത്യാക്കാര്‍ തന്നെ ഏറ്റെടുത്തു. അതിനു ശേഷം സ്വാതന്ത്ര്യ സമര കാലഘട്ടങ്ങളില്‍ ഇന്ത്യയില്‍ ആകമാനം വീശിയടിച്ച ദേശീയതയ്‌ക്ക് പത്രങ്ങള്‍ നല്‍കിയ പിന്തുണ ശക്തമായിരുന്നു.
പ്രാദേശിക ഭാഷകളും ഇതിനെ അനുകരിക്കാന്‍ തുടങ്ങിയതോടെ എറ്റവും വലിയ വ്യവസായമെന്ന ശൃംഖലയിലേക്ക് പത്രം മാറി. പ്രിന്‍റ് മീഡിയയ്‌ക്ക് ഇന്ത്യയില്‍ ഉടനീളം 25 ശതമാനം പ്രചാരമുള്ളപ്പോള്‍ നഗരങ്ങളില്‍ 46 ശതമാനം പ്രചാരമുണ്ട്. ടെലിവിഷന് ഇന്ത്യയില്‍ 53 ശതമാനം പ്രചാരവും റേഡിയോയ്‌ക്ക് 22 ശതമാനവും ചാനല്‍ ശൃംഖലയ്‌ക്ക് 20 ശതമാനവും സിനിമ 7 % ഇന്‍റര്‍നെറ്റ് 1 % ആണ് പ്രചാരം.
ഇന്ത്യയില്‍ ആദ്യം റേഡിയോ എത്തുന്നത് 1915 ല്‍ ആയിരുന്നു. 1924 ല്‍ മദിരാശിയില്‍ നിന്നും ആദ്യ സ്വകാര്യ റേഡിയോ പ്രക്ഷേപണം ആരംഭിച്ചു. ഇതേ വര്‍ഷം ബ്രിട്ടീഷുകാര്‍ സ്വകാര്യ റേഡിയോകള്‍ക്ക് അനുമതി നല്‍കിയതു മൂലം ബോംബേയില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും രണ്ടു പ്രക്ഷേപണ കേന്ദ്രങ്ങളുണ്ടായി. 1930 ല്‍ ഇതിന്‍റെ പ്രവര്‍ത്തനം നിലച്ച ശേഷം ഗവണ്‍മെന്‍റ് ഇതു രണ്ടും ഏറ്റെടുത്തു.
പിന്നീട് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനു കീഴിലായ റേഡിയോ പ്രക്ഷേപണം 1936 എത്തിയതോടെ ഓള്‍ ഇന്ത്യാ റേഡിയോ ആയി മാറി. ഇന്ത്യ സ്വതന്ത്രയായ ശേഷം വാര്‍ത്താവിനിമയ മന്ത്രാലയത്തിനു കീഴിലായ റേഡിയോ 1957 ല്‍ ആകാശവാണിയെന്നു പരിഷ്കൃത നാമത്തിലായി. ഈ പേരിനു ഇന്ത്യ കടപ്പെട്ടിരിക്കുന്നത് ഹിന്ദി കവിയായ ലാലാ പണ്ഡിറ്റ് നരേന്ദ്ര ശര്‍മ്മയോടാണ്. എന്നിരുന്നാലും ഇംഗ്ലീഷില്‍ ഓള്‍ ഇന്ത്യാ റേഡിയോ എന്നതു തന്നെയാണ്.
1990 കള്‍ എത്തിയതോടെ ഓള്‍ ഇന്ത്യാ റേഡിയോ പ്രശസ്തമായ മാധ്യമങ്ങളില്‍ ഒന്നായി. ഇന്ത്യയുടെ പ്രാദേശിക മേഖലയില്‍ പോലും എത്തുന്ന റേഡിയോയുടേ റീച്ച് 99.37 ശതമാനം ആണെന്ന് അവരുടെ വെബ്സൈറ്റില്‍ പറയുന്നു. രാജ്യത്തുടനീളമായി 225 പ്രക്ഷേപണ കേന്ദ്രങ്ങളും 24 വിവിധ ഭാഷകളിലായി 348 ചാനലുകളും റേഡിയോയ്‌ക്കുണ്ട്.
വാര്‍ത്ത കേള്‍ക്കുക എന്നതില്‍ നിന്നും കാണുക എന്ന തലം അനുഭവേദ്യമായത് ടെലിവിഷന്‍റെ വരവോടെയാണ്. 1959 സെപ്തംബര്‍ 15 ന് ഇന്ത്യയില്‍ എത്തിയെങ്കിലും പ്രചാരം പ്രാപിക്കാന്‍ പിന്നെയും 25 വര്‍ഷങ്ങള്‍ വേണ്ടി വന്നു. ന്യൂഡല്‍ഹിയിലായിരുന്നു ആദ്യസ്റ്റേഷന്‍. രണ്ടാമതൊരു സ്റ്റേഷനായി 13 വര്‍ഷങ്ങളാണ് കാത്തിരിക്കേണ്ടി വന്നത്.
