രോഗമുക്തിക്കായി വൈദ്യനാഥ സ്വാമി

ഞായര്‍, 15 ജൂണ്‍ 2008 (17:14 IST)
WDWD
രാജ്യത്തെ നിരവധി ശിവ ക്ഷേത്രങ്ങളില്‍ വൈത്തീശ്വരന്‍ കോവിലിന് പ്രത്യേക സ്ഥാനമാണുള്ളത്. ഇവിടെ ഭഗവാന്‍ വൈദ്യനാഥരുടെ രൂപത്തിലാണ് വസിക്കുന്നത്. 4480 രോഗങ്ങള്‍ ചികിത്സിച്ച് മാറ്റാന്‍ വൈദ്യനാഥര്‍ക്ക് കഴിവുണ്ടെന്നാണ് വിശ്വാസം.

രാമായണത്തില്‍ ഈ ക്ഷേത്രത്തെ കുറിച്ച് പരാമര്‍ശമുണ്ട്. സീതാദേവിയെ രാവണന്‍ തട്ടിക്കൊണ്ട് പോകുമ്പോള്‍ എതിര്‍ത്ത ജടായുവിന് രണ്ട് ചിറകുകളും നഷ്ടമായത് ഇവിടെ വച്ചാണെന്നാണ് വിശ്വാസം. പിന്നീട് രാമലക്ഷ്മണന്മാര്‍ ഇവിടെ എത്തുകയും ജടായുവിന്‍റെ അഭ്യര്‍ത്ഥന പ്രകാരം ഇവിടെ സംസ്കരിക്കുകയും ചെയ്തു. ജടായുവിനെ സംസ്കരിച്ച സ്ഥലം ജടായു കുണ്ഡം എന്നറിയപ്പെടുന്നു. ഈ കുണ്ഡത്തില്‍ നിന്ന് ജാതിമതഭേദമന്യേ ഭക്തര്‍ വിഭൂതി പ്രസാ‍ദം സ്വീകരിക്കുന്നു.

രാവണ നിഗ്രഹം കഴിഞ്ഞ് സീതാ ദേവിയും മറ്റുളളവരുമായി ഇവിടെ എത്തിയ ശ്രീരാമന്‍ ശിവ ഭഗവാനെ പ്രാര്‍ത്ഥിച്ചുവെന്നാണ് വിശ്വാസം. വിശ്വാമിത്രന്‍, വസിഷ്ഠന്‍, തിരുനാവുക്കരസേ, തിരുഗ്നാന സംബന്ധര്‍, അരുണഗിരിനാഥര്‍ തുടങ്ങിയവര്‍ ഇവിടെ എത്തി ശിവ ഭഗവാനെ പ്രാ‍ര്‍ത്ഥിച്ചിരുന്നു.
WDWD


ചൊവ്വയ്ക്ക് കുഷ്ഠം പിടിപെട്ടപ്പോള്‍ ഇവിടെ എത്തി ശിവനെ പ്രാര്‍ത്ഥിച്ച് രോഗമുക്തി നേടിയതായി പറയപ്പെടുന്നു. ചൊവ്വാദോഷമുള്ളവര്‍ ഇവിടെ എത്തി പൂജകള്‍ നിര്‍വഹിക്കുന്നു.

ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക

WDWD
ഭഗവാന്‍ ശിവന് ശക്തി തയല്‍നായകി അമ്മയോടൊപ്പം തൈലം, സഞ്ജീവി, വില്വ വൃക്ഷത്തിന്‍റെ വേരുകളില്‍ നിന്നുള്ള മണ്ണ് എന്നിവ കൊണ്ട് ലോകത്തുള്ള 4480 രോഗങ്ങള്‍ ചികിത്സിച്ച് ഭേദമാക്കാനാകുമെന്ന്( സിദ്ധ വൈദ്യ പ്രകാരം) ഭക്തര്‍ വിശ്വസിക്കുന്നു. ഭഗവാന്‍ തന്‍റെ ഭക്തരെ ചികിത്സിച്ച് ഭേദപ്പെടുത്തുന്നതിനാല്‍ വൈദ്യനാഥ സ്വാമി എന്ന പേരില്‍ അറിയപ്പെടുന്നു.

