മുസ്ലീങ്ങളുടെ ആചാരാനുഷ്ഠാനങ്ങളും, പുണ്യദിനങ്ങളും കാണിക്കുന്ന ഹിജ്റ കലണ്ടര്‍ എന്ന ഇസ്ലാമിക കലണ്ടര്‍ നിലവില്‍ വന്നത് ബി സി 622 ജൂലൈ 16 നാണ്. 12 ചാന്ദ്ര മാസങ്ങളിലായി 354 ദിവസങ്ങളുള്ള ഈ കലണ്ടറില്‍ ഇംഗ്ളീഷ് കലണ്ടറിനേക്കാള്‍ ഒരു വര്‍ഷത്തിന് 11 ദിവസം കുറവാണ്. 12 സൂര്യ മാസങ്ങളുള്ള ജോര്‍ജ്ജിയന്‍ കലണ്ടറാണ് ലോകത്തെങ്ങും ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നത്.
ഇസ്ലാമിക കലണ്ടറില്‍ 11 ദിവസം കുറവായത് ചന്ദ്രന്റെ ഉദയാസ്തമയങ്ങളും വൃദ്ധിക്ഷയങ്ങളും അടിസ്ഥാനമാക്കി ഉണ്ടാക്കിയതുകൊണ്ടാണ്. സാധാരണ ഗതിയില്‍ ഒരുമാസത്തില്‍ 29 ദിവസമാണ് ഉള്ളത്. ചന്ദ്രോദയം(മാസപ്പിറ)വൈകിയാല്‍ ചിലപ്പോല്‍ 30 ദിവസം ഉണ്ടാകാം.
മറ്റൊരു സവിശേഷത, ദിവസം തുടങ്ങുന്നത് സൂര്യോദയത്തോടെ അല്ല, ചന്ദ്രോദയത്തോടെയാണ് എന്നതാണ്. ഒരു മാസം കഴിഞ്ഞ് അടുത്ത മാസം ആവണമെങ്കില്‍ ആകാശത്ത് ചന്ദ്രനെ കാണണം, കണ്ടാല്‍ മാത്രം പോരാ കണ്ടതായി ഒന്നു രണ്ടാളുകള്‍ സാക്ഷ്യപ്പെടുത്തുകയും വേണം.
റംസാന് പോലെയുള്ള പുണ്യദിനങ്ങള്‍ ഇംഗ്ളീഷ് കലണ്ടര്‍ പ്രകാരമുള്ള അതേ തീയതിയില്‍ വരണമെങ്കില്‍ 32 കൊല്ലം കഴിയണം. മാത്രമല്ല, ഈ പുണ്യദിനങ്ങള്‍ ഓരോ കൊല്ലവും 11 ദിവസം പിന്നിലായാണ് വരുക. അതുകൊണ്ട് റംസാന് ഡിസംബറിലും, ഒക്ടോബറിലും ഒക്കെ മാറിമാറി വരുന്നു.
ഹിജ്റ കലണ്ടറിന്റെ തുടക്ക ചരിത്രം
മുഹമ്മദ് നബി ജനിച്ച വര്‍ഷത്തില്‍ അബ്റഹത്തിന്റെ ആനപ്പട വിശുദ്ധ കഹ്ബയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തെപ്പറ്റി വിശുദ്ധ ഖുര്‍ആനിലെ ‘അലംതറകൈഫ’ എന്ന അധ്യായത്തില്‍ വിശദമായി വിവരിച്ചിട്ടുണ്ട്. അബാബീല്‍ എന്ന ഒരു തരം പക്ഷികളെ അയച്ചുകൊണ്ട് ആനപ്പടയെ ദൈവം നശിപ്പിച്ചു. മക്കയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാന സംഭവമായിരുന്നു ഇത്. അതിനാല്‍ പിന്നീടുള്ള വര്‍ഷങ്ങളെ ആനക്കലഹത്തിന്റെ രണ്ടാം വര്‍ഷം, മൂന്നാം വര്‍ഷം എന്നിങ്ങനെ അറബികള്‍ എണ്ണിത്തുടങ്ങി എന്നാണ് ചരിത്രം. പ്രധാന സംഭവത്തെ ആസ്പദമാക്കിക്കൊണ്ട് വര്‍ഷത്തെ എണ്ണുന്ന ഈ സമ്പ്രദായം അറബികളില്‍ മാത്രല്ല, ലോകത്തെല്ലായിടത്തും അക്കാലത്തുണ്ടായിരുന്നു.
ഹിജ്റ കലണ്ടറിലെ നാല് പവിത്ര മാസങ്ങള്‍
"നിശ്ചയം, ആകാശഭൂമികളുടെ സൃഷ്ടിദിനത്തില്‍ അല്ലാഹുവിന്റെ കിതാബിലെ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം യുദ്ധം നിരോധിക്കപ്പെട്ടവയാണ്"(വിശുദ്ധ ഖുര്‍ആന്‍). ദുല്‍ഖഹ്ദ്, ദുല്‍ഹിജ്ജ, മുഹറം, റജബ് എന്നിവയാണ് മേല്പറയപ്പെട്ട നാലു മാസങ്ങള്‍. മുഹമ്മദ് നബിയുടെ പ്രബോധനത്തിന്റെ ആദ്യഘട്ടങ്ങളില്‍ മേല്പറഞ്ഞ നാലു മാസങ്ങളിലെ പോരാട്ടങ്ങളെല്ലാം നിരോധിക്കപ്പെട്ടിരുന്നു. പിന്നീട് ഈ നിയമം പിന്‍വലിക്കപ്പെട്ടുവെന്നും യുദ്ധനിരോധനം ഇപ്പോള്‍ നിലവിലില്ലെന്നുമാണ് പറയപ്പെടുന്നത്.