ഉജ്ജൈനിലെ നാഗ്‌ചന്ദ്രേശ്വര്‍ ക്ഷേത്രം

PROWD

മഹാകാല ദേവന്‍റെ നഗരമായ ഉജ്ജൈനി ക്ഷേത്ര നഗരം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ നഗരത്തിലെ ഒരു തെരുവില്‍ ചുരുങ്ങിയത് ഒരു ക്ഷേത്രമെങ്കിലും നിങ്ങള്‍ക്ക് കാണാം. എന്നാല്‍ നാഗ് ചന്ദ്രേശ്വര്‍ ക്ഷേത്രത്തിന് വളരെ സവിശേഷതയുണ്ട്.

ഇത് മഹാകാലേശ്വര ക്ഷേത്രത്തിന്‍റെ മുകളിലാണ് സ്ഥിതിചെയ്യുന്നത്. മാത്രമല്ല, വര്‍ഷത്തില്‍ ഒരിക്കല്‍ നാഗപഞ്ചമി നാളില്‍ മാത്രമെ ക്ഷേത്രം തുറക്കുകയുള്ളു. ഈ ദിവസം നാഗങ്ങളുടെ രാജാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന തക്ഷക ദേവനെ തൊഴാനായി ആയിരക്കണക്കിന് ഭക്തന്മാര്‍ അവിടെയെത്തുന്നു.

വളരെ ദൂരെദിക്കില്‍ നിന്നു പോലും ആളുകള്‍ ഇവിടെ എത്താറുണ്ട്. നാഗപഞ്ചമി നാളിലെ 24 മണിക്കൂറിനുള്ളില്‍ രണ്ട് ലക്ഷത്തോളം ആളുകളാണ് ക്ഷേത്രത്തില്‍ എത്തുക.

FILEWD
ക്ഷേത്രത്തിനകത്ത് ശിവന്‍, ഗണപതി, പാര്‍വതി എന്നിവരുടെ വിഗ്രഹങ്ങളുണ്ട്. നാഗത്തിന്‍റെ പുറത്താണ് ഈ ശിവന്‍റെ ഇരിപ്പിടം‍. ശിവന്‍ പാമ്പിന്‍റെ മുകളില്‍ ഇരിക്കുന്ന മട്ടില്‍ ഒരു ക്ഷേത്രം ലോകത്ത് മറ്റെവിടെയും ഇല്ല. സാധാരണ ഗതിയില്‍ അനന്ത ശായിയായ വിഷ്ണുവിനെ ക്ഷേത്രങ്ങളില്‍ കാണാറുണ്ട്.

ഈ വിഗ്രഹത്തില്‍ ശിവന്‍ കഴുത്തിലും കൈകളിലും നാഗാഭരണങ്ങള്‍ അണിഞ്ഞിട്ടുണ്ട്. തക്ഷകന്‍ ശിവനെ പ്രാര്‍ത്ഥിച്ച് കൊടും തപസ് ചെയ്തു. ശിവന്‍ പ്രത്യക്ഷനായി തക്ഷകന് വരം നല്‍കി. അതുകൊണ്ട് തക്ഷകന്‍ അമരനായിരിക്കും. അന്നു മുതല്‍ ശിവനോടൊപ്പമാണ് തക്ഷകന്‍റെ വാസം.

ഫോട്ടോ ഗാലറി

FILEWD

ഇത് വളരെ പുരാതനമായൊരു ക്ഷേത്രമാണ്. പാര്‍മര്‍ രാജവംശത്തിലെ ഭോജരാജാവ് ക്രിസ്തുവിനു ശേഷം 1050 ല്‍ ക്ഷേത്രം പുതുക്കിപ്പണിതു എന്നാണ് കരുതുന്നത്. മഹാകാല ക്ഷേത്രം പുനരുദ്ധരിച്ചതിനൊപ്പം 1732 ല്‍ റാനാജി സിന്ധ്യ ഈ ക്ഷേത്രവും മിനുക്കിയെടുത്തു. ഈ ക്ഷേത്രത്തില്‍ ചെന്ന് തൊഴുതു പ്രാര്‍ത്ഥിച്ചാല്‍ എല്ലാ സര്‍പ്പ ദോഷങ്ങളില്‍ നിന്നും മുക്തി നേടുമെന്നാണ് വിശ്വാസം. നാഗപഞ്ചമി നാളില്‍ ഭക്തജനങ്ങള്‍ കൂട്ടത്തോടെ ഇവിടെയെത്തുന്നതിന് ഒരു കാരണം ഇതാണ്. എല്ലാവര്‍ക്കും ശിവനേയും ഒന്നു തൊഴാനാവും.

എപ്പോഴാണ് പോകേണ്ടത് :

നാഗ് ചന്ദ്രേശ്വര്‍ ക്ഷേത്രത്തില്‍ തൊഴണമെങ്കില്‍ നാഗപഞ്ചമി ദിവസം തന്നെ പോകണം. കാരണം, ഈ ദിവസമേ ക്ഷേത്രത്തിന്‍റെ വാതില്‍ ഭക്തജനങ്ങള്‍ക്കു മുമ്പില്‍ തുറക്കുകയുള്ളു. നിങ്ങള്‍ക്ക് ഉജ്ജൈന്‍ ആണു സന്ദര്‍ശിക്കേണ്ടത് എങ്കില്‍ നാഗപഞ്ചമി ദിവസത്തോട് അടുത്തുള്ള സമയം തെരഞ്ഞെടുക്കുക. അതുകൊണ്ട് ഉജ്ജൈനോടൊപ്പം തക്ഷക ക്ഷേത്രവും സന്ദര്‍ശിക്കാന്‍ ആവും.

എങ്ങനെ പോകാം:

ഇന്‍ഡോര്‍ (55 കി.മീ), ഭോപാല്‍ (200 കി.മീ), ഖണ്ഡ്വ (175 കി.മീ) എന്നീ പ്രദേശങ്ങളില്‍ നിന്ന് റോഡ് വഴി ഉജ്ജൈനിലെത്താം. ഈ നഗരങ്ങളില്‍ നിന്ന് ഉജ്ജൈനിലേക്ക് ബസുകളും ടാക്സികളും ലഭ്യമാണ്.

FILEWD
ഉജ്ജൈനിലേക്ക് റയില്‍ മാര്‍ഗ്ഗവും എത്താവുന്നതാണ്. മുംബൈ, ഡല്‍‌ഹി, ഭോപാല്‍, ഖണ്ഡ്വ, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ നിന്ന് തീവണ്ടി മാര്‍ഗ്ഗം വരാവുന്നതാണ്.

ഏറ്റവും അടുത്ത വിമാനത്താവളം

ഇന്‍ഡോറിലെ ദേവി അഹല്യാ വിമാനത്താവളമാണ് (65 കി.മീ).

എവിടെ താമസിക്കണം:

നിങ്ങളുടെ ആവശ്യത്തിനും സ്ഥിതിക്കും അനുസരിച്ച് ആവശ്യത്തിന് ഹോട്ടലുകളും ധര്‍മ്മശാലകളും ഉജ്ജൈനിലുണ്ട്. മിതമായ നിരക്കില്‍ മഹാകാള്‍ കമ്മിറ്റിയുടേയും ഹര്‍ സിദ്ധി കമ്മിറ്റിയുടെയും ധര്‍മ്മശാലകളും ലഭ്യമാണ്.