ഈ ക്ഷേത്രത്തില്‍ ആയൂരാരോഗ്യ സൌഖ്യങ്ങള്‍ക്കായി വര്‍ഷം തോറും ദശലക്ഷക്കണക്കിന് ഭക്തരാണ് എത്തുന്നത്. പ്രത്യേക രീതിയില്‍ ഗുളികകള്‍ തയാര്‍ ചെയ്യുന്ന പരമ്പരാഗത രീതി ഇന്നും തുടരുന്നു. ശുക്ല പക്ഷത്തില്‍ പ്രത്യേകമായുളള ഒരു പുണ്യ തീര്‍ത്ഥത്തില്‍ കുളിച്ച ശേഷം തീര്‍ത്ഥത്തില്‍ നിന്ന് മണ്ണ് ശേഖരിച്ച് അത് ജടായു കുണ്ഡത്തിലെ വിഭൂതിയുമായി കൂട്ടിച്ചേര്‍ത്ത് സിദ്ധാമൃത തീര്‍ത്ഥത്തിലെ തീര്‍ത്ഥജലവുമായി കൂട്ടിയിണക്കുന്നു. ഈ മിശ്രിതം മുരുക സ്വാമിയുടെ മുന്നില്‍ പൊടിയാക്കി ചെറിയ ഗോളാകൃതിയിലാക്കി ശക്തി സന്നിധിയില്‍ കൊണ്ടു പോയി പുജ ചെയ്യുന്നു. ഇതിന് ശേഷം സിദ്ധാമൃത തീര്‍ത്ഥവുമായി ചേര്‍ത്ത് കഴിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് അഞ്ച് ജന്മം അസുഖങ്ങള്‍ ഉണ്ടാകില്ലെന്നാണ് വിശ്വാസം.

ചൊവ്വാ ദോഷവുമായി ബന്ധപ്പെട്ട് വിവാഹം നടക്കാതിരിക്കുന്നതിന് പരിഹാരം തേടിയും സ്വത്ത് സംബന്ധിയായ പ്രശ്നങ്ങള്‍ പരിഹരിക്കാനും നിരവധി ഭക്തര്‍ ഇവിടെ എത്തുന്നുണെന്ന് ക്ഷേത്രത്തിലെ മുതിര്‍ന്ന പുരോഹിതരില്‍ ഒരാള്‍ പറഞ്ഞു. മുരുകസ്വാമിയെ പുത്ര ഭാഗ്യത്തിനായും തയ്യല്‍‌നായകി അമ്മനെ ദീര്‍ഘ സുമംഗലി ആകാനും ഭക്തര്‍ ആരാധിക്കുന്നു.
WDWD


ഇവിടെ നവഗ്രഹങ്ങള്‍ ഒരേ നിരയിലാണ് കാണപ്പെടുന്നത്. എല്ലാ ഗ്രഹ ദോഷങ്ങളും പരിഹരിക്കാന്‍ ഇതിനാല്‍ സാദ്ധ്യമാണ്. ക്ഷേത്രത്തിലെ വൃക്ഷം ഓരോ യുഗത്തിലും വ്യത്യസ്തമാ‍ണ്. കൃത യുഗത്തില്‍ കദംബമായും ത്രേതായുഗത്തില്‍ വില്വ മരമായും ദ്വാപര യുഗത്തില്‍ വകുലമായും കലിയുഗത്തില്‍ വേപ്പായും ആണ് ഇത് കാണപ്പെടുന്നത്.

WDWD
കൃത യുഗത്തില്‍ കാമധേനു ക്ഷേത്രത്തിലെത്തുകയും ശിവ ലിംഗത്തില്‍ പാലഭിഷേകം നടത്തുകയും ചെയ്തുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. അധികമുള്ള പാല്‍ സിദ്ധാമൃത തീര്‍ത്ഥത്തിലൊഴുകിയെത്തിയതിനാല്‍ ഇത് പുണ്യതീര്‍ത്ഥമായി കരുതുന്നു. ഈ തിര്‍ത്ഥത്തില്‍ തവളകളോ ഉരഗങ്ങളോ ഒന്നും തന്നെയില്ല.

ഈ സ്ഥലം നാഡീ ജ്യോത്സ്യത്തിനും പ്രസിദ്ധമാണ്. നാഡീ ജ്യോത്സ്യകേന്ദ്രങ്ങള്‍ നിരവധി ഉണ്ടിവിടെ.

എത്താനുള്ള മാര്‍ഗ്ഗം

റോഡ്: പ്രശസ്തമായ ചിദം‌ബരം ക്ഷേത്രത്തില്‍ നിന്ന് 26 കിലോമീറ്റര്‍ ആണ് ഇവിടേക്കുള്ളത്. ചെന്നൈയില്‍ നിന്ന് ചിദംബരത്തേക്ക് 235 കിലോമിറ്റര്‍ ദൂരമുണ്ട്. ചിദംബരത്തില്‍ നിന്ന് 35- 40 മിനിട്ട് കൊണ്ട് ബസില്‍ വൈത്തീശന്‍ കോവിലിലെത്താം.

റെയില്‍: ചെന്നൈ-തഞ്ചാവൂര്‍ റൂട്ടില്‍ വൈത്തീശന്‍ കോവില്‍ റെയില്‍‌വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നു.
WDWD


വ്യോമ മാര്‍ഗ്ഗം: അടുത്ത വിമാനത്താവളം ചെന്നൈ ആണ്. ചെന്നൈയില്‍ നിന്ന് റോഡ് മാര്‍ഗ്ഗമോ തീവണ്ടി മാര്‍ഗ്ഗമോ ഇവിടെ എത്താം. ട്രിച്ചി വിമാനത്താവളത്തില്‍ നിന്നും റോഡ് മാര്‍ഗ്ഗം ഇവിടെ എത്താമെങ്കിലും യാത്ര വിരസമാണ്.