ശബരിമല ക്ഷേത്രത്തില്‍ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തീര്‍ഥാടകരുടെ എണ്ണം ഓരോ വര്‍ഷവും വന്‍ തോതില്‍ വര്‍ധിക്കുകയാണ്. എന്നാല്‍ ഇത് കണക്കിലെടുത്തുള്ള സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന നടപടിയാണ് ഇതെന്നും ഇന്റലിജന്‍സ് വിലയിരുത്തുന്നു.
സന്നിധാനത്താണ് ഏറെ സുരക്ഷാഭീഷണി നിലനില്‍ക്കുന്നത്. പതിനെട്ടാംപടി, സോപാനം എന്നിവിടങ്ങളിലെല്ലാം തീര്‍ത്ഥാടകരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. എന്നാല്‍ നേരായ വഴിയിലൂടെ അല്ലാതെ, കാനനപാതകളിലൂടെ ഇവിടെ നൂറുകണക്കിന് ആളുകള്‍ എത്തുന്നുണ്ട്. സന്നിധാനം, സോപാനം, മരക്കൂട്ടം, ഭസ്മക്കുളം എന്നിവിടങ്ങളിലെല്ലാം അപകടം പതിയിരിക്കുന്നുണ്ട്.
പുല്ലുമേട് ദുരന്തങ്ങള്‍ പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും വ്യക്തമായ മുന്‍കരുതലുകള്‍ സ്വീകരികേണ്ടതുണ്ട്. മാത്രമല്ല, വിവിധ ഭീകരസംഘടനകള്‍ ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന മേഖലയുടെ രൂപരേഖ കൈവശം വച്ചിട്ടുണ്ടെന്നും മുന്നറിയിപ്പുണ്ട്.