രണ്‍ചോഡ്ജി ഭഗവാന്‍

WD
രണ്‍ചോഡ്ജി ഭഗവാനെ കുറിച്ച് നമ്മില്‍ പലരും ആദ്യമായി കേള്‍ക്കുകയായിരിക്കും. ഏത് ഭഗവാനാണ് രണ്‍ചോഡ്ജി എന്ന പേരില്‍ അറിയപ്പെടുന്നതെന്ന് അറിയുമോ?

എങ്കില്‍ അറിഞ്ഞോളൂ. സാക്ഷാല്‍ ശ്രീകൃഷ്ണ ഭഗവാനാണ് രണ്‍ചോഡ്ജി എന്ന് അറിയപ്പെടുന്നത്. ഇനി എങ്ങനെ ആണ് ശ്രീകൃഷ്ണ ഭഗവാന് ഈ പേര് ലഭിച്ചതെന്ന് അറിയണ്ടേ? മഥുരയില്‍ വച്ച് ജരാസന്ധനെതിരെ യുദ്ധം ചെയ്യുന്നതിനിടെ ഭഗവാന്‍ ഓടിപ്പോയെന്നും അങ്ങനെ ഈ പേര് ലഭിച്ചെന്നുമാണ് കഥ.

രണ്‍ചോഡ്ജിക്കായി ഒരു ക്ഷേത്രം പണിതിട്ടുണ്ട്. 1722ല്‍ പണിത ഈ ക്ഷേത്രം ഗുജറാത്തിലെ ഖേദ ജില്ലയിലെ ദാകറിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം പണിത ശേഷം ഹൈന്ദവരുടെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി ദാകര്‍ മാറി. ഈ ക്ഷേത്രം പണിയും മുന്‍പ് ദങ്കപൂര്‍ എന്നാണ് ദാകര്‍ അറിയപ്പെട്ടിരുന്നത്. ഇവിടെയുള്ള ശിവഭഗവാന്‍റെ ദങ്കനാഥ് ക്ഷേത്രത്തിന്‍റെ പേരിലാണ് അന്ന് ദങ്കപൂര്‍ എന്ന പേര് നിലനിന്നത്.

WD
രണ്‍ചോഡ്ജിയും ദ്വാരകയിലെ ദ്വാരകാദിഷ് ഭഗവാനും ഒരേ ദൈവാംശം തന്നെയാണ്. രണ്ട് വിഗ്രഹങ്ങളും കറുപ്പ് ശില കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഭക്തര്‍ക്ക് വിഗ്രഹത്തിന്‍റെ പാദത്തില്‍ സ്പര്‍ശിക്കാന്‍ അനുവാദമുണ്ട്.

ക്ഷേത്രത്തിലെ ദര്‍ശന സമയം രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെ ആണ്.ഉച്ചയ്ക്ക് ശേഷം നാല് മണിക്ക് വീണ്ടും തുറക്കുന്ന ക്ഷേത്രത്തില്‍ സന്ധ്യക്ക് ഏഴ് മണി വരെ ദര്‍ശനം അനുവദിച്ചിട്ടുണ്ട്.

WD
ദിവസവും രാവിലെ 6.45 മംഗള ആരതി ഉണ്ടാകും. രണ്‍ചോഡ്ജിയെ ആടയാഭരണങ്ങള്‍ അണിയിച്ച് ഒരുക്കുന്നത് ഭക്തരുടെ മുന്നില്‍ വച്ച് തന്നെയാണ്.രാവിലെ, മംഗല്‍ഭോഗ്, ബാല്‍ഭോഗ്, ശ്രീനഗര്‍ഭോഗ്, ഗ്വാല്‍ഭോഗ് രാജ്ഭോഗ് എന്നിവയാലാണ് ആരതി നടത്തുന്നത്. ഉച്ചയ്ക്ക് ശേഷം ഉസ്തന്‍ഭോഗ്, ശ്യാംഭോഗ്, സഖിഭോഗ് എന്നിവ കൊണ്ടാണ് ആരതി നടത്തുന്നത്.

ഓരോവര്‍ഷവും 35 ഉത്സവങ്ങളാണ് ക്ഷേത്രത്തില്‍ കൊണ്ടാടുന്നത്. ഇതില്‍ മുഖ്യമായവ കാര്‍ത്തിക, ഫാല്‍ഗുനം, ചൈത്രം, ആശ്വിനം എന്നീ മാസങ്ങളിലെ പൌര്‍ണ്ണമി ദിനങ്ങളിലെ ഉത്സവങ്ങളാണ്. ഈ ഉത്സവ ദിനങ്ങളില്‍ ഒരു ലക്ഷത്തിലധികം ഭക്ത ജനങ്ങള്‍ രണ്‍ചോഡ്ജിയെ വണങ്ങാന്‍ എത്തുന്നു.

പുതുവത്സര ദിനത്തില്‍ അതായത്, കാര്‍ത്തിക മാസത്തിലെ പൌര്‍ണ്ണമി ദിനത്തില്‍ ‘അന്നകൂട് ’ അഘോഷിക്കുന്നു. ഈ ദിനത്തില്‍ ഭഗവാന്‍ രണ്‍ചോഡ്ജിക്ക് മധുരപലഹാരങ്ങളും മറ്റ് വിശിഷ്ടഭോജ്യങ്ങളും സമര്‍പ്പിക്കുന്നു. ഇതിന് പുറമെ മറ്റ് വൈഷ്ണവ ആഘോഷങ്ങളായ ഹോളി, അമലക, ഏകാദശി, ജന്മാഷ്ടമി, നന്ദ് മഹോത്സവ്, രഥയാത്ര, ദസറ എന്നിവയും ഇവിടെ ആഘോഷിക്കുന്നു. ഈ ആഘോഷവേളകളില്‍ രണ്‍‌ചോഡ്ജിയുടെ വിഗ്രഹം ആനപ്പുറത്ത് എഴുന്നള്ളിക്കുകയും ഭക്തജനങ്ങള്‍ ഭഗവത് സ്തോസ്ത്രങ്ങള്‍ പാടുകയും ചെയ്യുന്നു.

WD
രണ്‍ചോഡ്ജി ക്ഷേത്രം സന്ദര്‍ശിക്കുന്നതും രണ്‍ചോഡ്ജിയെ ദര്‍ശിക്കുന്നതും ഹൈന്ദവരുടെ പ്രധാന പുണ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് തുല്യമാണെന്നാണ് കരുതപ്പെടുന്നത്.

ദാകറില്‍ എത്താന്‍

വിമാനം വഴിയാണെങ്കില്‍ അഹമ്മദാണ് ഏറ്റവും അടുത്ത വിമാനത്താവളം(95കി മി),.ട്രെയിന്‍ വഴിയാണെങ്കില്‍ ദാകര്‍ ആനന്ദ്ഗോധ്ര ബ്രോഡ്ഗേജ് റെയില്‍‌വേ ലൈനിന് സമീപത്താണ്. റോഡ് മാര്‍ഗ്ഗം എത്താന്‍ സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് ബസുകളും ലക്‍ഷ്വറി ബസുകളും അഹമ്മദാബാദില്‍ നിന്നും വഡോദരയില്‍ നിന്നും ഉണ്ടാകും.

ഫോട്ടോഗാലറി കാണുക