മുട്ടം സെന്‍റ് മേരീസ് പള്ളിയിലെ ദിവ്യ മാതാവ്

WDWD
ഈ ക്രിസ്മസിന് ചേര്‍ത്തലയിലെ മുട്ടത്തുള്ള അമലോല്‍ഭവ മാതാവിന്‍റെ തിരുനടയിലേക്കാണ് ഞങ്ങള്‍ നിങ്ങളെ കൂട്ടിക്കൊണ്ടു പോവുന്നത്. തിരുപ്പിറവി ദിനമായ ക്രിസ്മസിന് ലോകനാഥനോടൊപ്പം അവിടത്തെ മാതാവിനെയും ലോകം അനുസ്മരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ചേര്‍ത്തലയിലെ ഈ പള്ളി എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴില്‍ വരുന്ന പ്രധാനപ്പെട്ട മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ്. ഈ പള്ളിയില്‍ നാനാജാതി മതസ്ഥര്‍ അനുഗ്രഹങ്ങള്‍ തേടി പ്രാര്‍ത്ഥന നടത്താന്‍ ദിവസേന എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നു.

1896 ല്‍ എറണാകുളം വികാരി ജനറലായിരുന്ന മോണ്‍സിഞ്ഞോര്‍ ജോസഫ് വാരമംഗലം ഫ്രാന്‍സില്‍ നിന്നും കൊണ്ടുവന്ന അമ്മയുടെ തിരുസ്വരൂപമാണ് ഇപ്പോള്‍ ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്. കാരുണ്യവും ചൈതന്യവും അനുഗ്രഹവും ചൊരിയുന്ന ആ മുഖം ഒരിക്കല്‍ കണ്ടവര്‍ക്ക് മറക്കാനാവില്ല. നിത്യ സാന്നിദ്ധ്യമായി അത് മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.

മുട്ടത്തമ്മ എന്നാല്‍ ഇവിടത്തുകാര്‍ക്ക് വിളിച്ചാല്‍ വിളികേള്‍ക്കുന്ന കാണപ്പെട്ട അനുഗ്രഹമാണ്. അവിടത്തെ ദിവ്യാല്‍ഭുതങ്ങള്‍ അനേകായിരങ്ങള്‍ക്ക് താങ്ങും തണലുമായിട്ടുണ്ട്.

മുട്ടത്തുകാര്‍ എന്ത് തുടങ്ങണമെങ്കിലും അമ്മയുടെ അനുവാദവും മാധ്യസ്ഥവും കാംക്ഷിക്കുന്നു. വീട് പണിയായാലും വിവാഹമായാലും കച്ചവടം തുടങ്ങാനായാലും അമ്മയുടെ തിരുനടയിലെത്തി വണങ്ങി മെഴുകുതിരി കത്തിച്ച് അനുഗ്രഹം വാങ്ങി മാത്രമേ അവര്‍ അത് തുടങ്ങാറുള്ളു.
WD


അമ്മയെ അവര്‍ സന്തതസഹചാരിയായി കാണുന്നു. അമ്മയ്ക്കൊപ്പം സുഖ ദു:ഖങ്ങള്‍ അവര്‍ പങ്കുവയ്ക്കുന്നു. നല്ല ജോലി കിട്ടാന്‍, നല്ല വിവാഹ ബന്ധമുണ്ടാവാന്‍, ജീവിത സൌഖ്യമുണ്ടാവാന്‍ അമലോല്‍ഭവ മാതാവിനെ അവര്‍ മാധ്യസ്ഥയായി വിശ്വസിക്കുന്നു.

രണ്ട് തിരു നാളുകള്‍


WDWD
ഇവിടെ രണ്ട് തിരുനാളുകളാണ് പ്രധാനമായും ആഘോഷിക്കുന്നത്. ഒന്ന് പരിശുദ്ധ അമലോല്‍ഭവ മാതാവിന്‍റെ തിരുനാള്‍. ഇത് കന്യാമറിയത്തിന്‍റെ തിരുനാളായ ഡിസംബര്‍ എട്ടാം തീയതിയോ അല്ലെങ്കില്‍ അതു കഴിഞ്ഞു വരുന്ന ഞായറാഴ്ചയോ ആഘോഷിക്കുന്നു.

രണ്ടാമത്തേത് അമലോല്‍ഭവ മാതാവിന്‍റെ വിവാഹ തിരുനാളാണ്. ഇത് എല്ലാം കൊല്ലവും ജനുവരി 21 നാണ് ആഘോഷിക്കുക. കേരളത്തിലെ മറ്റൊരു പള്ളിയിലും കാണാത്ത സവിശേഷ തിരുനാളാഘോഷമാണ് മുട്ടത്തമ്മയുടെ വിവാഹ ദര്‍ശന തിരുനാള്‍ ആഘോഷം. ഇതോടൊപ്പമുള്ള ഭക്ത്യാദരപൂര്‍വമുള്ള ഘോഷയാത്രയില്‍ കന്യാമറിയത്തിന്‍റെയും യേശുക്രിസ്തുവിന്‍റെയും തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിക്കാറുണ്ട്.