1972 ല്‍ മുംബൈയില്‍ മറ്റൊന്നു കൂടി വന്ന ശേഷം 1975 ല്‍ ശ്രീനഗര്‍, അമൃത് സര്‍, കൊല്‍ക്കത്ത, മദ്രാസ്, ലക്‍നൌ എന്നിവിടങ്ങളിലായി അഞ്ച് ടെലിവിഷന്‍ സ്റ്റേഷനുകളാണ് ഉണ്ടായത്. ആദ്യ കാലത്ത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ കാണിച്ചിരുന്ന ടെലിവിഷന്‍ 1982 ഏഷ്യന്‍ ഗെയിംസോടെ കളര്‍ ചിത്രങ്ങള്‍ പുറത്തു വിടാന്‍ ആരംഭിച്ചു.
സര്‍ക്കാരിന്‍റെ ദൂരദര്‍ശനെന്ന ഒരു ചാനല്‍ മാത്രം കണ്ടിരുന്ന ഇന്ത്യ ഏറെ താമസിയാതെ ഡി ഡി മെട്രോയും പരിചയപ്പെട്ടു. എന്നാല്‍ ഇന്ത്യാക്കാരന് അറിവിന്‍റെ നവ്യാനുഭൂതി ലഭിച്ചത് 1991 ല്‍ സ്വകാര്യ വിദേശപ്രക്ഷേപകര്‍ക്ക് അവസരം തുറന്നതോടെയാണ്. ഇതൊരു കേബിള്‍ വിപ്ലവത്തിനു തുടക്കമായി.സി എന്‍ എന്‍, സ്റ്റാര്‍ ടി വി, ആഭ്യന്തര ചാനലുകളായ സീ, സണ്‍ എന്നിവര്‍ സാറ്റലൈറ്റ് ബ്രോഡ് കാസ്റ്റിംഗ് തുടങ്ങി.
ഓഡിയന്‍സ് റിസര്‍ച്ച് യൂണിറ്റിന്‍റെ 1991 ലെ കണക്കനുസരിച്ച് 1962 ല്‍ 41 സെറ്റുകളില്‍ ഒരു ചാനല്‍ മാത്രം ഒടിയിരുന്നിടത്ത് ഇപ്പോള്‍ 70 ദശലക്ഷം വീടുകളിലും 400 ദശലക്ഷം വ്യക്തികളിലുമായി 100 ലധികം ചാനലുകളാണ് ഓടുന്നത്. 1992 ല്‍ സര്‍ക്കാര്‍ വിപണി തുറന്നു കൊടുത്തതൊടെ കേബിള്‍ ടെലിവിഷന്‍ വിപ്ലവവും തുടങ്ങി.
2001 ല്‍ എച്ച് ബി ഒ, ഹിസ്റ്റോറി എന്നീ ചാനല്‍ കൂടി ഇന്ത്യയിലെത്തി 2003 എത്തിയതോറ്റെ ചാനലുകളുടെ എണ്ണം ഇരട്ടിക്കുകയും ഒരു ചാനല്‍ കിടമത്സരങ്ങള്‍ക്കും തുടക്കമായി. ഇപ്പോള്‍ രഹസ്യങ്ങളേ ഇല്ലാതായിരിക്കുന്നു. വാര്‍ത്തകള്‍ഊടെ ഉള്ളറകളിലേക്ക് സഞ്ചരിക്കാന്‍ ജേര്‍ണലിസ്റ്റുകളും മാധ്യമങ്ങളും സദാ ജാഗരൂകരായിരിക്കുകയാണ്. വാര്‍ത്തകളുടെ അരികുകള്‍ വിശാലമാക്കാന്‍ നെറ്റിന്‍റെ സഹായവും വിസ്തൃതമായി വിനിയോഗത്തിലുണ്ട്.
ഏറ്റവും ഒടുവില്‍ വാര്‍ത്തകളെ ഉപഭോക്താവിനരികില്‍ ചൂടോടെ എത്തിക്കാന്‍ ഇന്‍റര്‍നെറ്റിന്‍റെ സാധ്യതകളിലേക്കാണ് ഇന്ത്യ എത്തിയിരിക്കുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് പുറമേ പ്രാദേശിക വെബ്സൈറ്റുകളും ശക്തമാണ്. പ്രാദേശികവും അന്താരാഷ്ട്രവുമായ വിഷയങ്ങള്‍ പെട്ടെന്നെത്തിക്കുന്നതില്‍ വെബ്സൈറ്റുകള്‍ മത്സരിക്കുകയും വാര്‍ത്തകളില്‍ അഭിപ്രായം പറയാന്‍ ബ്ലോഗ് ഒരുക്കുകയും ചെയ്യുന്നു.
ആധുനിക വളരുന്നതിനനുസരിച്ച് മാധ്യമങ്ങള്‍ മത്സരിക്കുമ്പോള്‍ ഇല്ലാതാകുന്നത് വാര്‍ത്തകളും അവയുടെ പ്രാധാന്യങ്ങളുമാണ്. പുതുമ എത്തിക്കാനുള്ള മത്സരത്തിനിടയിലും പരസ്യദാതാവിന്‍റെ താല്പര്യങ്ങളിലും മാധമങ്ങള്‍ മുഴുകുമ്പോള്‍ വാര്‍ത്തകള്‍ ഇല്ലാതാകുകയോ സുതാര്യമാകാതിരിക്കുകയോ ചെയ്യുന്നെന്ന് മാത്രം.