തൊട്ടടുത്ത മാസങ്ങളില്‍ വരുന്ന രണ്ട് തിരുനാളുകളിലും പങ്കെടുക്കാന്‍ നാടിന്‍റെ നാനാഭാഗത്ത് നിന്നും ജാതിമത ഭേദമന്യേ ആബാലവൃദ്ധം ജനങ്ങള്‍ വന്നെത്താറുണ്ട്.

ആ അല്‍ഭുത പ്രവര്‍ത്തകയായ അമ്മയില്‍ നിന്നും അനുഗ്രഹങ്ങള്‍ തേടിയെത്തുന്ന ആയിരങ്ങളെ നമുക്കന്ന് കാണാം. എല്ലാ ദിവസവും പള്ളിയില്‍ ഭജനമിരിക്കുന്ന ആളുകളെയും നമുക്ക് കാണാനാവും.
WDWD


ദൈവമാതാവിനോടുള്ള ഭക്തി പല രീതികളില്‍ ഇവിടെ പ്രകടമായി കണ്ടിരുന്നു. ആദ്യ കാലങ്ങളില്‍ വ്യാകുല മാതാവിനോടുള്ള ഭക്തിക്കായിരുന്നു പ്രാധാന്യം. അന്നും വിദൂര ദേശത്തുള്ളവര്‍ അനുഗ്രഹം തേടി മുട്ടത്ത് എത്തിയിരുന്നു.

ഫ്രാന്‍സില്‍ ഉണ്ടാക്കിയ അമലോല്‍ഭവ മാതാവിന്‍റെ തിരുസ്വരൂപം ആദ്യം പള്ളിയകത്താണ് പ്രതിഷ്ഠിച്ചിരുന്നത്. പിന്നീട് പള്ളിയുടെ കിഴക്കു വശം റോഡരുകില്‍ പള്ളിയോട് ചേര്‍ന്ന് കപ്പേള പണികഴിപ്പിക്കുകയും തിരുസ്വരൂപം അവിടേക്ക് മാറ്റി പ്രതിഷ്ഠിക്കുകയും ചെയ്തു.

ചരിത്ര


WDWD
മുട്ടം സെന്‍റ് മേരീസ് ഫെറോന പള്ളിക്ക് 1000 കൊല്ലത്തോളം പഴക്കമുണ്ട്. അക്കാലത്ത് ചേര്‍ത്തല, പള്ളിപ്പുറം, കോക്കമംഗലം തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെട്ട പ്രദേശം കോക്കമംഗലം ഗ്രാമം എന്നാണ് അറിയപ്പെട്ടിരുന്നത്.

വിശുദ്ധ തോമാശ്ലീഹ സുവിശേഷ ദൌത്യവുമായി കൊടുങ്ങല്ലൂരില്‍ നിന്ന് കോക്കമംഗലത്തും എത്തുകയുണ്ടായി. ചേര്‍ത്തലയിലെ മുട്ടത്തങ്ങാടി അക്കാലത്ത് അറിയപ്പെടുന്ന വ്യാപാര കേന്ദ്രമായിരുന്നു. ജൂത വ്യാപാരികളും അവിടെ താമസിച്ചിരുന്നു. അന്ന് അവിടെ യഹൂദ ദേവാലയം നിന്നിരുന്ന സ്ഥലമാണ് പള്ളിക്കര എന്ന പേരില്‍ അറിയപ്പെട്ടത്.

തോമാശ്ലീഹ കോക്കമംഗലത്ത് ഒന്നര വര്‍ഷത്തോളം താമസിക്കുകയും കൃസ്ത്യാനികള്‍ക്കായി ഒരു ഇടവക പള്ളി പണിയിക്കുകയും ചെയ്തു. അതാണ് പള്ളിപ്പുറം പള്ളി. കാലക്രമേണ കോക്കമംഗലം കൃസ്ത്യാനികളുടെ അധീനതയിലായിത്തീര്‍ന്നു.

ഞായറാഴ്ച ഒത്തൊരുമിച്ച് വള്ളം കയറി പള്ളിപ്പുറം പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുന്നത് അവര്‍ക്കെല്ലാം
WDWD
ബുദ്ധിമുട്ടായി തോന്നിത്തുടങ്ങിയ കാലത്ത് ഒരിക്കല്‍ കോക്കമംഗലത്തുകാര്‍ എത്തുന്നതിനു മുമ്പ് പള്ളിയിലെ ദിവ്യബലി സമാപിച്ചു കഴിഞ്ഞിരുന്നു.

മുട്ടത്തും ഒരു പള്ളി വേണം എന്ന ചിന്താഗതി അങ്ങനെയാണ് ഉണ്ടായത്. ഒരാഴ്ച കൊണ്ട് മുട്ടത്ത് അങ്ങാടിയുടെ വടക്കേയറ്റത്ത് ഒരു ചെറിയ കപ്പേള പണികഴിപ്പിച്ചു. പിറ്റേ ഞായറാഴ്ച അദ്യ വിദ്യബലി അവിടെ അര്‍പ്പിക്കുകയും ചെയ്തു. ഇത് ക്രിസ്തു വര്‍ഷം 1023 ലായിരുന്നു. പരിശുദ്ധ കന്യാമറിയത്തിന്‍റെ പേരിലായിരുന്നു പള്ളിയുടെ സ്ഥാപനം.

പോര്‍ച്ചുഗീസ് വാസ്തു വിദ്യ.


WDWD
പതിനാറാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ത്ഥത്തിലാണ് ഇന്ന് കാണുന്ന പള്ളി പണിഞ്ഞത്. പോര്‍ച്ചുഗീസ് വാസ്തുശില്‍പ്പകലയുടെ ഉത്തമ നിദര്‍ശനമാണ് പള്ളിയുടെ കവാടവും മദ്‌ബഹയും. അള്‍ത്താരയിലെ വര്‍ണ്ണാഭമായ ശില്‍പ്പവേലകള്‍ പോര്‍ച്ചുഗീസ് ശില്‍പ്പകലയുടെ ശൈലിയിലുള്ളതാണ്.

1934 - 41 കാലത്ത് ഒരിക്കല്‍ കൂടി ചെറിയ തോതില്‍ പള്ളി പുതുക്കിപ്പണിഞ്ഞു. അന്ന് ചെങ്കല്‍ ഭിത്തികള്‍ വെട്ടി കുറച്ചുകൂടി വലിയ വാതിലുകളും ജനാലകളും സ്ഥാപിക്കുകയാണ് പ്രധാനമായി ചെയ്തത്.

1542 ല്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ഗോവയിലും കേരളത്തിലും സന്ദര്‍ശനം നടത്തിയ കൂട്ടത്തില്‍ മുട്ടത്തും എത്തിയിരുന്നു. അന്ന് അദ്ദേഹം മരിച്ച ഒരു കുഞ്ഞിനെ പുനരുജ്ജീവിപ്പിച്ചു. കുട്ടിയെ ഉയിര്‍പ്പിച്ച സ്ഥലത്ത് അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശാനുസരണം ഒരു കുരിശ് സ്ഥാപിക്കുകയുണ്ടായി.

അതാണ് മുട്ടത്ത് പള്ളിയില്‍ ഇന്നു കാണുന്ന തെക്കേ കുരിശ്. പരിശുദ്ധ ദൈവമാതാവിന്‍റെ വണക്ക പുസ്തകത്തിലും മുട്ടത്ത് പള്ളിയില്‍ നടന്ന ദിവ്യാല്‍ഭുതങ്ങളെ കുറിച്ച് പരാമര്‍ശമുണ്ട്.

മനുഷ്യവര്‍ഗ്ഗത്തിന്‍റെ മുഴുവന്‍ രക്ഷയുടെ പ്രതീകമായി പരിശുദ്ധ മറിയം പരിലസിക്കുന്നു. മറിയത്തിന്‍റെ മാതൃസഹജമായ പരിലാളനവും പരിപാലനവും അനുഗ്രഹങ്ങളും മുട്ടത്ത് എത്തി മുട്ടുകുത്തുന്ന ഭക്തര്‍ക്ക് ലഭിക്കുന്നു.

നിഷ്കളങ്കമായ ഒരു ജീവിതത്തിനു വേണ്ടി ജീവിത പാതയിലെ പ്രതിസന്ധികള്‍ മറികടക്കാനുള്ള കൃപാ കടാക്ഷങ്ങള്‍ക്കായി ജീവിതത്തിലെന്നും ഈ ദിവ്യമാതാവിന്‍റെ മാധ്യസ്ഥവും നന്മ നിറഞ്ഞ സാന്നിധ്യവും ഉണ്ടാകാനായി ആയിരക്കണക്കിന് സത്യവിശ്വസികളോടൊപ്പം നമുക്കും പ്രാര്‍ത്ഥിക്കാം.

മുട്ടം പള്ളിയിലേക്കുള്ള വഴി
WDWD


എറണാകുളം ആലപ്പുഴ ദേശീയ പാതയില്‍ എറണാകുളത്തു നിന്ന് ഏതാണ്ട് 30 കിലോമീറ്റര്‍ അകലെ കിഴക്കു മാറിയാണ് ചേര്‍ത്തല ടൌണ്‍. ആലപ്പുഴ നിന്നും ഏതാണ്ട് ഇതേ ദൂരമാണ്. ചേര്‍ത്തല ടൌണില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാറിയാണ് മുട്ടം പള്ളി. ചേര്‍ത്തലയിലെ ബൈപ്പാസ് റോഡില്‍ ദീപിക ജംഗ്ഷനില്‍ നിന്ന് കിഴക്കോട്ടുള്ള റോഡില്‍ ഒരു കിലോമീറ്റര്‍ പോയാല്‍ പള്ളിയുടെ സമീപത്തെത്താം.

അമലോല്‍ഭവ മാതാവ്, കൂടുതല്‍ വായനയ്ക്ക് ക്ലിക് ചെയ്യുക

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക